മെട്രോയിൽ കണ്ണുംനട്ട്
Mail This Article
ബെംഗളൂരു∙ ഈ വർഷം പൂർത്തിയാകാനുള്ള 26.54 കി.മീ. വരുന്ന 4 നമ്മ മെട്രോ പാതകൾ കൂടി പൂർത്തിയാകുന്നതും കാത്ത് നഗരം. ബയ്യപ്പനഹള്ളി–കെആർ പുരം (2.5 കിലോമീറ്റർ), നാഗസന്ദ്ര–മാധവാര (3.14 കിലോമീറ്റർ), കെങ്കേരി–ചല്ലഘട്ട (1.9കിലോമീറ്റർ) ആർ.വി റോഡ്–ബൊമ്മസന്ദ്ര (19.5 കിലോമീറ്റർ), എന്നീ പാതകളാണ് ഇനിയും തുറക്കാനുള്ളത്. കഴിഞ്ഞ മാസം 25ന് കെആർ പുരം –വൈറ്റ്ഫീൽഡ് (13.70 കി.മീ.) പാത തുറന്നതോടെ ഡൽഹി മെട്രോയ്ക്ക് പിന്നാലെ 69.66 കി.മീ. ദൂരവും 63 സ്റ്റേഷനുകളുമായി നമ്മ മെട്രോ രാജ്യത്ത് രണ്ടാംസ്ഥാനത്ത് എത്തി.
ആർ.വി റോഡ്–ബൊമ്മസാന്ദ്ര (യെല്ലോ ലൈൻ)
രാഷ്ട്രീയ വിദ്യാലയ റോഡ് (ആർവി റോഡ്) മുതൽ ബൊമ്മസാന്ദ്ര വരെയുള്ള പാതയുടെ നിർമാണം സെപ്റ്റംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള 15.5 കി.മീ. ദൂരത്തെ സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണ്. സിൽക്ബോർഡ് മുതൽ ആർവി റോഡ് വരെയുള്ള 4 കിലോമീറ്റർ ഭാഗത്ത് റാഗിഗുഡ്ഡയിലെ ഡബിൾ ഡെക്കർ മേൽപാല നിർമാണം പൂർത്തിയാകാനുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡബിൾ ഡെക്കർ പാലത്തിന്റെ നിർമാണത്തിനിടെ കഴിഞ്ഞ വർഷം ക്രെയിൻ തകർന്ന് വീണിരുന്നു. ഈ ഭാഗത്ത് നേരത്തെ നിർമിച്ച തൂണുകൾ പൊളിച്ചുനീക്കി പുതിയവ നിർമിച്ചു.
സ്റ്റേഷനുകൾ
ആർവി റോഡ്, റാഗിഗുഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബരത്തന അഗ്രഹാര, കോനപ്പന അഗ്രഹാര, ഇലക്ട്രോണിക്സ് സിറ്റി, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് ഈ ലൈനിലെ സ്റ്റേഷനുകൾ.
കെങ്കേരി–ചല്ലഘട്ട ( പർപ്പിൾ ലൈൻ)
ബയ്യപ്പനഹള്ളി–കെങ്കേരി പർപ്പിൾ ലൈൻ പാതയാണ് ചല്ലഘട്ടയിലേക്ക് നീട്ടുന്നത്. മെട്രോ ഡിപ്പോയുടെ സ്ഥലമേറ്റെടുപ്പും നൈസ് റോഡിന് കുറുകെയുള്ള പാലത്തിന്റെ നിർമാണ അനുമതി വൈകിയതുമാണ് തിരിച്ചടിയായത്. മൈസൂരു റോഡ് മുതൽ കെങ്കേരി വരെയുള്ള പാത 2021 ഓഗസ്റ്റിലാണ് തുറന്നത്. വ്യവസായ മേഖലയായ ബിഡദി, ഹെജ്ജല എന്നിവയോട് ചേർന്നാണ് ചല്ലഘട്ട സ്റ്റേഷൻ.
ബയ്യപ്പനഹള്ളി–കെആർ പുരം (പർപ്പിൾ ലൈൻ)
പർപ്പിൾ ലൈനിൽ ബയ്യപ്പനഹള്ളിയേയും കെആർ പുരത്തേയും ബന്ധിപ്പിക്കുന്ന ബെന്നിഗനഹള്ളി മേൽപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ജൂണിൽ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ബെംഗളൂരു–ചെന്നൈ റെയിൽപാതയ്ക്ക് മുകളിലൂടെയാണ് ഇരുമ്പ് പാലം നിർമിക്കുന്നത്. ബെന്നിഗനഹള്ളി സ്റ്റേഷന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. ഈ പാത തുറക്കുന്നതോടെ വൈറ്റ്ഫീൽഡ്– കെആർപുരം പാത നിലവിലെ കെങ്കേരി– ബയ്യപ്പനഹള്ളി പാതയുടെ ഭാഗമായി മാറും.
നാഗസന്ദ്ര–മാധവാര (ഗ്രീൻലൈൻ)
സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്–നാഗസന്ദ്ര ഗ്രീൻ ലൈനിന്റെ തുടർച്ചയായാണ് മാധവാരയിലെ ബാംഗ്ലൂർ രാജ്യാന്തര കൺവൻഷൻ സെന്റർ (ബിഐഎസി) വരെയുള്ള പാതയുടെ നിർമാണം പുരോഗമിക്കുന്നത്.
മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നീ സ്റ്റേഷനുകളാണ് പാതയിൽ. നെലമംഗല ഭാഗത്ത് നിന്നുള്ളവർക്കും മാധവാരയിലെത്തി മെട്രോയിൽ കയറാം. ഓഗസ്റ്റോടെ സർവീസ് ആരംഭിക്കും.
2024ൽ പൂർത്തീകരണം ലക്ഷ്യമിടുന്ന പാതകൾ
∙ കല്ലേന അഗ്രഹാര–നാഗവാര പിങ്ക് ലൈൻ (21.26 കി.മീ.)
∙ കെആർപുരം–ബെംഗളൂരു രാജ്യാന്തര വിമാനത്താവള ടെർമിനൽ ബ്ലൂ ലൈൻ (37 കി.മീ.)
∙ സിൽക്ബോർഡ്–കെആർ പുരം ബ്ലൂ ലൈൻ (18.2 കി.മീ.)