തൃപ്പൂണിത്തുറയിലേക്ക് മെട്രോ; വ്യാപാര മേഖലയ്ക്ക് ഉണർവ്, വികസനത്തിന് വൻ കുതിപ്പ്
തൃപ്പൂണിത്തുറ ∙ ജനങ്ങൾക്ക് ഒട്ടേറെ പ്രതീക്ഷയോടെയാണു കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇന്നാരംഭിക്കുന്നത്. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ റെയിൽവേ സ്റ്റേഷനു സമീപം എത്തുമ്പോൾ നഗരത്തിനു തന്നെ വികസനക്കുതിപ്പ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ്
തൃപ്പൂണിത്തുറ ∙ ജനങ്ങൾക്ക് ഒട്ടേറെ പ്രതീക്ഷയോടെയാണു കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇന്നാരംഭിക്കുന്നത്. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ റെയിൽവേ സ്റ്റേഷനു സമീപം എത്തുമ്പോൾ നഗരത്തിനു തന്നെ വികസനക്കുതിപ്പ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ്
തൃപ്പൂണിത്തുറ ∙ ജനങ്ങൾക്ക് ഒട്ടേറെ പ്രതീക്ഷയോടെയാണു കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇന്നാരംഭിക്കുന്നത്. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ റെയിൽവേ സ്റ്റേഷനു സമീപം എത്തുമ്പോൾ നഗരത്തിനു തന്നെ വികസനക്കുതിപ്പ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ്
തൃപ്പൂണിത്തുറ ∙ ജനങ്ങൾക്ക് ഒട്ടേറെ പ്രതീക്ഷയോടെയാണു കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇന്നാരംഭിക്കുന്നത്. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ റെയിൽവേ സ്റ്റേഷനു സമീപം എത്തുമ്പോൾ നഗരത്തിനു തന്നെ വികസനക്കുതിപ്പ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് നഗരത്തിലെ ജനങ്ങൾ. അവരുടെ പ്രതികരണങ്ങളിലൂടെ
വ്യാപാര മേഖലയ്ക്ക് ഉണർവ്
‘തൃപ്പൂണിത്തുറയിലേക്കു മെട്രോ എത്തുന്നതോടെ നഗരത്തിലെ വ്യാപാര മേഖലയ്ക്കു കൂടുതൽ ഉണർവ് ഉണ്ടാകും. എറണാകുളം ഭാഗത്തു നിന്നു ജോലി കഴിഞ്ഞു എത്തുന്ന നഗരവാസികൾ തൃപ്പൂണിത്തുറയിൽ ഇറങ്ങി മാർക്കറ്റിൽ എത്തി ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വീടുകളിലേക്കു മടങ്ങുന്ന സ്ഥിതി ഉണ്ടാകും. ഇപ്പോൾ തന്നെ ഒട്ടേറെ ആളുകളാണ് മെട്രോയിൽ കയറി എറണാകുളത്തു പോയി സാധനങ്ങൾ വാങ്ങുന്നത്. മെട്രോ എത്തുന്നതോടെ ഇവർക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്ക് എളുപ്പത്തിൽ എത്താം’ – തോമസ് പോൾ, പ്രസിഡന്റ്, തൃപ്പൂണിത്തുറ മർച്ചന്റ്സ് യൂണിയൻ.
കണക്ടിവിറ്റി റോഡില്ല; തിളക്കം കെടുത്തി
‘എസ്എൻ ജംക്‌ഷൻ മുതൽ ഹിൽപാലസ് റോഡു വരെ കണക്ടിവിറ്റി റോഡില്ലാതെ തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ സ്റ്റേഷൻ ഉദ്ഘാടനം നടത്തുന്നത് ഈ പദ്ധതിയുടെ എല്ലാ തിളക്കവും ഇല്ലാതാക്കി. 25 സ്റ്റേഷനുകളിൽ പൊതുഗതാഗതം കടന്നു ചെല്ലാത്ത ഏക സ്റ്റേഷനാണ് തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ. നിർമാണത്തിൽ ചീഫ് സേഫ്റ്റി കമ്മിഷണർ ചൂണ്ടിക്കാട്ടിയ അപാകത പോലും പരിഹരിക്കാതെയാണ് ഉദ്ഘാടനം എന്നത് ആശങ്ക ഉണർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ട്രുറ നൽകിയ കേസ് 13 ലേക്കു മാറ്റിയിട്ടുണ്ട്. ജനങ്ങളെ ഗതാഗതക്കുരുക്കിലേക്ക് തള്ളി വിടാതെ യാഥാർഥ്യബോധത്തോടെയുള്ള തീരുമാനം ഉദ്ഘാടന സമയത്തുണ്ടാകണം’ – വി.പി. പ്രസാദ്, ചെയർമാൻ, തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ)
വികസനത്തിന് വൻ കുതിപ്പ്
‘മെട്രോ എത്തുന്നത് തൃപ്പൂണിത്തുറയുടെ വികസനത്തിന് വൻ കുതിപ്പേകും എന്നതിൽ തർക്കമില്ല. ഇതോടൊപ്പം തന്നെ മെട്രോയുടെ അനുബന്ധ റോഡുകളുടെ പണികളും യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം. റെയിൽവേ സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും എത്തുന്ന യാത്രക്കാരുടെ ബാഹുല്യം മൂലം ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അനുബന്ധ റോഡുകളുടെ പൂർത്തീകരണം അനിവാര്യമാണ്. മെട്രോ നിർമാണം കൊണ്ട് ഉണ്ടായ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടിയും ഉണ്ടാകണം’ – അബ്ദുൽ ഗഫൂർ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, എഡ്രാക്.
റോഡിൽ സമയം കളയേണ്ട
‘ജോലി സംബന്ധമായി ഒട്ടേറെ ആളുകളാണ് ദിനംപ്രതി എറണാകുളത്തേക്കു പോകുന്നത്. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരുന്നത് അവർക്ക് ഏറെ പ്രയോജനമാകും. റോഡിലെ കുരുക്കിൽ നിന്നു സമയം കളയാതെ, കൃത്യസമയത്തു ജോലിക്ക് എത്താം എന്നതാണ് മെട്രോ വരുന്നതോടെ കഴിയുന്നത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ മെട്രോ യാത്ര വളരെ ഉപകാരപ്രദമാകും. ജോഷില രമേഷ്, എച്ച്ആർ കൺസൽറ്റന്റ്, തൃപ്പൂണിത്തുറ.
ബസ് സ്റ്റാൻഡ് അത്യാവശ്യം
‘മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപം എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നതു റെയിൽവേ സ്റ്റേഷനാണ്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇവിടെ ഇറങ്ങി കഴിഞ്ഞാൽ മെട്രോയിൽ കയറി എറണാകുളത്തേക്ക് പോകാൻ സാധിക്കും. നടന്നു പോയി മെട്രോയിൽ കയറി എറണാകുളത്തേക്ക് പോകാം. ബസ് സ്റ്റാൻഡ് കൂടി വന്നാൽ മാത്രമേ നഗരത്തിനു പൂർണ പ്രയോജനം ലഭിക്കൂ. അതിനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം’ – മിനി ബോജി, വീട്ടമ്മ.
5000 യാത്രക്കാരെ പ്രതിദിനം പ്രതീക്ഷിക്കുന്നു
‘രാജനഗരി ആയത് കൊണ്ടു തന്നെ മറ്റു സ്റ്റേഷനുകളെ അപേക്ഷിച്ചു കുറച്ചു കൂടി ഭംഗി കൂട്ടിയാണ് ടെർമിനൽ സ്റ്റേഷൻ പണിതിരിക്കുന്നത്. യാത്ര ചെയ്യാൻ എത്തുന്നവർക്ക് കാണാൻ ഒത്തിരി കാര്യങ്ങൾ ഇവിടെ ഉണ്ട്. 5000 യാത്രക്കാരെയാണ് ഇവിടെ നിന്ന് പ്രതിദിനം പ്രതീക്ഷിക്കുന്നത്’ – സുമി നടരാജൻ ജോയിന്റ് ജനറൽ മാനേജർ , കെഎംആർഎൽ.
മ്യൂറൽ ചിത്രങ്ങൾ ഒരുക്കിയത് നവീൻ കുമാറും സംഘവും
തൃപ്പൂണിത്തുറ∙ മെട്രോ ടെർമിനൽ സ്റ്റേഷനിലെ മ്യൂറൽ ചിത്രങ്ങൾ വരയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി നവീൻ കുമാർ. കോഴിക്കോട് സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് നവ മ്യൂറൽ എന്ന ഇദ്ദേഹത്തിന്റെ സ്റ്റുഡിയോ. മ്യൂറൽ ചിത്രം പഠിക്കാൻ എത്തിയ പൂജ കശ്യപ് എന്ന ഡൽഹി സ്വദേശി വഴിയാണ് ഈ ഉദ്യമം ഇവരിലേക്ക് എത്തിയത്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്റെ തൂണുകളിലും സ്റ്റേഷന്റെ അകത്തളങ്ങളെയും വർണാഭമാക്കാൻ വേണ്ടി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നു നവീൻ പറഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയ രംഗങ്ങൾ പ്രധാന വിഷയമാക്കി ചുമർ ചിത്രങ്ങൾ രചിക്കാൻ ആയിരുന്നു കെഎംആർഎൽ നിർദേശം. അതനുസരിച്ചാണ് 35 ദിവസം കൊണ്ട് എല്ലാ പണികളും പൂർത്തിയാക്കിയത്. കുഞ്ഞൻ മണാശ്ശേരി, സജു മഞ്ചേരി, കെ.ബി മുരളി, സുരേന്ദ്രൻ എറണാകുളം, അനീഷ് വയനാട്, രമേശ് ഇരിങ്ങാലക്കുട, ജെനീഷ് ഉള്ളിയേരി തുടങ്ങിയവരും ചേർന്നാണ് ചിത്രങ്ങൾ ഒരുക്കിയത്.
കഷ്ടിച്ചു 100 മീറ്റർ മാത്രം
മെട്രോയുടെ ടെർമിനൽ സ്റ്റേഷൻ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപം എത്തുമ്പോൾ കൊച്ചി നഗരത്തിലേക്ക് പോകുന്നവർക്കാണ് ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക. 100 മീറ്ററിൽ താഴെ മാത്രമാണ് റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനു തമ്മിൽ ദൂരം. കോട്ടയം, തിരുവനന്തപുരം ഭാഗത്തു നിന്നൊക്കെ വരുന്നവർക്ക് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ മെട്രോയിൽ കയറി എറണാകുളം നഗരത്തിലേക്കു പോകാം. റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവ ബന്ധിപ്പിച്ചു നടപ്പാതയും റോഡും നിർമിക്കാനുള്ള നടപടി റെയിൽവേ തുടങ്ങിക്കഴിഞ്ഞു. അമൃത് ഭാരത് പദ്ധതിയിലാണ് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇതിനു സമീപം വാട്ടർ മെട്രോയും ബസ് സ്റ്റാൻഡും കൂടി എത്തിയാൽ വലിയൊരു വികസനത്തിനു തന്നെ ഇവ വഴി തുറക്കും.
പാർക്കിങ്
മെട്രോ സ്റ്റേഷനിലെ പാർക്കിങ് ഭാഗത്തെ പണികൾ അതിവേഗമാണ് പുരോഗമിക്കുന്നത്. ഇപ്പോൾ 40 കാറുകളും നൂറിലേറെ ബൈക്കുകളും ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും. പാർക്കിങ് ഭാഗത്തെ പണികൾ മുഴുവൻ കഴിഞ്ഞാൽ 113 കാറുകൾ പാർക്ക് ചെയ്യാൻ സാധിക്കുമെന്നു കെഎംആർഎൽ അധികൃതർ പറഞ്ഞു.
മെട്രോ: ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി
തൃപ്പൂണിത്തുറ ∙ മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ഗിഫ്റ്റ് സിറ്റി കൂടി ഉൾപ്പെടുത്താൻ സാധിക്കുമോ എന്നു പരിശോധിക്കുമെന്ന് മന്ത്രി പി. രാജീവ്. പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലെ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. 2–ാം ഘട്ടം അതിവേഗം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. 2026 ആദ്യ പകുതിയിൽ തന്നെ 2–ാം ഘട്ടത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർത്തീകരണം വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്നും മന്ത്രി പറഞ്ഞു.
തോടുകൾ പുനഃസ്ഥാപിക്കും
മെട്രോ സ്റ്റേഷന്റെ നിർമാണത്തിന്റെ ഭാഗമായി നികത്തിയ പൊതു തോടുകൾ എല്ലാം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നു മന്ത്രി പി.രാജീവ് ഉറപ്പു നൽകിയതായി നഗരസഭ ഉപാധ്യക്ഷൻ കെ.കെ. പ്രദീപ് കുമാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിവേദനം ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ മന്ത്രിക്കും കെഎംആർഎൽ എഡി ലോകനാഥ് ബെഹ്റയ്ക്കും സമർപ്പിച്ചു. നടപടി ഉടൻ സ്വീകരിക്കുമെന്ന് എംഡിയും ഉറപ്പു നൽകിയതായി ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
‘തൃപ്പൂണിത്തുറയുടെ ചരിത്രം, പൈതൃകം തുടങ്ങിയവ പരിഗണിച്ചാണ് തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വിഭാവനം ചെയ്തത്. കുറച്ചു കൂടി യൂസർ ഫ്രൻഡ്‌ലി സ്റ്റേഷനാക്കാനാണ് ശ്രമം. നിരക്ക് 75 രൂപ വരെ ഉയർത്താൻ സാധിക്കുമായിരുന്നു എങ്കിലും 60 രൂപ മാത്രമാണ് ഇപ്പോൾ ഈടാക്കുന്നുള്ളൂ. വാട്ടർ മെട്രോ കൂടി ഇവിടെ ആരംഭിക്കാനുള്ള ആലോചനയുണ്ട്’ – ലോക്നാഥ് ബെഹ്റ, കെഎംആർഎൽ എംഡി