ADVERTISEMENT

കാക്കനാട്∙ ഇൻഫോപാർക്കിനു സമീപം കടമ്പ്രയാറിനോടു ചേർന്ന 17 ഏക്കർ പ്രദേശം നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരംമാറ്റാൻ അനുമതി നൽകിയതിൽ ദുരൂഹത.    ഇതു പരിശോധിക്കണമെന്നു ചൂണ്ടിക്കാട്ടി റവന്യു ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ നിർത്താൻ കലക്ടർ എൻ.എസ്.കെ. ഉമേഷ് നിർദേശിച്ചു.    3.38 കോടി രൂപ ഫീസ് അടച്ചാണു പ്രദേശം തരം മാറ്റാനുള്ള അനുമതി മൂവാറ്റുപുഴ ആർഡിഒ ഓഫിസിൽനിന്നു ലഭ്യമാക്കിയത്. വാഴക്കാല സ്വദേശികളായ രണ്ടു പേരുടെ ഉടമസ്ഥതയിലുള്ളതാണു പ്രദേശം. 

തരംമാറ്റാൻ അനുമതി  ലഭിച്ചതിനെ തുടർന്നു വില്ലേജ് രേഖകളിൽ വ്യതിയാനം വരുത്താൻ റവന്യു ഉദ്യോഗസ്ഥർക്ക് ആർഡിഒ നിർദേശം നൽകിയിരുന്നു. സ്ഥലം സന്ദർശിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ അമ്പരന്നത്. കടമ്പ്രയാറിനോടു ചേർന്നു വിശാലമായ വെള്ളക്കെട്ടും ചതുപ്പും നിറഞ്ഞ പ്രദേശമാണു തരംമാറ്റി ഉത്തരവിട്ടതെന്ന് ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ വിവരം കലക്ടറെ അറിയിക്കുകയായിരുന്നു.  പ്രദേശത്തിന്റെ ചിത്രങ്ങൾ കണ്ട കലക്ടർക്കും സംശയം തോന്നിയതിനെ തുടർന്നാണു നടപടികൾ നിർത്താൻ നിർദേശിച്ചത്. 

സ്ഥലമുടമകളായ രണ്ടു പേർ 2021 സെപ്റ്റംബർ 30നാണു ഭൂമി തരം മാറ്റത്തിനു മൂവാറ്റുപുഴ ആർഡിഒ ഓഫിസിൽ അപേക്ഷ നൽകിയത്. നാലു ദിവസത്തിനകം താഴെത്തട്ടിലെ ഉദ്യോഗസ്ഥർ ആർഡിഒക്ക് അനുകൂല റിപ്പോർട്ട് സമർപ്പിച്ചു.   വിശാലമായ ചതുപ്പിനെ പുരയിട സമാനമെന്നായിരുന്നു റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്. രണ്ടും മൂന്നും െസന്റുകാർ ഭൂമി തരംമാറ്റത്തിന് അപേക്ഷിച്ചു മാസങ്ങളായാലും റിപ്പോർട്ട് ലഭിക്കാത്തിടത്താണ് ഇവിടെ നാലു ദിവസം കൊണ്ടു റിപ്പോർട്ട് നൽകിയത്.

പിന്നീടു റവന്യു– കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സ്ഥല പരിശോധന നടത്തി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഭൂമി തരം മാറ്റാൻ അനുമതി നൽകിയത്. പല സർവേ നമ്പറുകളിലായാണു പ്രദേശം കിടക്കുന്നത്.അതേസമയം, പതിറ്റാണ്ടുകളായി തങ്ങളുടെ ഉടമസ്ഥതയിലുള്ള പ്ലോട്ടുകൾക്കാണ് ആർഡിഒ തരംമാറ്റി അനുമതി തന്നിരിക്കുന്നതെന്ന് ഉടമകൾ പറഞ്ഞു. 

സ്ഥലത്തിന്റെ ന്യായ വില പ്രകാരമുള്ള ഫീസ് അടച്ചിട്ടുണ്ട്. ബ്രഹ്മപുരം റോഡിനായി തങ്ങളിൽനിന്ന് ഏറ്റെടുത്തതു കഴിച്ചുള്ള സ്ഥലമാണിത്. മൂന്നു വർഷം മുൻപാണു തരം മാറ്റത്തിന് അപേക്ഷ നൽകിയത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തിട്ടപ്പെടുത്തിയ തുകയാണു ഫീസായി അടച്ചത്. സ്ഥലം വ്യാവസായിക ആവശ്യത്തിനായി വികസിപ്പിക്കുകയാണു ലക്ഷ്യമെന്നും ഉടമകൾ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com