പെരമ്പൂർ അയ്യപ്പക്ഷേത്രത്തിൽ ശാസ്താ കല്യാണം നാളെ
Mail This Article
ചെന്നൈ ∙ നഗരത്തിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങളിലൊന്നായ പെരമ്പൂർ അയ്യപ്പക്ഷേത്രത്തിൽ മാലയിടാനും ദർശനത്തിനും എത്തുന്നവരുടെ തിരക്കേറി. മണ്ഡലകാലത്തിനു തുടക്കം കുറിച്ച വൃശ്ചികം ഒന്നുമുതൽ മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമായി ഒട്ടേറെപ്പേരാണു ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിൽ അഷ്ടാഭിഷേകം അടക്കം പ്രത്യേക ചടങ്ങുകളും നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ ശാസ്താ കല്യാണം നാളെ നടത്തും. ശാസ്താവിന്റെ വിവാഹച്ചടങ്ങായ ശാസ്താ കല്യാണത്തിനു കോയമ്പത്തൂർ മഹാശാസ്തൃ സേവാസംഘം നേതൃത്വം നൽകും. രാവിലെ 8.30ന് ആരംഭിക്കുന്ന ചടങ്ങ് ഉച്ചവരെ നീളും.
ഈ വർഷത്തെ ലക്ഷാർച്ചനയ്ക്ക് 2നു തുടക്കമാകും. 4 വരെ രാവിലെ 7നും വൈകിട്ട് 7നുമാണ് ലക്ഷാർച്ചന നടത്തുക. 5നു വൈകിട്ട് 7നു പ്രശസ്ത ഗായകൻ വീരമണി രാജുവിന്റെ ഭക്തിഗാനാലാപനം അരങ്ങേറും. 7ന് അന്നദാനം. എല്ലാ വർഷവും 5,000 പേരെങ്കിലും അന്നദാനത്തിൽ പങ്കെടുക്കാറുണ്ടെന്നും ഇത്തവണയും ഒട്ടേറെപ്പേരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ദിവസവും പുലർച്ചെ 5നു നട തുറക്കും. 5.15ന് അഭിഷേകം. 5.45നു ഗണപതി ഹോമം. 6.45ന് ഉഷഃപൂജ. 10.05നു മഹാ നിവേദ്യ പൂജ. വൈകിട്ട് 5നു നട തുറന്ന ശേഷം 6.30നു മഹാ ദീപാരാധന. 6.50നു സഹസ്ര നാമാർച്ചന. രാത്രി 8.30നു ഹരിവരാസനം പാടി നട അടയ്ക്കും. വിവരങ്ങൾക്ക് ഫോൺ: 044–25512526.