കുമ്പളത്തോടിൽ രാത്രി കൂട്ടത്തോടെ എത്തിയത് 17 ആനകൾ; കൃഷി നശിപ്പിച്ചു, വീടിന് മുകളിലേക്കു തെങ്ങ് മറിച്ചിട്ടു
Mail This Article
പെരുമ്പാവൂർ ∙ വേങ്ങൂർ പഞ്ചായത്തിലെ കുമ്പളത്തോട് വീണ്ടും കാട്ടാനശല്യം. കൃഷി നശിപ്പിക്കുകയും വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിടുകയും ചെയ്തു. വാലയിൽ സുഭദ്രയുടെ വീടിനു മുകളിലേക്കാണു തെങ്ങ് മറിച്ചിട്ടത്. ബുധനാഴ്ച രാത്രി 17 ആനകൾ അടങ്ങിയ കൂട്ടം കൃഷി നശിപ്പിക്കുകയും വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിടുകയുമായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് ആനക്കൂട്ടത്തെ കണ്ടത്.രാവിലെ മുതൽ ആനക്കൂട്ടം പരിസരത്തു നിലയുറപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. ഭീതി മൂലം കുറെ ദിവസങ്ങളായി ഉറങ്ങാൻ കഴിയുന്നില്ല. കാട്ടാനകൾ നശിപ്പിക്കുന്നതിനാൽ റബർ ഒഴികെയുള്ള കൃഷിയൊന്നും കുറെ നാളായി ചെയ്യുന്നില്ല.
കാട്ടാന ശല്യം മൂലം പ്രദേശത്തെ താമസക്കാർ വീടും സ്ഥലവും വനംവകുപ്പിനു കൈമാറി ഒഴിയുകയാണ്. 19 വീട്ടുകാരാണു വനപട്ടയം ലഭിച്ച് ഇവിടെ താമസിച്ചിരുന്നത്. ഇതിൽ 7 വീട്ടുകാർ സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം നഷ്ടപരിഹാരം വാങ്ങി വീടും സ്ഥലവും ഒഴിയുകയാണ്. ഏഴെണ്ണത്തിന്റെ പ്രമാണ പരിശോധന കഴിഞ്ഞു. സ്ഥലത്തിന്റെ വിസ്തൃതി കണക്കാക്കാതെ കൈവശമുള്ള സ്ഥലത്തെ കുടുംബത്തിലെ പ്രായപൂർത്തിയായ അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ യൂണിറ്റായി കണക്കാക്കിയാണു തുക അനുവദിക്കുന്നത്.ഒരു യൂണിറ്റിന് 15 ലക്ഷം രൂപയാണു ലഭിക്കുക. പ്രായപൂർത്തിയായ എത്ര അംഗങ്ങളുണ്ടോ അത്രയും യൂണിറ്റുകൾ ലഭിക്കും.