ഒന്നര വർഷം പൂട്ടിക്കിടന്ന സ്വകാര്യ ആശുപത്രി കോവിഡ് പ്രതിരോധത്തിന്റെ മുൻനിര പോരാളി; പിവിഎസ് മാതൃക
Mail This Article
കൊച്ചി ∙ ഒന്നര വർഷത്തോളം പൂട്ടിക്കിടന്ന ഒരു സ്വകാര്യ ആശുപത്രി ജില്ലയിലെ കോവിഡ് പ്രതിരോധത്തിന്റെ മുൻനിര പോരാളിയാവുക; സർക്കാർ ഏറ്റെടുത്തു പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിപ്പിച്ച പിവിഎസ് ഗവ. കോവിഡ് അപെക്സ് സെന്റർ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഒരു സമാന്തര മോഡലും പുതിയ സംസ്കാരവുമാണു സൃഷ്ടിച്ചത്. പിവിഎസ് ഗവ. കോവിഡ് ആശുപത്രിയിൽ ഇതുവരെ ചികിത്സയ്ക്കു വിധേയരായ കോവിഡ് രോഗികൾ– 1507. കോവിഡ് രോഗികളിൽ നടത്തിയ ഡയാലിസിസ്– 2019. കോവിഡ് പ്രതിരോധത്തിൽ പരിശീലനം നൽകിയത് എഴുനൂറോളം പേർക്ക്.
കലക്ടർ എസ്. സുഹാസിന്റെ ഒരു ഫെയ്സ്ബുക് പോസ്റ്റിനു ലഭിച്ച കമന്റിൽ നിന്നാണു പിവിഎസ് ആശുപത്രി കോവിഡ് ആശുപത്രിയാക്കുകയെന്ന ആശയം പിറക്കുന്നത്. അന്നു മുതൽ അതിനൊപ്പം ഓടിയ ഒരു സംഘം ജീവനക്കാരുടെ ആത്മാർപ്പണമായിരുന്നു ശക്തി. ആശുപത്രിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ട് 293 ദിവസമായി. സർക്കാർ തലത്തിൽ കൂടുതൽ വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ സജ്ജമായതോടെ മുന്നൂറാം ദിവസം പിവിഎസിന്റെ പ്രവർത്തനം അവസാനിപ്പിക്കും.
പ്രയത്നം കഠിനം
2020 ഏപ്രിലിലാണു പിവിഎസ് സർക്കാർ ഏറ്റെടുക്കുന്നത്. ആശുപത്രി കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കാനുള്ള വെല്ലുവിളികൾ ഏറെയായിരുന്നുവെന്ന് കോവിഡ് നോഡൽ ഓഫിസർ ഡോ. എം.എം. ഹനീഷ് പറഞ്ഞു. ആശുപത്രി പ്രവർത്തന സജ്ജമാക്കാനെടുത്തതു 3 മാസം. വൃത്തിയാക്കുന്നതു മുതൽ വെന്റിലേറ്ററുകൾ സജ്ജമാക്കുന്നതു വരെ നീണ്ടു നിന്ന വൻ ദൗത്യം രാഷ്ട്രീയ, ജനകീയ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകൾക്കൊപ്പം ഒരുമിച്ചു നിന്നാണു പൂർത്തിയാക്കിയത്.
സ്വകാര്യ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടും മറ്റു സഹായങ്ങളുമായിരുന്നു ആശുപത്രിയുടെ മൂലധനം. സഹായമായി മാത്രം ലഭിച്ചത് ഒന്നേകാൽ കോടി രൂപ. മരുന്നുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കാൻ സഹായങ്ങൾ വേറെ. ഐഎംഎ കൊച്ചിയുൾപ്പെടെയുള്ള സംഘടനകൾ ഒപ്പം നിന്നപ്പോൾ കടമ്പകൾ ഓരോന്നായി കടന്നു. ജനറൽ ആശുപത്രി അനക്സായി പ്രവർത്തിച്ച പിവിഎസിൽ ഓഗസ്റ്റ് അവസാനം മുതൽ രോഗികളെ പ്രവേശിപ്പിച്ചു.
കൂട്ടായ്മയുടെ വിജയം
കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര മുടങ്ങിയ പരിചയ സമ്പന്നരായ ഇരുപതോളം നഴ്സുമാരാണ് ആദ്യം ചേർന്നത്. പിന്നീട് 2 നഴ്സിങ് സൂപ്രണ്ട്, 6 ഹെഡ് നഴ്സുമാർ, 165 നഴ്സുമാർ എന്നിങ്ങനെ വിപുലമായ നഴ്സിങ് ടീമായി അതു വളർന്നു ഡോ. സന്തോഷ് മോഹൻ ഉൾപ്പെടെ പരിചയ സമ്പന്നരായ ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോക്ടർമാരുടെ സംഘം., 4 ഡയറ്റിഷ്യൻമാർ, 17 ടെക്നിഷ്യൻമാരുള്ള വിപുലമായ ലാബ് സൗകര്യം,
13 ജീവനക്കാരും എട്ടു മെഷിനുകളുമുള്ള ഡയാലിസിസ് യൂണിറ്റ്, ആധുനിക ഉപകരണങ്ങളുള്ള ഐസിയു, മികച്ച പരിശീലന വിഭാഗം തുടങ്ങി ഏതു വൻകിട ആശുപത്രിയോടും കിടപിടിക്കുന്ന സൗകര്യങ്ങൾ പിവിഎസിൽ സജ്ജമാക്കി. എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾക്ക് ഐസിയു പരിചരണം നൽകാൻ സർക്കാർ തലത്തിൽ പരിമിതമായ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. പിവിഎസ് കോവിഡ് ആശുപത്രി ആ വിടവു നികത്തി; മെഡിക്കൽ സൂപ്രണ്ടിന്റെ ചുമതല വഹിച്ച ഡോ. ആശ വിജയൻ പറഞ്ഞു.
ഈ സംസ്കാരം തുടരണം
ആരോഗ്യ വകുപ്പിൽ നിന്നു ഡപ്യൂട്ടേഷനിൽ നിയോഗിച്ച ജീവനക്കാർക്കൊപ്പം ദേശീയ ആരോഗ്യ ദൗത്യം വഴി താൽക്കാലികമായി നിയോഗിച്ച വൻ സംഘവും ഉൾപ്പെടുന്നതായിരുന്നു പിവിഎസിലെ മെഡിക്കൽ ടീം. പിവിഎസ് പ്രവർത്തനം നിർത്തുന്നതോടെ ഈ സംഘത്തെ വിഭജിച്ച് എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, അമ്പലമുകളിലെ സർക്കാർ കോവിഡ് ആശുപത്രി എന്നിവിടങ്ങളിലേക്കു നിയോഗിക്കും. കോവിഡ് ചികിത്സയിൽ വിദഗ്ധരായ ഒരു ടീമിനെ സൃഷ്ടിക്കാനായിട്ടുണ്ടെന്നും അത് കോവിഡ് പ്രതിരോധത്തിൽ ജില്ലയ്ക്കു മുതൽക്കൂട്ടാകുമെന്നും ആർഎംഒ ഡോ. അൻവർ ഹസ്സൈൻ പറഞ്ഞു.
ജില്ലയുടെ കോവിഡ് പ്രതിരോധത്തെ മുന്നിൽ നിന്നു നയിക്കുന്ന കലക്ടർ പറയുന്നു : ഇരട്ട മാസ്ക് മറക്കരുത്!
എസ്. സുഹാസ്, കലക്ടർ
ഇരട്ട മാസ്ക് ധരിക്കുന്നതു വൈറസിനെതിരെ പ്രതിരോധം വർധിപ്പിക്കും.
ലോക്ഡൗൺ ഇളവുകൾ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പ്രയോജനപ്പെടുത്താവൂ.
തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് പരിശോധന വർധിപ്പിക്കണം.
വാർഡ്തല കർമ സമിതികൾ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കണം.
ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടിച്ചേരലുകൾ പൂർണമായി ഒഴിവാക്കണം.
ജില്ലയിൽ കോവിഡ് ടിപിആർ ഏറ്റവും കൂടുതലുള്ള, ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു: ‘പിടിച്ചുകെട്ടും, ഞങ്ങൾ’
ശാന്തിനി ഗോപകുമാർ, പ്രസിഡന്റ്, ചിറ്റാറ്റുകര പഞ്ചായത്ത്
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ മെഗാ കോവിഡ് പരിശോധന ക്യാംപാണു നടത്തുന്നത്. ഈ ആഴ്ചയോടെ 18 വാർഡുകളിലും പരിശോധന പൂർത്തിയാകും. സർക്കാർ ഉദ്യോഗസ്ഥർ, തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, വ്യാപാരികൾ, പച്ചക്കറി, മത്സ്യക്കച്ചവടക്കാർ, ക്ഷീര കർഷകർ, പത്ര വിതരണക്കാർ, ഗ്യാസ് ഏജൻസി ജീവനക്കാർ തുടങ്ങി രണ്ടിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന സ്ഥലത്തു തൊഴിലെടുക്കുന്ന എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. പരിശോധനാഫലം കൃത്യമായി ലഭിക്കാൻ ആർടിപിസിആർ പരിശോധനയാണു നടത്തുന്നത്. ടിപിആർ 15 ശതമാനത്തിൽ താഴെയെത്തിക്കാനായിട്ടുണ്ടെന്നാണു കരുതുന്നത്.
‘ലക്ഷണങ്ങളുള്ള ആദ്യ ദിവസം ശ്രദ്ധിക്കണം’
ഡോ. രാജീവ് ജയദേവൻ, മുൻ പ്രസിഡന്റ്, ഐഎംഎ കൊച്ചി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) നിശ്ചയിക്കുന്നതിൽ സങ്കീർണമായ ചില കാര്യങ്ങളുണ്ട്. ആശുപത്രിയിൽ രോഗലക്ഷണങ്ങളുമായെത്തുന്നവരിൽ പരിശോധന നടത്തിയാൽ ടിപിആർ കൂടുതലായിരിക്കും. അതേസമയം, വിമാനത്താവളങ്ങളിൽ പുറത്തു നിന്ന് എത്തുന്നവരിൽ പരിശോധന നടത്തുമ്പോഴുള്ള ടിപിആർ കുറവുമായിരിക്കും. രണ്ടിടങ്ങളിലെ ടിപിആറിനെയും ഒരേ രീതിയിൽ കാണാനാവില്ല.
രോഗലക്ഷണങ്ങളുണ്ടെങ്കിലും പരിശോധന നടത്താതിരിക്കുന്ന പ്രവണത ചിലരിലുണ്ട്. ഇതു ശരിയല്ല. ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തി സ്ഥിരീകരിക്കാൻ ശ്രദ്ധിക്കണം. കൃത്യസമയത്തു പരിശോധന നടത്താതിരിക്കുന്നതു ചികിത്സയെയും ബാധിക്കും.
രോഗലക്ഷണങ്ങൾ തുടങ്ങുന്ന ആദ്യത്തെ ദിവസമാണു വൈറസ് മറ്റുള്ളവർക്കു നൽകാനുള്ള സാധ്യത കൂടുതൽ. പലപ്പോഴും ലക്ഷണങ്ങൾ തുടങ്ങിയെന്നു പലർക്കും മനസ്സിലാക്കാൻ കഴിയാറില്ല. പതിവായി പുറത്തു പോകുന്നവർ വീടുകൾക്കുള്ളിലും ജാഗ്രത പാലിക്കണം.
കോവിഡാനന്തര രോഗങ്ങൾ പലർക്കും വരുന്നുണ്ട്. അതുകൊണ്ടു തന്നെ പരിശോധന നടത്തി കോവിഡ് ബാധിതനാണോയെന്നു തിരിച്ചറിയേണ്ടത് തുടർ ചികിത്സകൾക്കും സഹായകരമാണ്.