'ശബരിമല യാത്രയ്ക്കു പോകാൻ നിശ്ചയിച്ചു, അവസാന നിമിഷം വിനോദയാത്രയ്ക്ക് തിരിച്ചു'; ഉള്ളുലഞ്ഞ് നാട്
Mail This Article
മാവേലിക്കര ∙ ജീവൻ നഷ്ടമായതു ബജറ്റ് ടൂറിസം വിനോദ യാത്രയെ സ്നേഹിച്ചവർക്ക്. ബജറ്റ് ടൂറിസം പദ്ധതിയിൽ ജില്ലയിൽ മികച്ച വരുമാനം ലഭിക്കുന്ന ഡിപ്പോയാണ് മാവേലിക്കര. ആദ്യമായാണു വിനോദയാത്രയ്ക്കായി പോയ ബസ് അപകടത്തിൽ പെടുന്നത്. ഡിപ്പോ ക്രമീകരിക്കുന്ന യാത്രയ്ക്കു സ്ഥിരം യാത്രക്കാരും ഉണ്ട്. കുറഞ്ഞ ചെലവിൽ യാത്ര എന്നതായിരുന്നു പ്രധാന ആകർഷണം. അതിനാൽ വ്യത്യസ്തമായ പാക്കേജ് മാവേലിക്കര ഡിപ്പോയിൽ ഉണ്ടാകാറുമുണ്ട്. അപകടത്തിൽ മരിച്ച 4 പേരും സ്ഥിരമായി ബജറ്റ് ടൂറിസം പദ്ധതിയിൽ യാത്ര പോകുന്നവരാണ്.
കൊട്ടാരക്കര ഡിപ്പോയിലെ ബസ്;പരിശോധന നാമമാത്രം
∙ തഞ്ചാവൂർ വിനോദയാത്ര പോകുന്നതിനായി കഴിഞ്ഞ 4നു രാത്രി വൈകിയാണു ബസ് കൊട്ടാരക്കര ഡിപ്പോയിൽ നിന്നു മാവേലിക്കരയിൽ എത്തിയത്. ഡിപ്പോയിൽ എത്തിച്ച ബസിനു സാധാരണ രീതിയിലുള്ള പരിശോധന മാത്രമാണു നടത്തിയത്. 5നു പുലർച്ചെ ബസ് തഞ്ചാവൂരിനു പോകുകയും ചെയ്തു. കമ്പം വഴി തഞ്ചാവൂരിലേക്കു സർവീസ് നടത്തുന്നതിനു പെർമിറ്റ് ഉള്ളതിനാലാണു ബജറ്റ് ടൂറിസം പദ്ധതി യാത്രയ്ക്കായി മാവേലിക്കരയിലേക്കു കൊട്ടാരക്കര ഡിപ്പോയിൽ നിന്നു ബസ് നൽകിയത്.
സമാന റൂട്ടിൽ പെർമിറ്റുള്ള മാവേലിക്കര ഡിപ്പോയിലെ വണ്ടി ചാലക്കുടി ഡിപ്പോയിലേക്കു കൊണ്ടുപോയതിനാലാണു കൊട്ടാരക്കരയിലെ ബസ് ഉപയോഗിച്ചത്. ദീർഘദൂര യാത്രയ്ക്കായി പോകുന്ന ബസുകൾ നേരത്തെ എത്തിച്ചു കൃത്യമായി വിശദ പരിശോധന നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
യാത്രയിൽ പങ്കെടുത്ത ആളുകളുടെ വിലാസം പോലും മാവേലിക്കര ഡിപ്പോയിൽ ഇല്ല. ബജറ്റ് ടൂറിസം വിനോദ യാത്രയിൽ പങ്കെടുക്കുന്നവരുടെ പേരും മൊബൈൽ നമ്പറും മാത്രമാണ് ശേഖരിക്കുന്നത്. റജിസ്റ്റർ ചെയ്യുന്ന വ്യക്തിയുടെ ഫോൺ നമ്പർ മാത്രമാണ് ചിലതിൽ ഉള്ളത്. യാത്രക്കാരുടെ വിലാസം ശേഖരിക്കില്ല എന്നാണ് അധികൃതർ പറയുന്നത്.
ബസ് യാത്ര പുറപ്പെടുന്നതിനു മുൻപ് ബ്രേക് ഉൾപ്പെടെ പരിശോധിച്ചെന്നും പരിചയസമ്പന്നരായ 2 ഡ്രൈവർമാരാണ് ഉണ്ടായിരുന്നതെന്നും ഡിപ്പോ അധികൃതർ പറയുന്നു. എന്നാൽ നിലവിലുള്ള വാഹനങ്ങൾ പരിശോധിക്കുന്നതിനു പോലും കൃത്യമായി മെക്കാനിക് ഇല്ല, സ്പെയർപാർട്സ് ഇല്ല എന്നീ ആരോപണങ്ങൾ മാവേലിക്കര ഡിപ്പോ നേരിടുന്നുണ്ട്
മസ്തിഷ്കാഘാതത്തേക്കാൾ സോമനാഥൻ പിള്ളയെ തകർത്തെറിഞ്ഞ് മകന്റെ മരണം
മാവേലിക്കര∙ മകന്റെ മൃതശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഉയർന്ന അലമുറ കേട്ടു കെ.സോമനാഥൻ പിള്ള അകത്തെ കട്ടിലിൽ കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു. മസ്തിഷ്കാഘാതത്തിൽ തളർന്ന ശരീരം ബന്ധുക്കൾ താങ്ങിയെടുത്ത് കട്ടിലിൽ ചാരിയിരുത്തി. ഹാളിൽ കിടത്തിയ മൃതദേഹത്തിലേക്ക് വാതിലിന്റെ വിടവിലൂടെ ഒരു മാത്ര നോക്കി. പിന്നെ മിഴിപൊത്തി വിതുമ്പി.
റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ തട്ടാരമ്പലം മറ്റം തെക്ക് കെ.സോമനാഥൻ പിള്ളയുടെ മകനാണു ഇന്നലെ ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച സംഗീത് സോമൻ. ആറു മാസം മുൻപുണ്ടായ മസ്തിഷ്കാഘാതത്തിൽ ശരീരം തളർന്ന സോമനാഥൻ പിള്ള പൂർണമായും കിടപ്പിലാണ്.
കഴിഞ്ഞദിവസം അയൽവാസികൾക്കൊപ്പം ശബരിമല യാത്രയ്ക്കു പോകാൻ നിശ്ചയിച്ച സംഗീത് അവസാന നിമിഷമാണ് തഞ്ചാവൂരിലേക്കുള്ള വിനോദയാത്രാ സംഘത്തിനൊപ്പം പോകാൻ തീരുമാനിച്ചത്. സംഗീത് എല്ലാ വർഷവും ശബരിമലയിലേക്കു കാൽനടയായി പോകാറുണ്ട്. ഈ വർഷം മക്കളെയും ഒപ്പം കൊണ്ടുപോകാനായി യാത്ര നീട്ടിവയ്ക്കുകയായിരുന്നു. ഇന്നലെ സംഗീതിന്റെ മൃതദേഹം നോക്കിയുള്ള മക്കളുടെ കരച്ചിൽ കണ്ടുനിന്നവരും വിതുമ്പലടക്കാൻ പാടുപെട്ടു.
പകരക്കാരനായെത്തി; മടക്കമില്ലാതെ യാത്രയായി
മാവേലിക്കര ∙ സഹോദരിക്കു പകരം യാത്ര പോയ അരുൺ കടന്നു പോയതു മരണത്തിലേക്ക്. തട്ടാരമ്പലം മറ്റം വടക്ക് കാർത്തികയിൽ അരുൺ ഹരി (37) അമ്മ രാധയ്ക്കൊപ്പം വിനോദയാത്ര പോയതു സഹോദരി ദീപയ്ക്കു പകരമായാണ്. രാധയും മകൾ ദീപയും ഒന്നിച്ചാണു ചരിത്രം ഉറങ്ങുന്ന ക്ഷേത്രനഗരികൾ കണ്ടുവരാനുള്ള വിനോദയാത്രയ്ക്കു ബുക്കിങ് നടത്തിയത്. അവസാന നിമിഷം ദീപയ്ക്കു പകരം അരുൺ അമ്മയോടൊപ്പം പോകുകയായിരുന്നു. എന്നാൽ മടക്കയാത്ര അന്ത്യയാത്ര ആകുകയായിരുന്നു. രാധ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം അടിയന്തര സഹായം
മാവേലിക്കര ∙ മരിച്ചവരുടെ കുടുംബത്തിനു അടിയന്തരമായി 5 ലക്ഷം രൂപ വീതം നൽകുമെന്നു മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച ശേഷമാണു മന്ത്രി ധനസഹായത്തിന്റെ കാര്യം വ്യക്തമാക്കിയത്. അപകടത്തിന്റെ യഥാർഥ കാരണം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കുമളി വരെ ബസിനു ബ്രേക് ഉണ്ടായിരുന്നു. പെട്ടെന്നു ബ്രേക് എങ്ങനെ നഷ്ടമായി എന്നതാണു അന്വേഷിക്കേണ്ടത്.
ബസിനു തകരാർ ഇല്ലായിരുന്നു. കൊട്ടാരക്കരയിൽ കഴിഞ്ഞ 5 മാസമായി ബസ് സർവീസ് നടത്തുന്നുണ്ട്. ബസ് എതിർദിശയിലേക്കു വെട്ടിച്ചിരുന്നെങ്കിൽ വലിയ അപകടം ഒഴിവാകുമായിരുന്നു. നിർഭാഗ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. കെഎസ്ആർടിസിയുടെ ഏറ്റവും അഭിമാനകരമായ പദ്ധതിയാണു ബജറ്റ് ടൂറിസം. കഴിഞ്ഞ വർഷം 183% വരുമാന വർധനയാണു പദ്ധതിയിൽ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
രണ്ടു പേരുടെ സംസ്കാരം ഇന്ന്
∙ ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 4 പേരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാവേലിക്കരയിലേക്കു കൊണ്ടുവന്നു. രമ മോഹന്റെയും അരുൺ ഹരിയുടെയും മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലാണു സൂക്ഷിച്ചിരിക്കുന്നത്. അരുണിന്റെ അമ്മ രാധയ്ക്കും അപകടത്തിൽ പരുക്കേറ്റു. രാധ പരുമല ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി വരെ മകന്റെ മരണവിവരം രാധയെ അറിയിച്ചിട്ടില്ല.
അപകടത്തിൽ മരിച്ച ബിന്ദു നാരായണന്റെ മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണു സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഇന്നു രാവിലെ 11നു കൊറ്റാർകാവിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചയ്ക്കു 2നു നടക്കും. മരിച്ച സംഗീതിന്റെ മൃതദേഹം വീട്ടിലെത്തിച്ചു മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്നു രാവിലെ 10ന്. മരിച്ച രമ മോഹന്റെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞു 3ന് നടക്കും.
എംപി, എംഎൽഎ സന്ദർശിച്ചു
∙ പുല്ലുപാറ കെഎസ്ആർടിസി അപകടത്തിൽ പരുക്കേറ്റവരെ കൊടിക്കുന്നിൽ സുരേഷ് എംപി, എം.എസ്.അരുൺകുമാർ എംഎൽഎ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു. പരുക്കേറ്റവർക്കു മതിയായ ചികിത്സ ലഭ്യമാക്കുന്നതിനും മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾക്കും ഇരുവരും മേൽനോട്ടം വഹിച്ചു.