ഉത്സവാഘോഷങ്ങളുടെ തിരക്കിലേക്ക് ആലപ്പുഴ നഗരം...
![ചിറപ്പ്
ഉത്സവ,
ആഘോഷത്തിന്റെ
ഭാഗമായി ആലപ്പുഴ
മുല്ലയ്ക്കൽ തെരുവിലെ തിരക്ക്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2024/12/17/-experience-festival-season-alappuzha.jpg?w=1120&h=583)
Mail This Article
ആലപ്പുഴ∙ നഗരം ഉത്സവാഘോഷങ്ങളുടെ വർണപ്രഭയിലും ആൾത്തിരക്കിലും മുങ്ങി. ഉത്സവങ്ങളും ക്രിസ്മസും ആഘോഷിക്കാനും പുതുവർഷത്തെ വരവേൽക്കുന്നതിനും ദൂരെ നാടുകളിൽ നിന്നുള്ളവർ ഉൾപ്പെടെ നഗരത്തിലെ മുല്ലയ്ക്കൽ തെരുവിലെ തിരക്കിലേക്ക് ഈ ദിവസങ്ങളിൽ ഒഴുകിയെത്തും. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ പ്രശസ്തമായ ചിറപ്പ് ഉത്സവം ഇന്നലെ തുടങ്ങി. കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് 19ന് കൊടിയേറും. മുല്ലയ്ക്കൽ ക്ഷേത്രത്തിലെ 1200–ാമാണ്ട് ചിറപ്പ് ഉത്സവം ആണ് തുടങ്ങിയതെന്നു ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ്കുമാർ, സെക്രട്ടറി കെ. പത്മകുമാർ, സബ് ഗ്രൂപ്പ് ഓഫിസർ ജി.ആർ. രശ്മി എന്നിവർ അറിയിച്ചു.
ദിവസവും നിർമാല്യം, അഭിഷേകം, ലളിത സഹസ്രനാമജപം, കാഴ്ചശ്രീബലി, കളഭം, നാദസ്വരക്കച്ചേരി, പഞ്ചവാദ്യം, പ്രസാദമൂട്ട്, ദീപാരാധന, തീയാട്ട് തുടങ്ങിയ ചടങ്ങുകളുണ്ടാകും. ഇന്നലെ ചിറപ്പ് കൂട്ടായ്മയാണ് ഉത്സവം നടത്തിയത്. ഇന്ന് പൊതുമരാമത്ത് വകുപ്പ് വകയായിരിക്കും. നൃത്ത സന്ധ്യ, തിരുവാതിര, കുച്ചിപ്പുഡി, ഭരതനാട്യം, കൈകൊട്ടിക്കളി എന്നിവയുണ്ടാകും. മറ്റ് ദിവസങ്ങളിൽ വിവിധ കലാപരിപാടികളും നടത്തും. പത്താം ചിറപ്പ് 25നും ഭീമ സഹോദരങ്ങളുടെ ചിറപ്പ് 26നും ആഘോഷിച്ച് ചിറപ്പ് സമാപിക്കും.
കിടങ്ങാംപറമ്പ് മണ്ഡല ഉത്സവം കൊടിയേറ്റ് 19ന്
കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി പുതുമന എസ്. ദാമോദരൻ നമ്പൂതിരി നാളെ രാത്രി 7ന് കൊടിയേറ്റ് നിർവഹിക്കും. തുടർന്നു സംഗീതസംഗമം. 20ന് വൈകിട്ട് കിഴക്കേനട താലപ്പൊലി, നൃത്ത വസന്തം. 21ന് വടക്കേനട ഉത്സവം. വൈകിട്ട് 7.30ന് നാടകം. 22ന് രാവിലെ കെ.പി.ഹെഗ്ഡെ അവതരിപ്പിക്കുന്ന ഹരികഥ വാമനാവതാരം, വൈകിട്ട് 5.15ന് കളരിപ്പയറ്റ്, 6.30ന് മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നിന്ന് മുപ്പതോളം പേർ അണിനിരക്കുന്ന പുലികളി സംഘം നഗരത്തിലിറങ്ങും. തുടർന്നു താലപ്പൊലി വരവ്. 23ന് രാവിലെ ഉത്സവബലി, വൈകിട്ട് തിരുവാതിര, മ്യൂസിക് ഡാൻസ് കോമഡിഷോ. 24ന് രാവിലെ സംഗീതക്കച്ചേരി, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് തിരുവാതിര, കൈകൊട്ടികളി, ദീപക്കാഴ്ച, കോമഡി ഫെസ്റ്റിവൽ.
25ന് പള്ളിവേട്ട. രാവിലെ സ്പെഷൽ നാദസ്വരക്കച്ചേരി, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് തിരുവാതിര, ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള, രാത്രി പള്ളിവേട്ട. 26ന് ആറാട്ട്. രാവിലെ സ്പെഷൽ നാദസ്വരം, ഉച്ചയ്ക്ക് ആറാട്ട് സദ്യ, വൈകിട്ട് ആറാട്ട് പുറപ്പാട്, ഓട്ടൻതുള്ളൽ, നാദതരംഗിണി, അമൃതം ഗോപിനാഥ് അവതരിപ്പിക്കുന്ന നൃത്തോത്സവം-24, രാത്രി 11.30ന് കൊടിയിറക്ക്, വലിയകാണിക്ക സമർപ്പണം.
ചിറപ്പ്: ഹരിതചട്ടം പാലിക്കുമെന്ന് നഗരസഭ
ആലപ്പുഴ∙ മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ചിറപ്പ് ഹരിതചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദമായി നടത്താൻ തീരുമാനിച്ച് നഗരസഭ. ഇതിന്റെ ഭാഗമായി താൽക്കാലിക വ്യാപാര സ്ഥാപനങ്ങളുടെ മാലിന്യങ്ങൾ എല്ലാ ദിവസം ശേഖരിച്ച് ശുചിത്വമിഷന്റെ അംഗീകാരമുള്ള ഏജൻസിക്ക് കൈമാറും. മുല്ലയ്ക്കൽ തെരുവ് ശുചീകരണത്തിന് നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ എന്നിവരെ വിന്യസിക്കും. അതിഥിത്തൊഴിലാളികൾ ധാരാളം എത്തുന്നതിനാൽ ആരോഗ്യവിഭാഗവും എയ്ഡ്സ് കൺട്രോൾ യൂണിറ്റും പരിശോധനകൾ ശക്തമാക്കും. കല്ലുപാലം, നഗരചത്വരം, എസ്ഡിവി ശതാബ്ദി സ്മാരക ഹാളിന് സമീപം എന്നിവിടങ്ങളിൽ പൊതുശുചിമുറികൾ ഒരുക്കിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ എ.എസ്. കവിത എന്നിവർ അറിയിച്ചു.