അന്തംവിട്ടു കണ്ടിരുന്നു പോകും അന്ത്രുവിന്റെ മാജിക് കണ്ടാൽ; എൺപതാം വയസ്സിലും പവർഫുൾ
Mail This Article
മൂവാറ്റുപുഴ∙ അന്തംവിട്ടു കണ്ടിരുന്നു പോകും അന്ത്രുവിന്റെ മാജിക്. എൺപതാം വയസ്സിലും വേദികളിൽ പുതുമകളോടെ മാജിക് അവതരിപ്പിക്കുന്ന അന്ത്രൂക്ക മൂവാറ്റുപുഴയുടെ സ്വന്തം മാന്ത്രികനാണ്. അസാമാന്യമായ കയ്യടക്കത്തിലൂടെ സദസ്സിനെ വിസ്മയ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്ന ജാലവിദ്യകൾ ദ്രുതവേഗത്തിൽ ചടുലമായി അവതരിപ്പിക്കുന്ന അന്ത്രു പുതുതലമുറ അവതരിപ്പിക്കുന്ന മാജിക്കിന്റെ പുതുമയെ ഉൾക്കൊള്ളാൻ പഠനം തുടരുന്നുമുണ്ട്.
കയ്യടക്കത്തിന്റെ വിദ്യ പഠിക്കാനെത്തുന്നവർക്കു പഠിച്ചതെല്ലാം പകർന്നു നൽകാനും ഇഷ്ടമാണ് അന്ത്രൂക്കയ്ക്ക്. മാജിക് അവതരിപ്പിക്കാനുള്ള ഉപകരണങ്ങൾ നിർമിച്ചു നൽകിയും ഈ രംഗത്തെ പുതിയ കലാകാരന്മാർക്കു പിന്തുണ നൽകുന്നുണ്ട്. പെരുമറ്റം തെറ്റിലമാരിയിൽ അന്ത്രു മൂവാറ്റുപുഴ ടൗൺ യുപി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാജിക് പഠനം ആരംഭിച്ചത്. സഹപാഠികളെ പാട്ടിലാക്കാൻ വേണ്ടി മാതൃസഹോദരൻ കുഞ്ഞാമുവിൽ നിന്നാണു ബാലപാഠങ്ങൾ അഭ്യസിച്ചത്. 1970ൽ ജോലിക്കായി സിംഗപ്പൂരിൽ എത്തിയതോടെയാണ് മാജിക്കിനെ ഗൗരവമായി കാണാൻ തുടങ്ങിയത്.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്നെ ഒഴിവുസമയങ്ങളിൽ കൂടുതൽ വിദ്യകൾ പഠിച്ചെടുത്തു. രാത്രിയിൽ ഉറക്കമൊഴിച്ചു മാജിക് പഠിച്ച അന്ത്രു മാജിക്കിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും നിർമിക്കാൻ പഠിച്ചു. ഇന്ന് വിവിധ ജില്ലകളിലുള്ള മജീഷ്യൻമാരിൽ പലർക്കും മാജിക് ഉപകരണങ്ങൾ നിർമിച്ചു നൽകുന്നത് അന്ത്രുവാണ്. അടുത്തിടെ പുറത്തിറങ്ങിയ മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമയിൽ മാജിക്കിന്റെ തിരക്കുകൾക്കിടയിലും അന്ത്രു അഭിനയിച്ചു. നല്ലൊരു ഗായകനായ അന്ത്രു ഒട്ടേറെ ഗാനമേളകളിലും കഴിവു തെളിയിച്ചിട്ടുണ്ട്.