ആകാശ നടപ്പാത തെളിഞ്ഞു; മഴയില്ല, വെയിലില്ല, സുഖയാത്ര

Mail This Article
ചെന്നൈ ∙ ടി നഗർ ബസ് സ്റ്റാൻഡിൽ നിന്ന് മാമ്പലം റെയിൽവേ സ്റ്റേഷൻ വരെ നിർമിച്ച 570 മീറ്റർ ദൈർഘ്യമുള്ള ആകാശ നടപ്പാത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ആകാശ നടപ്പാതകളിലൊന്നാണിത്. സ്മാർട്ട് സിറ്റി പദ്ധതിക്കു കീഴിൽ 28.45 കോടി ചെലവിലാണ് പാതയുടെ നിർമാണം. 15 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2020 ഡിസംബറിൽ നിർമാണം ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം അടക്കമുള്ള കാരണങ്ങളാൽ പ്രവർത്തികൾ വൈകുകയായിരുന്നു.
മാമ്പലം റെയിൽവേ സ്റ്റേഷനെയും ടി നഗർ ബസ് സ്റ്റാൻഡിനെയും ആശ്രയിക്കുന്ന പതിനായിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് യാഥാർഥ്യമായിരിക്കുന്നത്. പ്രതിദിനം ടി നഗറിൽ ഷോപ്പിങ്ങിനെത്തുന്ന ആയിരക്കണക്കിനാളുകൾക്കും പുതിയ നടപ്പാത ഉപയോഗപ്രദമാകും. രംഗനാഥൻ സ്ട്രീറ്റ്, മാഡ്‌ലി റോഡ്, മാർക്കറ്റ് റോഡ്, നടേശൻ സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ തിരക്കു കുറയ്ക്കാനും ആകാശ നടപ്പാത സഹായിക്കും.
സുരക്ഷ ഉറപ്പാക്കാൻ സ്ഥാപിച്ചിട്ടുള്ള 29 സിസിടിവി ക്യാമറകൾ, ടി നഗർ ബസ് സ്റ്റാൻഡിലേക്കും രംഗനാഥൻ സ്ട്രീറ്റിലേക്കുമായി 2 എസ്കലേറ്ററുകൾ, ഉസ്മാൻ റോഡ് ഭാഗത്തേക്കും രംഗനാഥൻ സ്ട്രീറ്റിലേക്കും പ്രവേശിക്കാൻ 2 ലിഫ്റ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. ഭിന്നശേഷിക്കാരുടെ ഉപയോഗത്തിനായി വീൽചെയറുകളും ലഭ്യമാണ്. ഇരു ഭാഗത്തുമുള്ള പടിക്കെട്ടുകളിലും പ്രവേശന കവാടങ്ങളിലും തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം പ്രകടമാക്കുന്ന ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുമുണ്ട്. മഴയും വെയിലും കൊള്ളാതെ യാത്ര ചെയ്യാൻ സാധിക്കും.