വ്ലോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി പിടിയിൽ
Mail This Article
ബെംഗളൂരു ∙ അസം സ്വദേശിനി വ്ലോഗറുടെ കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കിഴുന്ന കക്കറക്കൽ സ്വദേശി ആരവ് ഹാനോയിയെ (21) ബെംഗളൂരുവിനു സമീപം ദേവനഹള്ളിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 26നാണ് ഗുവാഹത്തി സ്വദേശി മായ ഗൊഗോയിയുടെ (19) മൃതദേഹം ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്മെന്റിൽ നിന്നു കണ്ടെത്തിയത്. കൃത്യത്തിനു പിന്നാലെ റായ്ച്ചൂരിലേക്കും തുടർന്ന് മധ്യപ്രദേശ് വഴി വാരാണസിയിലേക്കും പോയ ആരവ് ബെംഗളൂരുവിലേക്കു മടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. എച്ച്എസ്ആർ ലേഔട്ടിലെ വിദ്യാഭ്യാസ കൺസൽറ്റൻസിയിൽ സ്റ്റുഡന്റ്സ് കൗൺസലറാണ് ആരവ്.
6 മാസങ്ങൾക്കു മുൻപ് ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നു. പിന്നീടുണ്ടായ ഭിന്നതകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 23ന് രാത്രിയോടെയാണ് ഇരുവരും അപ്പാർട്മെന്റിൽ മുറിയെടുത്തത്. 26ന് രാവിലെ ആരവ് അപ്പാർട്മെന്റ് വിട്ടു. ഉച്ചയോടെ മുറി പരിശോധിച്ച ജീവനക്കാരാണ് മായയുടെ മൃതദേഹം കണ്ടെത്തിയത്.
മായയെ ആസൂത്രിതമായി കൊലപ്പെടുത്താൻ ഓൺലൈനായി പ്ലാസ്റ്റിക് കയറും കത്തിയും ആരവ് വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പം കഴിഞ്ഞ ആരവ് മുറിയിലേക്കു ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചിരുന്നു. കൃത്യത്തിനു പിന്നാലെ ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്തുകൂടി ഇയാൾ നടന്നുനീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് കർണാടക പൊലീസ് കണ്ണൂരിലും തിരച്ചിൽ നടത്തിയിരുന്നു.