ADVERTISEMENT

ബെംഗളൂരു∙ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് പ്രത്യേകം വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിച്ചതിനു പിന്നാലെ കേരള ആർടിസി സ്വിഫ്റ്റ് ബസുകളുടെ വരുമാനം ഇടിയുന്നു. സ്വിഫ്റ്റ് ബസുകൾക്ക് മാത്രമായി മേയ് 1മുതലാണ് onlineksrtcswift.com  എന്ന വെബ്സൈറ്റും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പും ആരംഭിച്ചത്. പുതിയ സൈറ്റിലേക്ക് മാറിയതോടെ വാരാന്ത്യ തിരക്കുള്ള ഇന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വിഫ്റ്റ്  ബസുകളിലും സീറ്റുകൾ  ബാക്കിയാണ്. ഇതേ സമയം കേരള ആർടിസിയുടെ പതിവ്, സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞിട്ടുണ്ട്.  

കേരള ആർടിസി ബസുകൾ നേരത്തെയുള്ള  online.ksrtc.com എന്ന വെബ്സൈറ്റിലൂടെയും  ENTE KSRTC മൊബൈൽ ആപ് വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്.  നേരത്തെ റെഡ് ബസ്, അബി ബസ് ആപ്പുകൾ ഉപയോഗിച്ചും  സ്വിഫ്റ്റ് ബസുകൾ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നു. പുതിയ സൈറ്റ് വന്നതോടെ ഈ സൗകര്യം നിലച്ചു. 

ഇതേ സമയം കേരള ആർടിസി ബസുകളുടെ ബുക്കിങ് തുടരുന്നുണ്ട്. ഓഗസ്റ്റിനുള്ളിൽ കേരള ആർടിസിയുടെ എല്ലാ സർവീസുകളും പുതിയ സൈറ്റിലേക്ക് മാറ്റുമെന്നാണ് സ്വിഫ്റ്റ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് പ്രതിദിനം എസി, നോൺ എസി വിഭാഗങ്ങളിലായി 27 സ്വിഫ്റ്റ് ബസുകൾ  സർവീസ് നടത്തുമ്പോൾ . കേരള ആർടിസിക്ക് 20 എണ്ണം മാത്രമാണുള്ളത്. 

അടിയന്തര നടപടി

കേരള ആർടിസി സ്വിഫ്റ്റ് ബസുകളുടെ വെബ്സൈറ്റ്, ആപ് സംബന്ധിച്ച് പരാതികൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ബുക്കിങ് ചെയ്യുമ്പോഴുള്ള സാങ്കേതിക തകരാറുകൾ പരിഹരിച്ചു. കേരള ആർടിസിയുടെ എല്ലാ സർവീസുകളും അധികം വൈകാതെ തന്നെ പുതിയ വെബ്സൈറ്റിലേക്ക് മാറ്റും. 

ചെറിയാൻ എൻ. പോൾ, ജനറൽ മാനേജർ, കേരള ആർടിസി സ്വിഫ്റ്റ്

വെബ്സൈറ്റ് മാറ്റം തിരിച്ചടി

യാത്രക്കാർ പലരും  പഴയ വെബ്സൈറ്റും ആപ്പും ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് സ്വിഫ്റ്റ് ബസുകൾ ഇല്ലാത്ത കാര്യം അറിയുന്നത്. വർഷം മുൻപ് കർണാടക ആർടിസിയുമായുള്ള പേര് തർക്കത്തെ തുടർന്നാണ് കേരള ആർടിസിയുടെ വെബ്സൈറ്റിന്റെ പേര് മാറ്റിയത്. ഇത് ഉപയോഗിച്ച് പരിചിതമായപ്പോഴാണ് വീണ്ടും പേര് മാറ്റം. സ്വിഫ്റ്റ് ബസുകളും കെഎസ്ആർടിസി ബസുകളും  ഒരേ വെബ്സൈറ്റിലും ആപ്പിലും ലഭ്യമാക്കാൻ വേണ്ട അടിയന്തര നടപടി സ്വീകരിക്കണം.

പി. ഹാഷിം , ഐടി ജീവനക്കാരൻ, നാഗർഭാവി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com