ടൈഡൽ പാർക്ക്: ആദ്യഘട്ടം തുറന്നു; പട്ടാഭിരാമിൽ ഐടി വിപ്ലവം
Mail This Article
ചെന്നൈ∙ നഗരത്തിന്റെ വടക്കു–പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടി പട്ടാഭിരാമിൽ ടൈഡൽ പാർക്ക് യാഥാർഥ്യമായി. ഐടി, ഐടി അനുബന്ധ സേവനദാതാക്കൾക്കായി 330 കോടി രൂപ ചെലവിൽ നിർമിച്ച 21 നിലയുള്ള വ്യവസായ പാർക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർവഹിച്ചു.
5.57 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് സംസ്ഥാനത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി പാർക്കിന്റെ ആദ്യ ഘട്ടം പൂർത്തിയായത്. ഒട്ടേറെപ്പേർക്ക് ഒരുമിച്ചിരുന്ന് ജോലി ചെയ്യാനുള്ള കോ–വർക്കിങ് സ്പേസും ബിസിനസ് കേന്ദ്രങ്ങളും അടങ്ങുന്ന പാർക്കിൽ ആറായിരത്തിലേറെ പ്രഫഷനലുകളെ ഉൾക്കൊള്ളാൻ സാധിക്കും.
വികസന വഴിയിൽ ആവഡിയും
അവഗണിക്കപ്പെട്ട മേഖലയായിരുന്നു ആവഡിയും പട്ടാഭിരാം അടക്കമുള്ള സമീപ മേഖലകളും. വിവിധ സേനാ വിഭാഗങ്ങളുടെ കൈവശമുള്ള ആയിരക്കണക്കിന് ഏക്കർ സ്ഥലങ്ങൾക്കപ്പുറത്തേക്ക് പ്രധാന വികസന പ്രവർത്തനങ്ങളൊന്നും എത്തിയില്ല. എന്തിനുമേതിനും ചെന്നൈ നഗരത്തെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു നഗരത്തോടു ചേർന്നുള്ള, എന്നാൽ തിരുവള്ളൂർ ജില്ലയുടെ ഭാഗമായ ഈ പ്രദേശം. ഈ അവസ്ഥയ്ക്കാണ് ടൈഡൽ പാർക്ക് യാഥാർഥ്യമായതോടെ മാറ്റം വരുന്നത്.
ഐടി, ഐടി അനുബന്ധ മേഖലകളിലെ പ്രധാന കമ്പനികൾ ടൈഡൽ പാർക്കിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ സമീപത്തു തന്നെയുള്ള നെമിലിച്ചേരി, തിരുനിണ്ട്രവൂർ, വേപ്പംപെട്ട് തുടങ്ങിയ പ്രദേശങ്ങളും വികസന വഴിയിലേക്കെത്തും. ചെന്നൈയിൽ നിന്ന് തിരുപ്പതി വരെ നീളുന്ന സിടിഎച്ച് റോഡ് ഇതുവഴി കടന്നു പോകുന്നതും ചെന്നൈ തുറമുഖത്തേക്കുള്ള ചരക്കുനീക്കത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന ഔട്ടർ റിങ് റോഡിന്റെ (ഒഎംആർ) സാമീപ്യവും പട്ടാഭിരാം ടൈഡൽ പാർക്കിന്റെ പ്രസക്തി വർധിപ്പിക്കുന്നു.
സ്ഥലലഭ്യതയാണ് പട്ടാഭിരാം ഐടി പാർക്കിന്റെ മറ്റൊരു ആകർഷണീയത. സർക്കാർ ഉടമസ്ഥതയിൽ 1958ൽ ആരംഭിക്കുകയും പിന്നീട് പ്രവർത്തനം നിലയ്ക്കുകയും ചെയ്ത സതേൺ സ്ട്രക്ചറൽ ലിമിറ്റഡിനു സ്വന്തമായ 45 ഏക്കർ സ്ഥലത്തിൽ നിന്ന് 10 ഏക്കർ മാത്രമാണ് നിലവിൽ ടൈഡൽ പാർക്കിനു വിട്ടു കൊടുത്തിട്ടുള്ളത്. സമീപത്തു തന്നെ കാടുമൂടി കിടക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗം കൂടി വിട്ടുകിട്ടുന്നതോടെ ടൈഡൽ പാർക്കിന്റെ രണ്ടാം ഘട്ട നിർമാണം ആരംഭിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. ഐടി പാർക്കിനു പുറമേ പഞ്ചനക്ഷത്ര ഹോട്ടൽ, കൺവൻഷൻ സെന്റർ, ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവയും ഇവിടെ നിർമിക്കാൻ പദ്ധതിയുണ്ട്.
മെട്രോ നീട്ടണം, സബേർബൻ വരണം
മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കോയമ്പേടു നിന്ന് ആവഡിയിലേക്ക് പുതിയ ഇടനാഴി നിർമിക്കുന്നതിനുള്ള പദ്ധതി ഉടൻ നിർമാണം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് പട്ടാഭിരാം വഴി ന്യൂ ആവഡി എന്നു പേരിട്ടിട്ടുള്ള ഒഎംആർ പാത വരെ നീട്ടണമെന്ന ആവശ്യവും ശക്തമാണ്. നഗരത്തിൽ നിന്ന് ടൈഡൽപാർക്കിലേക്കും തിരികെയുമുള്ള യാത്രാ സൗകര്യം വർധിക്കുന്നത് കൂടുതൽ ജീവനക്കാരെയും കമ്പനികളെയും ഇങ്ങോട്ട് ആകർഷിക്കും.
പട്ടാഭിരാം മിലിറ്ററി സൈഡിങ്ങിലേക്കുള്ള സബേർബൻ പാതയും ഐടി പാർക്കിനോടു ചേർന്നാണ് കടന്നു പോകുന്നത്. ഇവിടെ ഒരു സബേർബൻ സ്റ്റേഷൻ കൂടി യാഥാർഥ്യമായാൽ യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ മറ്റ് ഐടി പാർക്കുകളെക്കാൾ ഒരുപടി മുന്നിലെത്താനും പട്ടാഭിരാമിനു സാധിക്കും. യാത്രാദുരിതം വർധിച്ചതും സ്ഥലസൗകര്യങ്ങളുടെ അഭാവവും നിമിത്തം തരമണി ടൈഡൽ പാർക്കിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്ത സ്ഥിതിയാണ്.