ADVERTISEMENT

ചെന്നൈ ∙ മഴയിലും പ്രളയത്തിലും ജനജീവിതം നിശ്ചലമായ തെക്കൻ ജില്ലകൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്നു. ചില കടകൾ ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഗതാഗതം പുനരാരംഭിച്ചു. തൂത്തുക്കുടിയിൽ നിന്നുള്ള ട്രെയിൻ ഗതാഗതം ഇന്ന് പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുച്ചെന്തൂരിൽ നിന്നുള്ള ട്രെയിൻ സർവീസ് ഒരാഴ്ചയ്ക്കകം ആരംഭിക്കും. തിരുച്ചെന്തൂരിൽ റെയിൽ പാളത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കുന്ന ജോലികൾ പുരോഗമിക്കുന്നുണ്ട്.ദുരിത ബാധിത മേഖലകൾ 

സന്ദർശിച്ച് മുഖ്യമന്ത്രി
കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനങ്ങൾ കാറ്റിൽ പറത്തിയുള്ള മഴയാണു തെക്കൻ ജില്ലകളിൽ പ്രളയത്തിനു കാരണമായതെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. തൂത്തുക്കുടി കായൽപട്ടണത്ത് ഒരു വർഷം ലഭിക്കേണ്ട മഴ ഒറ്റ ദിവസം കൊണ്ടു പെയ്തതായും പറഞ്ഞു. പ്രളയക്കെടുതിയിൽ വലയുന്ന തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ സന്ദർശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെ നടന്ന മുഖ്യമന്ത്രി ഉദ്യോഗസ്ഥരോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ദുരിത മേഖലയിലെ ജനങ്ങളുമായി സംസാരിച്ച മുഖ്യമന്ത്രി, അവരുടെ വിഷമങ്ങൾ കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ദുരിതാശ്വാസ ക്യാംപുകളിലെത്തിയ മുഖ്യമന്ത്രി അവശ്യ സാധനങ്ങൾ വിതരണം ചെയ്തു. ചെന്നൈയിൽ നിന്നു ഹെലികോപ്റ്റർ മാർഗമാണു മുഖ്യമന്ത്രി തെക്കൻ ജില്ലകളിലെത്തിയത്. 

തെക്കൻ ജില്ലകൾക്കും 6,000 രൂപ
തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ‌ ദുരിതം കൂടുതലായി ബാധിച്ച സ്ഥലങ്ങളിലെ കുടുംബങ്ങൾക്ക് 6,000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. മറ്റിടങ്ങളിലെയും കന്യാകുമാരി, തെങ്കാശി ജില്ലകൾ എന്നിവിടങ്ങളിലെയും കുടുംബങ്ങൾക്ക് 1,000 രൂപ നൽകും.

സഹായമെത്തിച്ച് കനിമൊഴി
തൂത്തുക്കുടി ജില്ലയിൽ ദുരിതബാധിതർക്ക് സഹായ വിതരണത്തിനു നേതൃത്വം നൽകി കനിമൊഴി എംപി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സമീപത്തേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക ഗതാഗത സംവിധാനത്തിലും പ്രദേശവാസികളുടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചുമാണ് തൂത്തുക്കുടി എംപി കൂടിയായ കനിമൊഴി സഹായമെത്തിച്ചത്. തൂത്തുക്കുടിയിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പവും അവർ ചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com