ഹൃദയം നിറഞ്ഞൊഴുകുന്ന സ്നേഹവുമായി ആ കുട്ടികൾ മടങ്ങുന്നു, സ്വന്തം രാജ്യത്തേക്ക്
Mail This Article
കൊച്ചി ∙ അവരുടെ ഹൃദയത്തിന്റെ പുഞ്ചിരിക്കു രാജ്യത്തിന്റെ അതിർവരമ്പുകൾ ഇല്ലായിരുന്നു. ഗാംബിയയിൽ നിന്നുള്ള ഫതോമറ്റ ബൊജാങ്ങ് (14) പിറന്നാൾ കേക്ക് മുറിക്കുമ്പോൾ ഒപ്പം കൈപിടിച്ചത് യുഗാണ്ട, സാംബിയ, ഇത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ. എല്ലാവരും റോട്ടറിയുടെ ‘ഗിഫ്റ്റ് ഓഫ് ലൈഫ്’ പദ്ധതി പ്രകാരം അമൃത ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയരായവർ.
ബൊജാങ്ങിനു പുറമേ യുഗാണ്ടയിൽ നിന്നുള്ള അഷ്‌ലി കല്യാഗോ (6 മാസം പ്രായം), പ്രിസില്ല ചെലങ്ങാട്ട് (7 വയസ്സ്), അലിയ ബിറ്റിബ്വാ (3 വയസ്സ്), ഗാംബിയയിൽ നിന്നുള്ള ഇഷ തവറേഡു (6 വയസ്സ്), ലാമിൻ ടുറെ (10 വയസ്സ്), മറ്റാർ സീസെ (3 വയസ്സ്) ഇത്യോപ്യയിൽ നിന്നുള്ള ടിൻസെ ഏബ്രഹാം ഹെയ്‌ലി (11 മാസം), സാംബിയയിൽ നിന്നുള്ള ചീലേല ലാങ്കി (5 മാസം) എന്നിവരുടെ ഹൃദയശസ്ത്രക്രിയകളാണ് റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ അമൃതയിൽ പൂർത്തിയാക്കിയത്.
റോട്ടറിയുടെ പദ്ധതി പ്രകാരം യാത്രാച്ചെലവുൾപ്പെടെ പൂർണമായും സൗജന്യമായാണു ശസ്ത്രക്രിയ നടത്തിയത്. 2005 ജൂലൈ മുതൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ആറായിരത്തിലേറെ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതായി ഗിഫ്റ്റ് ഓഫ് ലൈഫ് ദേശീയ കോ ഓർഡിനേറ്റർ ഡോ. എ.സി. പീറ്റർ പറഞ്ഞു.
‘ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഇപ്പോൾ ശസ്ത്രക്രിയയുടെ മുറിവുകളുണ്ട്. അതൊരിക്കലും മായില്ല. ജീവിതത്തിലെ സന്തോഷത്തിന്റെ മുറിവുകളാണത്. ഈ നാട് ഞങ്ങളോടു കാണിച്ച സ്നേഹം മറക്കാനാകില്ല’. ശസ്ത്രക്രിയയ്ക്കു വിധേയയായ ചീലേല ലാങ്കിയുടെ അച്ഛൻ പെപിനോ ലാങ്കിയും അമ്മ ചെമ്പോ ഷാൻസോങ്ങയും പറഞ്ഞു. അമൃതയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ, കാർഡിയാക് സർജൻ ഡോ. പി.കെ. ബ്രിജേഷ്, ക്ലിനിക്കൽ പ്രഫസർമാരായ ഡോ. ബാലു വൈദ്യനാഥൻ, ഡോ. കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത കുഞ്ഞുങ്ങൾ ഇന്നലെ മുതൽ ഘട്ടംഘട്ടമായി സ്വദേശത്തേക്കു മടങ്ങിത്തുടങ്ങി.