മഴ ന്യൂനമർദം ദുർബലമാകും; ആശങ്കയായി ജലസംഭരണികൾ
Mail This Article
ചെന്നൈ ∙ ന്യൂനമർദം ശക്തിപ്പെട്ടതിനെ തുടർന്നു നഗരത്തിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ ജലസംഭരണികൾ നിറഞ്ഞു. തിരുവള്ളൂർ പൂണ്ടി സംഭരണിയിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. ചെമ്പരമ്പാക്കം സംഭരണിയിലേക്കുള്ള നീരൊഴുക്കു വർധിച്ചതിനാൽ ഏതു സമയവും വെള്ളം തുറന്നുവിട്ടേക്കും. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. ചെന്നൈ, തിരുവള്ളൂർ ജില്ലകളിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. അതേസമയം, ന്യൂനമർദം ഇന്ന് ദുർബലമാകുമെന്നും വൈകിട്ടോടെ മഴ കുറയുമെന്നും ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
സംഭരണികൾ അതിവേഗം നിറഞ്ഞു
നഗരത്തിലെ പ്രധാന ജല സ്രോതസ്സുകളായ സംഭരണികളിലെല്ലാം ജലനിരപ്പ് വർധിക്കുകയാണ്. പൂണ്ടി സംഭരണിയിൽ 2840 ദശലക്ഷം ഘനയടി ജലമാണു നിലവിലുള്ളത്. 3231 ദശലക്ഷം ഘനയടിയാണു പരമാവധി ശേഷി. 88% ജലമുണ്ട്. സംഭരണിയിൽ നിന്നു സെക്കൻഡിൽ 5,000 ഘനയടി ജലം ഇന്നലെ ഉച്ച മുതൽ തുറന്നു വിടാൻ തുടങ്ങി. ചെമ്പരമ്പാക്കത്ത് 2903 ദശലക്ഷം ഘനയടി ജലമാണു നിലവിലുള്ളത്. 3645 ദശലക്ഷം ഘനയടിയാണ് പരമാവധി ശേഷി. 80 ശതമാനത്തിനടുത്ത് ജലമുണ്ട്. ഇരു സംഭരണികളുടെയും വൃഷ്ടിപ്രദേശങ്ങളിൽ ബുധൻ രാത്രി മുതൽ തുടർച്ചയായി മഴ പെയ്യുന്നതാണു ജലനിരപ്പ് ഉയരാൻ കാരണം. മറ്റു ജലസ്രോതസ്സുകളിലും ജലനിരപ്പ് ഉയരുന്നതായി ജലവിഭവ വകുപ്പ്് അറിയിച്ചു.
മഴ തുടർന്നാൽ ഭീഷണി
സംഭരണികളിലെ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ ചെന്നൈ, തിരുവള്ളൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതോടെ ജനം ആശങ്കയിലായി. പൂണ്ടി, ചെമ്പരമ്പാക്കം തടാകങ്ങളുടെ തീരപ്രദേശത്ത് താമസിക്കുന്നവർക്കു ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. പൂണ്ടി സംഭരണിയിൽ നിന്നു കൊസസ്ത്തലയാറിലേക്കാണു വെള്ളം ഒഴുക്കി വിടുന്നത്. അതേസമയം, മഴ തുടർന്നാൽ ചെമ്പരമ്പാക്കത്തു നിന്ന് ഏതു സമയവും അഡയാർ നദിയിലേക്ക് വെള്ളം തുറന്നുവിട്ടേക്കും. അശോക് നഗർ, സെയ്ദാപെട്ട്, ജാഫർഖാൻപെട്ട്, പോരൂർ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളെല്ലാം ജാഗ്രതയിലാണ്. അതേസമയം, ഇന്നു മുതൽ മഴ കുറയുമെന്നും അപകടം ഭീഷണി ഒഴിയുമെന്നുമാണു നഗരവാസികളുടെ പ്രതീക്ഷ.
വിമാന സർവീസുകൾ തടസ്സപ്പെട്ടു
കനത്ത മഴയെ തുടർന്നു ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി. കൊൽക്കത്ത, തിരുവനന്തപുരം, സിലിഗുരിയിൽ എന്നിവിടങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണു റദ്ദാക്കിയത്. അതിനിടെ, രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ ചോർച്ചയുണ്ടായി. യാത്രക്കാർ കടന്നുപോകുന്ന വഴിയുടെ മേൽക്കൂരയിൽ നിന്നാണു വെള്ളം ചോർന്നൊഴുകിയത്.