ദേശീയ ഹരിത ട്രൈബ്യൂണൽ മുന്നറിയിപ്പ്; പ്ലാസ്റ്റിക് കത്തിയ ചാരം 4 ആഴ്ചയ്ക്കുള്ളിൽ നീക്കിയില്ലെങ്കിൽ അപകടം
Mail This Article
കൊച്ചി ∙ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് കത്തിയ വിഷവസ്തുക്കളടങ്ങിയ ചാരമുൾപ്പെടെയുള്ള മാലിന്യം നാലാഴ്ചയ്ക്കുള്ളിൽ നീക്കിയില്ലെങ്കിൽ തീപിടിത്തത്തേക്കാൾ വലിയ അപകടമുണ്ടാകുമെന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്. ബ്രഹ്മപുരത്തു തീപിടിത്തത്തിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം നീക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ വകുപ്പിനോടും കൊച്ചി കോർപറേഷനോടും ട്രൈബ്യൂണൽ നിർദേശിച്ചു.
ബ്രഹ്മപുരത്തെ മാലിന്യവുമായി ബന്ധപ്പെട്ടു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (നിസ്റ്റ്) നടത്തിയ പഠന റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ട്രൈബ്യൂണലിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ട് ആശങ്കാജനകമാണെന്നു നിരീക്ഷിച്ച ട്രൈബ്യൂണൽ അപകടസാധ്യത കണക്കിലെടുത്തു ബ്രഹ്മപുരത്തെ മാലിന്യം നീക്കുന്നത് അതീവശ്രദ്ധയോടെയും ഘട്ടം ഘട്ടമായും വേണമെന്നു വിലയിരുത്തി.
കത്തിയത്, പാതി കത്തിയത്, കത്താത്തത്, കത്തിയതിന്റെ അവശിഷ്ടങ്ങൾ, ബയോമൈനിങ് ചെയ്തെടുത്ത ആർഡിഎഫ് തുടങ്ങി വ്യത്യസത തരത്തിലുള്ള മാലിന്യമാണു ബ്രഹ്മപുരത്ത് ഉള്ളത്. എന്നാൽ ഈ മാലിന്യം നീക്കം ചെയ്യുന്നതു സംബന്ധിച്ച നടപടികളെ കുറിച്ചോ, അതിന്റെ സമയക്രമമോ, അതിന് ഉപയോഗിക്കേണ്ട യന്ത്ര സംവിധാനങ്ങളെ കുറിച്ചോ സർക്കാർ അറിയിച്ചിട്ടില്ലെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.
ബയോമൈനിങ്: മണിക്കൂറിൽ 120 ടൺ ശേഷിയെന്ന് കമ്പനി
അത്രയൊന്നും അവിടെ നടക്കുന്നില്ലെന്നു പഠന റിപ്പോർട്ട്
∙ ബ്രഹ്മപുരത്തു മണിക്കൂറിൽ 120 ടൺ ശേഷിയിൽ ബയോമൈനിങ് നടത്തുന്നുണ്ടെന്ന സോണ്ട ഇൻഫ്രാടെക്കിന്റെ അവകാശവാദം പൊളിയുന്നു. തീപിടിത്തത്തിനു ശേഷം സ്ഥലം സന്ദർശിച്ച നിസ്റ്റ് സംഘം മണിക്കൂറിൽ 120 ടൺ ബയോമൈനിങ് നടത്താനുള്ള സംവിധാനം അവിടെയില്ലെന്നാണു റിപ്പോർട്ട് നൽകിയത്. ഇതു മലിനീകരണ നിയന്ത്രണ ബോർഡും കൊച്ചി കോർപറേഷനും പരിശോധിക്കണം.