പടക്കപ്പുകയിൽ ശ്വാസംമുട്ടി, വായു നിലവാരം മോശം; സമയപരിധി മറികടന്ന് പടക്കം പൊട്ടിച്ചതിന് 2095 കേസുകൾ
ചെന്നൈ ∙ ദീപാവലി ആഘോഷം ബാക്കിവച്ച പടക്കാവശിഷ്ടങ്ങളിലും പുകപടലങ്ങളിലും മുങ്ങി ചെന്നൈ നഗരം. കുപ്പത്തൊട്ടിയായ തെരുവുകളും പുകയിൽ മുങ്ങിയ അന്തരീക്ഷവുമായാണു ദീപാവലി പിറ്റേന്ന് നഗരം ഉറക്കമുണർന്നത്. വായു ഗുണനിലവാര സൂചിക നഗരത്തിൽ ഏറ്റവും മോശം നിലയിലായി.സുപ്രീം കോടതി നിർദേശിച്ച സമയപരിധി മറികടന്നു പടക്കം
ചെന്നൈ ∙ ദീപാവലി ആഘോഷം ബാക്കിവച്ച പടക്കാവശിഷ്ടങ്ങളിലും പുകപടലങ്ങളിലും മുങ്ങി ചെന്നൈ നഗരം. കുപ്പത്തൊട്ടിയായ തെരുവുകളും പുകയിൽ മുങ്ങിയ അന്തരീക്ഷവുമായാണു ദീപാവലി പിറ്റേന്ന് നഗരം ഉറക്കമുണർന്നത്. വായു ഗുണനിലവാര സൂചിക നഗരത്തിൽ ഏറ്റവും മോശം നിലയിലായി.സുപ്രീം കോടതി നിർദേശിച്ച സമയപരിധി മറികടന്നു പടക്കം
ചെന്നൈ ∙ ദീപാവലി ആഘോഷം ബാക്കിവച്ച പടക്കാവശിഷ്ടങ്ങളിലും പുകപടലങ്ങളിലും മുങ്ങി ചെന്നൈ നഗരം. കുപ്പത്തൊട്ടിയായ തെരുവുകളും പുകയിൽ മുങ്ങിയ അന്തരീക്ഷവുമായാണു ദീപാവലി പിറ്റേന്ന് നഗരം ഉറക്കമുണർന്നത്. വായു ഗുണനിലവാര സൂചിക നഗരത്തിൽ ഏറ്റവും മോശം നിലയിലായി.സുപ്രീം കോടതി നിർദേശിച്ച സമയപരിധി മറികടന്നു പടക്കം
ചെന്നൈ ∙ ദീപാവലി ആഘോഷം ബാക്കിവച്ച പടക്കാവശിഷ്ടങ്ങളിലും പുകപടലങ്ങളിലും മുങ്ങി ചെന്നൈ നഗരം. കുപ്പത്തൊട്ടിയായ തെരുവുകളും പുകയിൽ മുങ്ങിയ അന്തരീക്ഷവുമായാണു ദീപാവലി പിറ്റേന്ന് നഗരം ഉറക്കമുണർന്നത്. വായു ഗുണനിലവാര സൂചിക നഗരത്തിൽ ഏറ്റവും മോശം നിലയിലായി. സുപ്രീം കോടതി നിർദേശിച്ച സമയപരിധി മറികടന്നു പടക്കം പൊട്ടിച്ചതിന് സംസ്ഥാനത്ത് 2095 കേസുകൾ റജിസ്റ്റർ ചെയ്തു.
മൈലാപ്പൂർ സായിബാബ ക്ഷേത്രത്തിലടക്കം 148 സ്ഥലങ്ങളിൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പടക്കങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നഗരത്തിൽ 38 പേർക്ക് പരുക്കേറ്റു. റാണിപെട്ടിൽ 4 വയസ്സുള്ള പെൺകുട്ടി പടക്കം പൊട്ടിത്തെറിച്ചു മരിച്ചു. തിങ്കളാഴ്ച ഉച്ചവരെ 150 ടൺ പടക്ക മാലിന്യമാണ് ചെന്നൈ കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്തത്.
കുപ്പത്തൊട്ടിയായി നഗരം
തിങ്കളാഴ്ച ഉച്ചവരെ കോർപറേഷന്റെ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്തത് 150 ടൺ പടക്ക മാലിന്യം. 20,000 തൊഴിലാളികളെയാണു മാലിന്യം നീക്കം ചെയ്യാൻ കോർപറേഷൻ ഏർപ്പെടുത്തിയത്. കോർപറേഷന്റെ 15 സോണുകളിലും മാലിന്യം ശേഖരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. മാലിന്യം കൊണ്ടുപോകുന്നതിന് ഓരോ സോണിലും 30 വാഹനങ്ങളും ക്രമീകരിച്ചിരുന്നു. ഞായറാഴ്ച രാത്രി തന്നെ ശുചീകരണം ആരംഭിച്ചതായി കോർപറേഷൻ കമ്മിഷണർ ജെ.രാധാകൃഷ്ണൻ പറഞ്ഞു. പടക്ക മാലിന്യം പ്രത്യേകം സംഭരിച്ച് ഗുമ്മിഡിപൂണ്ടി സിപ്കോട്ട് വ്യവസായ കേന്ദ്രത്തിലുള്ള രാസമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. കഴിഞ്ഞ വർഷം ദീപാവലിക്ക് 63.76 പടക്കമാലിന്യം സംസ്കരിച്ചു.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
ദീപാവലി ആഘോഷത്തെ തുടർന്ന് നഗരത്തിലെ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയിലെത്തി. ദീപാവലി ദിനത്തിൽ ദക്ഷിണേന്ത്യയിലെ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയതും ചെന്നൈയിൽ. ആസ്മ പോലുള്ള ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗവും ഉള്ളവർക്കു പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കാനും വായു മലിനീകരണം കാരണമാകും. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വായു മലിനീകരണ തോത് 40 ശതമാനം കുറഞ്ഞതായി തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. 50ൽ താഴെയുള്ള വായു ഗുണനിലവാരമാണ് ആരോഗ്യകരം. എന്നാൽ നഗരത്തിൽ എല്ലായിടത്തും വായു മലിനീകരണ നിരക്ക് 200നു മുകളിലായിരുന്നു. വൽസരവാക്കത്ത് ഇത് 365 ആയി ഉയർന്നു. 207 രേഖപ്പെടുത്തിയ ബസന്റ് നഗറിലാണ് നഗരത്തിൽ ഏറ്റവും കുറഞ്ഞ മലിനീകരണ നിരക്ക് രേഖപ്പെടുത്തിയത്.
സമയം തെറ്റിച്ചവർക്ക് പിഴ ശിക്ഷ
സുപ്രീം കോടതി നിർദേശിച്ച സമയക്രമം പാലിക്കാതെ പടക്കം പൊട്ടിച്ചതിന് നഗരത്തിൽ 581 കേസുകൾ റജിസ്റ്റർ ചെയ്തതായി ചെന്നൈ പൊലീസ് അറിയിച്ചു. 554 കേസുകൾ സമയ പരിധി ലംഘിച്ചതിനും 9 കേസുകൾ നിയമവിരുദ്ധമായി പടക്കങ്ങൾ വിറ്റതിനും 19 കേസുകൾ അമിത ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിച്ചതിനും. സംസ്ഥാനത്തൊട്ടാകെ 2095 കേസുകളാണ് വിവിധ വകുപ്പുകളിലായി റജിസ്റ്റർ ചെയ്തത്.
പ്രതികളിൽ നിന്ന് പിഴ ഈടാക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് റാത്തോർ പറഞ്ഞു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമാണു പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകിയത്. എന്നാൽ നിശ്ചിത സമയത്തിനു വളരെ മുൻപേ മിക്കവരും പടക്കങ്ങൾ പൊട്ടിക്കാൻ ആരംഭിച്ചു. അർധരാത്രി കഴിഞ്ഞും മിക്കവരും പടക്കം പൊട്ടിക്കൽ തുടർന്നു. നിയന്ത്രണങ്ങൾക്കായി 18,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചു.
പടക്കം പൊട്ടി 2 മരണം; 38 പേർക്ക് പരുക്ക്
റാണിപെട്ട് ജില്ലയിൽ പടക്കം പൊട്ടിത്തെറിച്ച് 4 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. മാമ്പാക്കം സ്വദേശി രമേശിന്റെ മകൾ നവിഷ്‌കയുടെ ദേഹത്തേക്ക് പടക്കം പൊട്ടിത്തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛനും പൊള്ളലേറ്റു. മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഈറോഡ് വിജയമംഗലത്ത് മദ്യലഹരിയിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ബാലാജി എന്നയാളും മരിച്ചു. നഗരത്തിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളിൽ 38 പേർക്ക് പരുക്കേറ്റു. പൊള്ളലേറ്റ് ചികിത്സ തേടിയവരിൽ 9 പേർക്കു മാത്രമാണ് കിടത്തി ചികിത്സ ആവശ്യമായതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പൊള്ളലേറ്റതിനെ തുടർന്ന് 16 പേർ കിൽപോക്ക് മെഡിക്കൽ കോളജിൽ ചികിത്സ തേടി.
467 കോടിയുടെ മദ്യവിൽപന
സംസ്ഥാനത്ത് ദീപാവലിയോടനുബന്ധിച്ച 2 ദിവസങ്ങളിൽ ടാസ്മാക് കടകളിൽ നടന്നത് 467.69 കോടിയുടെ മദ്യവിൽപന. ശനിയാഴ്ച മാത്രം മധുരയിൽ 52.73 കോടിയുടെ വിൽപന നടന്നു. ചെന്നൈയിൽ ശനിയാഴ്ച 48.12 കോടിയുടെയും ഞായറാഴ്ച 52.98 കോടിയുടെയും മദ്യം വിറ്റതായി ടാസ്മാക് അധികൃതർ അറിയിച്ചു. ഞായറാഴ്ച തിരുച്ചിറപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ വിൽപന. 55.60 കോടി രൂപ.
ഹൃദയാഘാതം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ദീപാവലി ഡ്യൂട്ടിക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി ശ്രീരംഗം ട്രാഫിക് വിഭാഗത്തിൽ സ്പെഷൽ അസിസ്റ്റന്റ് ഇൻസ്പെക്ടറായ രാജാറാം (58) ആണ് മരിച്ചത്. ഗതാഗത നിയന്ത്രണ ഡ്യൂട്ടിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്, ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സർവത്ര തീപിടിത്തം
നഗരത്തിൽ മിക്കയിടങ്ങളിലും പടക്കം പൊട്ടിത്തെറിച്ചുള്ള തീപിടിത്തം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി മൈലാപ്പൂർ സായിബാബ ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ തീപിടിച്ചു. സമീപത്തു നിന്നു കത്തിച്ചു വിട്ട പടക്കങ്ങളിലൊന്ന് പതിച്ചാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന അര മണിക്കൂർ കൊണ്ട് തീയണച്ചു. വില്ലിവാക്കത്ത് ആളൊഴിഞ്ഞ വീട്ടിൽ പടക്കം വീണ് കെട്ടിടത്തിന് തീപിടിച്ചു. പടക്കം പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായ 148 സംഭവങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തു. നാമക്കൽ രാശിപുരത്ത് നെയ്ത്ത്ശാലയുടെ മേൽക്കൂരയിൽ പടക്കം വീണ് തീപിടിത്തമുണ്ടായി. കടലൂർ പാതിരിക്കുപ്പത്ത് പടക്കം പൊട്ടിവീണ് തെങ്ങിന് തീപിടിച്ചു. സേലം ജില്ലയിലെ എടപ്പാടിക്ക് സമീപം ഉണ്ടായ തീപിടിത്തത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന തുണി കത്തിനശിച്ചു.
ദീപാവലിക്കാഴ്ചയായി 75 കുഞ്ഞുങ്ങൾ
ദീപാവലി ദിനമായ ഞായറാഴ്ച നഗരത്തിലെ സർക്കാർ ആശുപത്രികളിൽ പിറന്നത് 75 കുരുന്നുകൾ. റോയപുരം ആർഎസ്ആർഎം ആശുപത്രി, എഗ്‌മൂർ മാതൃ–ശിശു ആശുപത്രി, ട്രിപ്ലിക്കേൻ കസ്തൂർബ ആശുപത്രി എന്നിവിടങ്ങളിലായി ആകെ 75 കുഞ്ഞുങ്ങളാണ് പിറന്നത്. കസ്തൂർബ ആശുപത്രിയിൽ 10 ആൺകുട്ടികളും 12 പെൺകുട്ടികളും പിറന്നു. ആർഎസ്ആർഎം ആശുപത്രിയിൽ 11 ആൺകുട്ടികളും 19 പെൺകുട്ടികളും പിറന്നപ്പോൾ എഗ്‌മൂർ ആശുപത്രിയിൽ 19 ആൺകുട്ടികളും 4 പെൺകുട്ടികളുമാണ് ജനിച്ചത്.
ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്
ആദായനികുതി ഉദ്യോഗസ്ഥരായി ചമഞ്ഞ് പടക്കക്കടയിൽ തട്ടിപ്പ് നടത്തിയവർക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. വിഴുപ്പുറം വിക്രവണ്ടിയിലെ പടക്കക്കടയിലാണ് രാത്രി ആദായനികുതി വകുപ്പിന്റെ ബോർഡു വച്ച് കാറിൽ ഒരു സംഘം എത്തിയത്. കാറിലെത്തിയവർ ആദായനികുതി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് 60,000 രൂപയ്ക്കു പടക്കങ്ങൾ വാങ്ങുകയായിരുന്നു. പടക്കത്തിന്റെ വില യുപിഐ പേയ്മെന്റ് നടത്താൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ കാറിൽ നിന്നു പണം എടുക്കാനെന്ന വ്യാജേന പുറത്തിറങ്ങി സ്ഥലം വിടുകയായിരുന്നു. കടയുടമയുടെ പരാതിയിൽ കേസെടുത്ത വിക്രവണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
ശിവകാശിയിൽ വിറ്റത് 6000 കോടിയുടെ പടക്കം
ലിറ്റിൽ ജപ്പാൻ എന്ന് അറിയപ്പെടുന്ന ശിവകാശിയിൽ ഇത്തവണത്തെ ദീപാവലിയോട് അനുബന്ധിച്ച് നടന്നത് 6000 കോടി രൂപയുടെ പടക്ക വിൽപന. എന്നാൽ വിൽപന ലൈസൻസുകൾ നൽകുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസം മൂലം 50 കോടിയിൽ അധികം രൂപയുടെ ബിസിനസ് നഷ്ടപ്പെട്ടതായി കച്ചവടക്കാർ പറഞ്ഞു.
‘അഭ്യാസികളെ’ തേടി പൊലീസ്
ഓടുന്ന വാഹനങ്ങളിലിരുന്നു പടക്കം പൊട്ടിക്കുകയും അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്ത യുവാക്കൾക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. തിരുച്ചിറപ്പള്ളി സമയപുരത്ത് യുവാക്കൾ ബൈക്കിൽ നടത്തിയ അഭ്യാസങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബൈക്കിൽ വിവിധയിനം പടക്കങ്ങൾ കെട്ടിവച്ച ശേഷം കൈ കൊണ്ടു തീകൊളുത്തി പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണു പ്രചരിച്ചത്. കേസെടുത്ത പൊലീസ് അജയ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന തഞ്ചാവൂർ സ്വദേശി മണികണ്ഠനെ തേടി വരുന്നതായി പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ, ഓടുന്ന കാറിനു പിന്നിൽ പടക്കങ്ങൾ കെട്ടിയിട്ടു പൊട്ടിക്കുന്ന, ചെന്നൈയിൽ നിന്നുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.