ആശുപത്രിയിൽ കേട്ടു; സ്നേഹ സ്വരം
Mail This Article
മരട് ∙ കുട്ടികളുടെ കളിചിരികളാണ് വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ സെമിനാർ ഹാളിലേക്ക് എത്തിയവരെ വരവേറ്റത്. ഇതിലെന്താണിത്ര പ്രത്യേകത എന്നാവും. ജന്മനാ കേൾവി ശക്തിയില്ലാത്ത കുട്ടികൾക്ക് ലോക്‌ഷോറിൽ സൗജന്യമായി നടത്തിയ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ കേൾവിശക്തി കിട്ടിയവരുടെ ആഘോഷമായിരുന്നു ആ കളിചിരികൾ. ലേക്‌ഷോർ ആശുപത്രിയുടെ 'സ്നേഹസ്വരം' പദ്ധതിയിലൂടെ 7 കുട്ടികൾക്കാണ് കേൾവിശക്തി കിട്ടിയത്. ഇതിൽ 6 കുട്ടികളും മാതാപിതാക്കളുമാണ് എത്തിയത്.
നർമ സല്ലാപവുമായി നടൻ രമേഷ് പിഷാരടിയും ഒപ്പം കൂടിയതോടെ ആഘോഷം അടിപൊളിയായി. ഓഡിയോളജിസ്റ്റ് ജെനീഷയുടെ നേതൃത്വത്തിൽ വേദിയിൽ നടത്തിയ സോദാഹരണ ടെസ്റ്റിൽ എല്ലാ കുട്ടികളും നന്നായി പ്രതികരിച്ചപ്പോൾ സദസ്സ് ഒന്നാകെ കയ്യടിച്ചു. പദ്ധതിയിൽ താൽപര്യമുള്ളവരുമായി സഹകരിക്കാൻ തയാറാണെന്ന് വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുല്ല പറഞ്ഞു. ആദ്യ ഘട്ടത്തിൽ 25 പേർക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സൗജന്യ തുടർചികിത്സ നൽകും.
പദ്ധതിയുടെ തുടക്കം മുതൽ സഹകരിക്കുന്ന നടൻ രമേഷ് പിഷാരടി പദ്ധതിക്ക് പൂർണ പിന്തുണ അറിയിച്ചു. സീനിയർ കൺസൽറ്റന്റും ഇഎൻടി വിഭാഗം മേധാവിയുമായ ഡോ. ഇടിക്കുള കെ. മാത്യൂസ്, ഡയറക്ടർ ഓഫ് മെഡിക്കൽ സർവീസസ് ഡോ. എച്ച്. രമേശ്, സീനിയർ റജിസ്ട്രാറും കോക്ലിയർ ഇംപ്ലാന്റ് സർജനുമായ ഡോ. ലക്ഷ്മി രഞ്ജിത് എന്നിവരും പ്രസംഗിച്ചു.