സോപാന സംഗീത കലയിൽ അരങ്ങേറി 21 കലാകാരന്മാർ
Mail This Article
പറവൂർ ∙ സോപാന സംഗീതം എന്ന കലയിൽ 21 കലാകാരന്മാർ അരങ്ങേറിയതു ശ്രദ്ധേയമായി. ഇടയ്ക്ക കൊട്ടി ദേവ സ്തുതികൾ പരമ്പരാഗത ശൈലിയിൽ ആലപിക്കുന്ന ഈ ക്ഷേത്ര കലയിൽ ഇത്രയേറെ പേർ ഒരേ ദിവസം അരങ്ങേറുന്നത് അപൂർവമാണ്. ഒന്നര വർഷത്തിലേറെയായി കാവിൽ ഉണ്ണിക്കൃഷ്ണ വാരിയരുടെ ശിക്ഷണത്തിൽ പരിശീലിച്ച ശേഷം, പെരുവാരം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു അരങ്ങേറ്റം. മേളകലാ ചക്രവർത്തി പെരുവനം കുട്ടൻ മാരാരും തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടും ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും തൃപ്പൂണിത്തുറ മുണ്ടേപ്പിള്ളി കൃഷ്ണദാസും മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്ര കലാകാരന്മാരും സന്നിഹിതരായി.
കളമെഴുത്ത് കലാകാരൻ ബിജു ഭാസ്‌കർ, നഴ്‌സ് ശ്രീദേവി ആനന്ദ്, സിനിമ അസോഷ്യേറ്റ് എഡിറ്റർ മിഥുൻ ടി.അജയൻ, പെയിന്റർമാരായ അരുൺകുമാർ, ടിനോയ് ഭാസ്‌കർ, കൊടുങ്ങല്ലൂർ ക്ഷേത്രം പാരമ്പര്യ മേൽശാന്തി സത്യധർമൻ അടികൾ, വെൽഡർ അരുൺ ജിത്ത്, ഓട്ടോ ഡ്രൈവർ ഷൈജു പട്ടത്താനത്ത്, പ്ലസ് വൺ വിദ്യാർഥി പ്രണവ്, റിട്ട.എസ്ഐമാരായ കെ.അജയ്, സതീഷ്ബാബു, ജോയിന്റ് ബിഡിഒ ദിനിൽ കുമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ അരങ്ങേറ്റം നടത്തി. ശിഷ്യഗണങ്ങൾ ചേർന്ന് കാവിൽ ഉണ്ണിക്കൃഷ്ണ വാരിയരെ സുവർണമുദ്ര നൽകി ആദരിച്ചു.