ADVERTISEMENT

ചെന്നൈ ∙ പുതുവർഷത്തിൽ നഗരം കാത്തിരിക്കുന്നത് യാത്രാ സൗകര്യങ്ങളിലെ കുതിച്ചുചാട്ടം. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ചെന്നൈ – ബെംഗളൂരു അതിവേഗ പാത 2025 മധ്യത്തോടെ യാഥാർഥ്യമാകും. മെട്രോ രണ്ടാം ഘട്ടത്തിലെ ഡ്രൈവറില്ലാ മെട്രോയും ഈ വർഷം പാളത്തിലെത്തും. മദ്രാസ് ഐഐടിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹൈപ്പർലൂപ്, എയർ ടാക്സി പരീക്ഷണങ്ങളും പ്രായോഗികാടിസ്ഥാനത്തിൽ നടപ്പിലാക്കാനായാൽ ലോകത്തിനു മാതൃകയാകുന്ന അത്യാധുനിക ഗതാഗത സംവിധാനങ്ങൾ നഗരത്തിന് സ്വന്തമാകും.

ഡ്രൈവറില്ലാ മെട്രോ പാളത്തിലേക്ക്
ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ ഡ്രൈവറില്ലാ ട്രെയിനിന്റെ പ്രധാന പരീക്ഷണം ഈ മാസം നടക്കും. മാർച്ചിൽ പ്രധാന ട്രയൽ റൺ നടത്തും. ഒക്ടോബറിൽ ചെന്നൈയിലെത്തിയ ട്രെയിനിന്റെ പ്രാഥമിക പരിശോധനകൾ പുരോഗമിക്കുകയാണ്. എല്ലാ പരിശോധനകളും പൂർത്തിയാക്കി ഈ മാസം തന്നെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ മെട്രോയ്ക്ക് കൈമാറാനാണ് നിർമാണ കമ്പനിയായ അൽസ്റ്റോം തയാറെടുക്കുന്നത്. ആദ്യം വേഗം കുറച്ച് ഓടിച്ച്, ക്രമേണ വേഗം കൂട്ടി പരമാവധി വേഗം കൈവരിക്കുന്നതുവരെ പരീക്ഷണ ഓട്ടം തുടരും. മാർച്ചിൽ യഥാർഥ പാതയിൽ ട്രയൽ റൺ നടത്താനാകും. 

രണ്ടാം ഘട്ടത്തിലെ 3 ഇടനാഴികളിലുമായി 138 ഡ്രൈവറില്ലാ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. ഓരോ ട്രെയിനിലും 3 കോച്ചുകളാണുള്ളത്. ആദ്യ ഘട്ടത്തിൽ 36 ട്രെയിനുകളാണ് നിർമിക്കുന്നത്. 1,215.92 കോടി രൂപയാണ് ചെലവ്. ആന്ധ്രയിലെ ശ്രീ സിറ്റിയിലാണ് ട്രെയിനുകളുടെ നിർമാണം നടക്കുന്നത്. 

എയർ ടാക്സിയും  ഹൈപ്പർലൂപ്പും
ഗതാഗത സംവിധാനങ്ങൾ പുതിയതലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങൾ മദ്രാസ് ഐഐടിയിൽ പുരോഗമിക്കുകയാണ്. ഐഐടിയുടെ ഇൻക്യുബേറ്റർ സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ആദ്യത്തെ എയർ ടാക്സിയുടെ നിർമാണം അടുത്ത വർഷം പൂർത്തിയാകുമെന്നാണ് കരുതുന്നത്. നിർമാണം പുരോഗമിക്കുന്ന എയർ ടാക്സി മാതൃകയുടെ ചിത്രമടക്കം വ്യവസായി ആനന്ദ് മഹേന്ദ്ര സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. തിരക്കേറിയ നഗര റോഡുകളിലെ ഗതാഗതക്കുരുക്കിനും അന്തരീക്ഷ മലിനീകരണത്തിനും അറുതി വരുത്തുന്ന ഇ–ടാക്സികളായാണ് രൂപകൽപന.

ഹൈപ്പർലൂപ്പിന്റെ രാജ്യത്തെ ആദ്യ ടെസ്റ്റ് ട്രാക്ക് ഐഐടി മദ്രാസിന്റെ തയ്യൂരിലെ ‍‍ഡിസ്കവറി ക്യാംപസിൽ തുറന്നു കഴിഞ്ഞു. ഇന്ത്യൻ റെയിൽവേ, ആർസെലർ മിത്തൽ, ഐഐടി-മദ്രാസിലെ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ആവിഷ്കാർ ഹൈപ്പർലൂപ് ടീം തുടങ്ങിയവർ ചേർന്നു വികസിപ്പിച്ച 410 മീറ്റർ ദൈർഘ്യമുള്ള ട്രാക്കാണ് ഉദ്ഘാടനം ചെയ്തത്. 1,200 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈപ്പർലൂപ് സംവിധാനം രൂപകൽപന ചെയ്യാനും നിർമിക്കാനുമാണ് ആവിഷ്കാർ ഹൈപ്പർലൂപ് ടീം ലക്ഷ്യമിടുന്നത്.

അതിവേഗം ബെംഗളൂരു
അതിവേഗ പാതയിൽ പ്രധാനമായി അവശേഷിക്കുന്നത് തമിഴ്നാട് ഭാഗത്തെ നിർമാണങ്ങളാണ്. ആകെയുള്ള 262 കിലോമീറ്റർ പാതയിൽ 179 കിലോമീറ്ററിലെ നിർമാണം പൂർത്തിയായി. ശേഷിക്കുന്ന 83 കിലോമീറ്റർ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കർണാടകയിൽ ഹോസ്കോട്ട് - മാലൂർ, മാലൂർ-ബംഗാർപെട്ട്, ബംഗാർപേട്ട്-ബേതമംഗല ഭാഗങ്ങളിലെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായി. ഗതാഗതത്തിനു തുറന്നുകൊടുത്തു.  ആന്ധ്രയിലെ ജോലികളും അന്തിമ ഘട്ടത്തിലാണ്. നിർമാണം കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വിവിധ കാരണങ്ങളാൽ വൈകി. 3 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ തമിഴ്നാട്ടിലെ ജോലികൾ 2025 ഓഗസ്റ്റിൽ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ. 2022ൽ പൂർത്തിയാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. 

 ആന്ധ്ര അതിർത്തിയിലെ ഗുഡിപാല മുതൽ വാലജാപെട്ട് വരെയുള്ള 24 കിലോമീറ്ററിൽ 70% നിർമാണം പൂർത്തിയായി. വാലജാപെട്ട് മുതൽ ആർക്കോണം വരെയുള്ള 24.50 കിലോമീറ്ററിൽ 84 ശതമാനവും കാഞ്ചീപുരം മുതൽ ശ്രീപെരുംപുത്തൂർ വരെയുള്ള 31.07 കിലോമീറ്ററിൽ 64 ശതമാനവും പൂർത്തിയായി. ആർക്കോണം മുതൽ കാഞ്ചീപുരം വരെയുള്ള ഭാഗത്ത് 52% നിർമാണം മാത്രമാണ് പൂർത്തിയായത്. 

പാത ഗതാഗത സജ്ജമാകുന്നതോടെ ദക്ഷിണേന്ത്യയിലെ യാത്രാ സൗകര്യങ്ങൾ പുതിയ തലത്തിലേക്ക് ഉയരും. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂർ, റാണിപെട്ട് നഗരങ്ങളും ആന്ധ്രയിലെ  ചിറ്റൂർ, പലമനാർ എന്നിവിടങ്ങളും കർണാടകയിൽ കോലാർ, ബെംഗാർപെട്ട് നഗരങ്ങളും വഴി കടന്നുപോകുന്ന എക്സ്പ്രസ് ഹൈവേ, ഇരു തലസ്ഥാനങ്ങളും തമ്മിലുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറാക്കി കുറയ്ക്കും. 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. നിർമാണത്തിനായി 2024 ജൂൺ 30 വരെ 6,728 കോടി രൂപ ചെലവഴിച്ചു. 

ദക്ഷിണേന്ത്യയിൽ ആദ്യം
ദക്ഷിണേന്ത്യയിൽ ഭാരത്‌മാല പരിയോജന പദ്ധതിയിൽ വരുന്ന ആദ്യ പാതയാണിത്. 18,000 കോടി രൂപയാണ് ഹരിത പദ്ധതിയുടെ നിർമാണച്ചെലവ്. 262 കിലോമീറ്റർ ദൂരത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ പാതയുമാണ്. ചെന്നൈ തുറമുഖത്തെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന അതിവേഗപ്പാത വ്യവസായ മേഖലകളിലൂടെയും നിർദിഷ്ട പരന്തൂർ വിമാനത്താവളത്തിനു സമീപത്തുകൂടെയും കടന്നു പോകുന്നത് മേഖലയുടെ വളർച്ചയ്ക്കും ഗുണം ചെയ്യും.

English Summary:

Chennai-Bangalore Expressway to Become Reality by Mid-2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com