അലംഭാവം അപകടത്തിലേക്ക്; പാളിപ്പോയ നിയന്ത്രണങ്ങൾ..
ആലുവ∙ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഉണ്ടായ കോവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി നഗരസഭാ മാർക്കറ്റ് മാറാൻ കാരണം മുന്നറിയിപ്പുകളോട് അധികൃതർ പുലർത്തിയ അലംഭാവം.നഗരസഭാ അധികൃതരും പൊലീസും മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും വ്യാപാരികൾ ഉദ്യോഗസ്ഥരുടെ
ആലുവ∙ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഉണ്ടായ കോവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി നഗരസഭാ മാർക്കറ്റ് മാറാൻ കാരണം മുന്നറിയിപ്പുകളോട് അധികൃതർ പുലർത്തിയ അലംഭാവം.നഗരസഭാ അധികൃതരും പൊലീസും മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും വ്യാപാരികൾ ഉദ്യോഗസ്ഥരുടെ
ആലുവ∙ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഉണ്ടായ കോവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി നഗരസഭാ മാർക്കറ്റ് മാറാൻ കാരണം മുന്നറിയിപ്പുകളോട് അധികൃതർ പുലർത്തിയ അലംഭാവം.നഗരസഭാ അധികൃതരും പൊലീസും മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും വ്യാപാരികൾ ഉദ്യോഗസ്ഥരുടെ
ആലുവ∙ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഉണ്ടായ കോവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി നഗരസഭാ മാർക്കറ്റ് മാറാൻ കാരണം മുന്നറിയിപ്പുകളോട് അധികൃതർ പുലർത്തിയ അലംഭാവം. നഗരസഭാ അധികൃതരും പൊലീസും മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും വ്യാപാരികൾ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളോടു സഹകരിച്ചില്ലെന്നും തൊഴിലാളി യൂണിയൻ ഭാരവാഹികളും വ്യാപാരി വ്യവസായി നേതാക്കളും കുറ്റപ്പെടുത്തി.
മാർക്കറ്റിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ചിലരാണ് സമൂഹത്തിന്റെ പൊതുവായ താൽപര്യം പരിഗണിക്കാതെ ഇതിന് ഒത്താശ ചെയ്തതെന്നാണ് ആരോപണം. ആലുവയിൽ സമ്പർക്ക വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരിൽ 30 പേർ മാർക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. മാർക്കറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ സൂപ്പർ സ്പ്രെഡിന് ഇടയാകുമെന്നു ലോക്ഡൗൺ തുടങ്ങുന്നതിനു മുൻപു തന്നെ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം.നസീർ ബാബു, സിഐടിയു ഏരിയ സെക്രട്ടറി പി.എം. സഹീർ എന്നിവർ അധികൃതരെ അറിയിച്ചിരുന്നു.
പാളിപ്പോയ നിയന്ത്രണങ്ങൾ
ജില്ലയിൽ പച്ചക്കറി, പച്ചമീൻ, ഉണക്കമീൻ എന്നിവയുടെ മൊത്തവ്യാപാരം നടക്കുന്ന പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് ആലുവ. പുലർച്ചെ 2 മുതൽ ഇതര സംസ്ഥാനക്കാരടക്കം നൂറുകണക്കിന് ആളുകളാണ് വന്നുപോകുന്നത്. വേണ്ടത്ര ശുചിമുറികളും വെളിച്ചവും ഇല്ല. പച്ചക്കറി മൊത്തവ്യാപാരികൾക്കു സ്വന്തം കടമുറികളുണ്ടെങ്കിലും മാർക്കറ്റിനുള്ളിലേക്കു കടക്കാനുള്ള വഴിയടച്ച് നഗരസഭയുടെ സ്ഥലത്താണു കച്ചവടം നടത്തുന്നത്.
ഇതു തടയാനെത്തിയ നഗരസഭാധ്യക്ഷയ്ക്കും കൗൺസിലർമാർക്കും നേരെ 2 തവണ കയ്യേറ്റശ്രമം നടന്നു. ഒടുവിൽ പൊലീസിന്റെ സാന്നിധ്യത്തിൽ നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരാണ് കയർ കെട്ടി നിയന്ത്രണം ഏർപ്പെടുത്തിയത്. കയർ കെട്ടാൻ നിയോഗിച്ച 2 ജീവനക്കാരും കോവിഡ് ബാധിച്ചു ചികിത്സയിലാണ്. ഇതര സംസ്ഥാന ലോറികളുടെ ഡ്രൈവർമാർ വാഹനത്തിന്റെ ക്യാബിനിൽ നിന്നു പുറത്തിറങ്ങരുതെന്നു തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.
ജലശുദ്ധീകരണശാലയും കെഎസ്ഇബി ടൗൺ ഓഫിസും അടച്ചുപൂട്ടലിന്റെ നിഴലിൽ
മാർക്കറ്റിനു പിന്നാലെ ആലുവ ജലശുദ്ധീകരണശാലയും കെഎസ്ഇബി ടൗൺ സെക്‌ഷൻ ഓഫിസും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കെഎസ്ഇബിയിലെ വർക്കറുടെ, ഹൃദയാഘാതം വന്നു മരിച്ച പിതാവിനു കോവിഡ് സ്ഥിരീകരിച്ചതോടെ സഹപ്രവർത്തകർ ആശങ്കയിലാണ്. മകനു പനി ഉണ്ടെങ്കിലും കോവിഡ് പരിശോധനാ ഫലം വന്നിട്ടില്ല. ഇദ്ദേഹത്തിന് ഒരുപാട് ആളുകളുമായി നേരിട്ടു സമ്പർക്കമുണ്ട്.
ലോക്ഡൗൺ കാലത്തു ജലശുദ്ധീകരണശാലയിലെ കന്റീനിൽ ഭക്ഷണം കഴിക്കാൻ വന്നിരുന്ന 2 പേർക്കു കോവിഡ് സ്ഥിരീകരിച്ചതാണ് അവിടെ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. പുറത്തു നിന്നുള്ളവർ വരുന്നതിൽ പ്രതിഷേധിച്ച് ജലഅതോറിറ്റി ജീവനക്കാരിൽ ഒരു വിഭാഗം കന്റീൻ ബഹിഷ്കരിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദത്തെ തുടർന്നു പിന്നീടു പിൻവലിച്ചു. ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാർക്കു അടിയന്തരമായി പിസിആർ ടെസ്റ്റ് നടത്തും. വിശാലകൊച്ചി അടക്കമുള്ള പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നാണു വെള്ളം പമ്പ് ചെയ്യുന്നത്.
പരിഭ്രാന്തി പടരുന്നു
മാർക്കറ്റിനോടു ചേർന്നു കിടക്കുന്ന ഉളിയന്നൂരിലും കുഞ്ഞുണ്ണിക്കരയിലും കോവിഡ് രോഗികളുടെ എണ്ണം കൂടി. കണ്ടെയ്ൻമെന്റ് സോണുകളായ ഇവിടെ 2 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർന്നു ചന്തക്കടവിലെ കടകൾ അടച്ചിടാൻ തീരുമാനിച്ചതായി വാർഡ് അംഗം കെ.എ. ഷുഹൈബ് അറിയിച്ചു. ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ആളുകൾ കഴിവതും വീടിനു പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
പൊലീസിന്റെ നിർദേശപ്രകാരം ഉളിയന്നൂർ പാലത്തിൽ നിർത്തിയിരുന്ന വൊളന്റിയർമാരെ പിൻവലിച്ചു. കാലിനു പരുക്കേറ്റ് ഉളിയന്നൂരിൽ നിന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ യുവതിക്കു ചികിത്സ നിഷേധിച്ചതായി പരാതിയുണ്ട്. 3 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായ ചൂർണിക്കര പഞ്ചായത്തിൽ പള്ളിക്കുന്ന്, എസ്എൻ പുരം, അണ്ടിക്കമ്പനി, കാർമൽ ആശുപത്രിയുടെ മുൻവശം എന്നിവിടങ്ങളിൽ റോഡുകൾ അടച്ചുകെട്ടി.
രോഗബാധിതരായി തൊഴിലാളികൾ
ആലുവ മാർക്കറ്റിൽ 165 തൊഴിലാളികളാണുള്ളത്. പച്ചക്കറി (53), പച്ചമീൻ (45), ഉണക്കമീൻ (13), പലചരക്ക് (54). എല്ലാവരും കോവിഡ് ഭീഷണിയുടെ നിഴലിലാണ്. ഇവരിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കാത്ത ഒരാൾ പോലുമില്ല. പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾക്കു കഠിനമായ നടുവേദനയുമുണ്ട്. ഒരു ചാക്കിൽ 50 കിലോഗ്രാമിൽ കൂടുതൽ ഭാരം കയറ്റരുതെന്നാണ് നിർദേശമെങ്കിലും നൂറും അതിലേറെയും ഭാരമുള്ള ചാക്കുകൾ കയറ്റിയിറക്കു നടത്തേണ്ടി വരുന്നതായി അവർ പറഞ്ഞു.
കൂലി ചാക്കിന്റെ എണ്ണത്തിന് അനുസരിച്ചായതിനാൽ പരമാവധി സാധനങ്ങൾ കയറ്റുന്നതാണ് പ്രശ്നം. ഭാരമേറിയ സവാള ചാക്ക് ദേഹത്തു വീണു തൊഴിലാളിയായ വേണു മരിച്ചിരുന്നു. പെരിയാറിന്റെ കരയിലുള്ള മാർക്കറ്റിൽ ശുചിമുറികളില്ല. മാർക്കറ്റിലെ മാലിന്യവും വിസർജ്യ വസ്തുക്കളും ഒഴുകുന്നതു തൊട്ടു താഴെയുള്ള പുഴയിലേക്കാണ്. കന്നുകാലികളെ കൊല്ലുന്നതും ഇറച്ചി വിൽക്കുന്നതും ഒരേ സ്ഥലത്തിട്ട്. മലിനീകരണ നിയന്ത്രണ ബോർഡും മനുഷ്യാവകാശ കമ്മിഷനും പലവട്ടം താക്കീതു നൽകിയിട്ടും പ്രയോജനമുണ്ടായില്ല.
വരുമാനം നഷ്ടപ്പെട്ട് നഗരസഭ
നഗരസഭയ്ക്കു മാർക്കറ്റിൽ നിന്ന് 6 വർഷമായി വരുമാനമില്ല. പുതിയ കെട്ടിടം നിർമിക്കാൻ പഴയ മാർക്കറ്റ് പൊളിച്ച ശേഷം വ്യാപാരികൾ വാടകയും നികുതിയും നൽകുന്നില്ല. ഇവരെ പുനരധിവസിപ്പിക്കാൻ നഗരസഭ നൽകിയ പല ഷെഡുകളിലും ഇപ്പോൾ കച്ചവടം നടത്തുന്നത് ഇതര സംസ്ഥാനക്കാരാണ്. ദിവസ വാടകയ്ക്കു മറിച്ചു കൊടുത്തിരിക്കുകയാണെന്നു കൗൺസിലർമാർ പറയുന്നു.
നഗരസഭയുടെ ഭൂമി കയ്യേറി സ്വന്തം ഷെഡ് പണിതവരുമുണ്ട്. മാർക്കറ്റിലെ പച്ചമീൻ മൊത്തവ്യാപാരികളും നഗരസഭയിലേക്ക് ഒന്നും നൽകുന്നില്ല. മാർക്കറ്റിൽ ഇറക്കുന്ന പച്ചമീൻ ബോക്സുകളുടെ എണ്ണത്തിനനുസരിച്ചു കൊട്ടക്കാശ് പിരിച്ചിരുന്നു. മാർച്ച് 31ന് അതും തീർന്നു. പച്ചമീൻ, ഉണക്കമീൻ മൊത്തവ്യാപാരം പ്രതിവർഷം ലേലം ചെയ്തു നൽകണമെന്നാണ് കൗൺസിലർമാരുടെ നിർദേശം.
കൂടുതൽ സ്റ്റാളുകൾ അനുവദിക്കുകയും വേണം. ഇതിൽ നിന്നു ലക്ഷങ്ങളുടെ വരുമാന വർധന ഉണ്ടാകും. 10,000 രൂപ നൽകി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വണ്ടിപ്പേട്ട പിരിവും മൈക്ക് അനൗൺസ്മെന്റും നടത്തിയിരുന്ന സൊസൈറ്റിയെ ഒഴിവാക്കി ലേലം നടത്തിയപ്പോൾ വരുമാനം 8 ലക്ഷം രൂപയായി വർധിച്ചത് ഉദാഹരണം. ഇപ്പോഴത്തെ ജിസിഡിഎ ചെയർമാൻ വി. സലിം വൈസ് ചെയർമാനായപ്പോഴായിരുന്നു ഈ നടപടി.