ഗുണ്ടകൾക്കു കൊച്ചി വീണ്ടും പച്ചത്തുരുത്ത്
Mail This Article
കൊച്ചി∙ ഇടവേളയ്ക്കു ശേഷം കൊച്ചി നഗരത്തിൽ സജീവമായി ഗുണ്ടാസംഘങ്ങൾ. ലഹരിക്കടത്തും വിപണനവും മണ്ണു കടത്ത്, പിടിച്ചുപറി, തട്ടിക്കൊണ്ടുപോയി മർദനം തുടങ്ങിയ സംഭവങ്ങൾ വർധിക്കുന്നതു ഗുണ്ടകളുടെ നേതൃത്വത്തിലെന്നു പരാതി. എന്നാൽ, സിറ്റി പൊലീസിലെ പ്രഗൽഭരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗുണ്ടാ സ്ക്വാഡ് രൂപീകരിക്കുകയും മരട് അനീഷിനെ പോലെയുള്ള ഗുണ്ടകളെ പിടികൂടുകയും ചെയ്തിട്ടും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഗുണ്ടകളും കുറ്റവാളികളും പതിവായി നഗരത്തിലേക്കെത്തുന്നതു പൊലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്.
തിരച്ചിലും നടപടിയും ആരംഭിച്ചാൽ കൂട്ടത്തോടെ സ്ഥലംവിടുകയാണു ഗുണ്ടകളുടെ പതിവ്. ഇതിനു വിരുദ്ധമായി നഗരകേന്ദ്രീകൃതമായി ഗുണ്ടകൾ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനു പിന്നിൽ ലഹരിവിൽപനയിൽ നിന്നു ലഭിക്കുന്ന കണക്കില്ലാത്ത പണമാണെന്നാണു പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം, കാക്കനാട്ടും തമ്മനത്തുമുണ്ടായ ഗുണ്ടാ ആക്രമണങ്ങളിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലാക്കിയിരുന്നു. നടുറോഡിൽ ഭീതിവിതച്ച് ഏറ്റുമുട്ടുകയും എതിരാളികളെ മർദിച്ചു മൃതപ്രായരാക്കുകയും ചെയ്ത ഈ ഗുണ്ടകളിലേറെയും ജില്ലയ്ക്കു പുറത്തുനിന്നുള്ളവരാണ്.
മരട് അനീഷിന്റെ സംഘത്തിലുള്ളവർ നഗരത്തിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലും പുറമേനിന്നുള്ള പ്രതികളുണ്ട്. മറ്റു ജില്ലകളിൽ കേസുകളിൽ ഉൾപ്പെട്ടു കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടകളുൾപ്പെടെ നഗരത്തിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാണു പൊലീസിന്റെ നിഗമനം.
മറ്റാരുടെയും ശ്രദ്ധയിൽപെടാതെ ഫ്ലാറ്റുകളിലും മറ്റും താമസിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമാണ് ഇക്കൂട്ടരെ നഗരത്തിലേക്ക് ആകർഷിക്കുന്നത്. നഗരത്തിൽ രാത്രി തുറന്നിരിക്കുന്ന കടകളുടെ പരിസരം കേന്ദ്രീകരിച്ചു ലഹരി വിൽപനയും ഗുണ്ടാപ്രവർത്തനങ്ങളും സജീവമാകുന്നതായി പരാതിയുണ്ട്. ഇത്തരം കടകൾക്കു മുന്നിൽ രാത്രി സംഘട്ടനങ്ങൾ ആവർത്തിക്കുന്നു.
ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് ഈ പ്രവണതയ്ക്കു തടയിടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും പൂർണ വിജയം കാണുന്നില്ല. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് തുടങ്ങി രാത്രിയിലും യാത്രക്കാരെത്തുന്ന സ്ഥലങ്ങളിലും ഗുണ്ടകളുടെ സാന്നിധ്യമുണ്ട്. രാത്രി വൈകിയെത്തി താമസസ്ഥലങ്ങളിലേക്കു പോകുന്ന യാത്രക്കാർ ആളൊഴിഞ്ഞ റോഡുകളിൽ പിടിച്ചുപറിക്ക് ഇരയാകുന്ന സംഭവങ്ങളിൽ പ്രതികളാകുന്നതും ഗുണ്ടകളാണ്.
പ്രമുഖ ഗുണ്ടാസംഘങ്ങളുടെ പേരു പറഞ്ഞ് ഭീതി വിതച്ച് അക്രമവും പിടിച്ചുപറിയും നടത്തുന്ന യുവാക്കളുടെ സംഘങ്ങളും രംഗത്തുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണു പൊലീസ് പറയുന്നത്. ഗുണ്ടാ സ്ക്വാഡിനും വിവിധ സ്റ്റേഷനുകൾക്കും ഗുണ്ടാ വിളയാട്ടങ്ങളിൽ കർശന നടപടിയെടുക്കാനുള്ള നിർദേശമാണു കമ്മിഷണർ നൽകിയിട്ടുള്ളത്.