നമ്മ മെട്രോ:വീണ്ടും വൈകി ഡ്രൈവറില്ലാ ട്രെയിൻ; ആർവി റോഡ്–ബൊമ്മസന്ദ്ര മെട്രോ ഓടാൻ മാർച്ച് ആവും
Mail This Article
ഗളൂരു∙ ഡ്രൈവറില്ലാ ട്രെയിനുകൾ ലഭ്യമാകുന്നത് വൈകുന്നതോടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ ജനുവരിയിൽ സർവീസ് ആരംഭിക്കാനാകില്ലെന്ന് സൂചന. മാർച്ചിലോ ഏപ്രിലിലോ ഭാഗികമായി സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റിൽ മാത്രമാകും പൂർണമായ സർവീസ് ആരംഭിക്കുക.
ചൈനയിൽ നിന്ന് ഫെബ്രുവരിയിൽ എത്തിച്ച ഒരു ഡ്രൈവറില്ലാ ട്രെയിൻ ഉപയോഗിച്ചു പാതയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു. എന്നാൽ ശേഷിക്കുന്ന ട്രെയിനുകൾ നിർമിക്കാൻ കരാറെടുത്ത കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റഗർ കമ്പനി ഇവ കൈമാറുന്നതിൽ കാലതാമസം വരുത്തുന്നതാണ് തിരിച്ചടിയായത്. ഡിസംബർ പകുതിയോടെ മാത്രമാകും ഇവർ നിർമിച്ച ആദ്യ ട്രെയിൻ കൈമാറുക.
ഈ മാസം കൈമാറുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഇതോടെ രണ്ടാം ട്രെയിനും ലഭിക്കാൻ കാലതാമസം ഉണ്ടാകും. ട്രെയിനുകൾ ലഭിച്ചാലും സുരക്ഷാ പരിശോധന പൂർത്തിയാക്കി സർവീസിനു സജ്ജമാക്കാനും ഒട്ടേറെ സമയം വേണ്ടി വരും. ഇതോടെ 3 ട്രെയിനുകൾ 20 മിനിറ്റ് ഇടവേളയിൽ ഓടിച്ച് ജനുവരിയിൽ സർവീസ് ആരംഭിക്കാനുള്ള ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
എന്നാൽ സർവീസ് ആരംഭിക്കുന്നതിൽ ഏറെ നിർണായകമായ റെയിൽവേ സുരക്ഷ കമ്മിഷണറുടെ പരിശോധന മുൻപ് നിശ്ചയിച്ച പോലെ ഡിസംബറിൽ നടക്കും. നിലവിൽ സിഗ്നലിങ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലാണ്.
സ്റ്റേഷനുകൾ പൂർത്തിയായി
18.82 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളാണുള്ളത്. ആർവി റോഡ് സ്റ്റേഷൻ ഗ്രീൻ ലൈനുമായും ജയദേവ ഹോസ്പിറ്റൽ സ്റ്റേഷൻ പിങ്ക് ലൈനുമായും പാതയെ ബന്ധിപ്പിക്കും. സ്റ്റേഷനുകളുടെയും ഇവയെ ബന്ധിപ്പിക്കുന്ന സർവീസ് റോഡുകളുടെയും ഉൾപ്പെടെ നിർമാണം പൂർത്തിയായി. പല സ്റ്റേഷനുകളിലും കാൽനട മേൽപാലങ്ങൾ നിർമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഫീഡർ ബസുകളുടെ റൂട്ട് കണ്ടെത്താൻ ബിഎംടിസി സർവേ പുരോഗമിക്കുന്നു.