ADVERTISEMENT

ആലങ്ങാട് ∙ ശുദ്ധജലവിതരണ കുഴൽ വീണ്ടും രണ്ടിടത്തു പൊട്ടിയതോടെ ആലങ്ങാട് മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങി.മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്നു വെള്ളം പമ്പു ചെയ്യുന്ന കുഴലാണ് ആലുവ– പറവൂർ റോഡിൽ കോട്ടപ്പുറത്തിനു സമീപവും ആലങ്ങാട് ബ്ലോക്ക്– മാർക്കറ്റ് റോഡിലും പൊട്ടിയത്.    ഇതോടെ കോട്ടപ്പുറം, കുന്നുംപുറം, ആലങ്ങാട് മാർക്കറ്റ് പരിസരം തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളിൽ രണ്ടുദിവസം ജലവിതരണം മുടങ്ങും. കഴിഞ്ഞദിവസം ആലുവ– പറവൂർ റോഡിൽ മറിയപ്പടിക്കു സമീപം 500 എംഎം കാസ്റ്റ് അയേൺ പൈപ്പ് പൊട്ടിയതിനു പിന്നാലെയാണ് ഇവിടെ പൊട്ടിയിരിക്കുന്നത്.അടിക്കടി പൈപ്പ് പൊട്ടി ശുദ്ധജലം മുടങ്ങുന്നതും റോഡ് തകരുന്നതും ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കുടിവെള്ളമില്ല ; ജനം നെട്ടോട്ടത്തിൽ 
ആലങ്ങാട് ∙ തത്തപ്പിള്ളി മേഖലയിൽ മുന്നറിയിപ്പില്ലാതെ 5 ദിവസത്തോളം കുടിവെള്ളം മുടങ്ങിയതോടെ ജനം നെട്ടോട്ടത്തിൽ. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജല അതോറിറ്റി ഓഫിസ് ഉപരോധിക്കുമെന്നു നാട്ടുകാർ.കോട്ടുവള്ളി പഞ്ചായത്ത് പരിധിയിൽ വരുന്ന തത്തപ്പിള്ളി, അത്താണി, വാണിയക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണു കഴിഞ്ഞ 5 ദിവസത്തിലേറെയായി കുടിവെള്ളം പൂർണമായും മുടങ്ങിയത്. പറവൂർ വാട്ടർ ടാങ്കിൽ നിന്നാണ് ഇവിടങ്ങളിലേക്കു ശുദ്ധജലവിതരണം നടക്കുന്നത്. ടാപ്പിലൂടെ വെള്ളം ലഭിക്കാതായതോടെ നാട്ടുകാർ ജല അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.എന്നാൽ ഇതുവരെ പ്രശ്നത്തിനു പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല.

കൂടാതെ പരാതി പറയാൻ ഫോൺ വിളിച്ചാൽ പലപ്പോഴും എടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.പ്രളയത്തിനു ശേഷം പ്രദേശങ്ങളിലെ മറ്റു ജലസ്രോതസ്സുകളിലെ വെള്ളം കുടിക്കാൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്. അതിനാൽ ഏക ആശ്രയം പൈപ്പിലൂടെ വരുന്ന വെള്ളം മാത്രമാണ്. കുടിവെള്ള വിതരണം പൂർണമായും മുടങ്ങിയതോടെ പലരും മറ്റു പ്രദേശങ്ങളിൽ നിന്നു വാഹനങ്ങളിലാണു വെള്ളമെത്തിക്കുന്നത്. ചിലർ ബന്ധുവീടുകളിലേക്കു താമസം മാറി. കോട്ടുവള്ളി പഞ്ചായത്തിലെ ചിലയിടങ്ങളിൽ നൂലു പോലെയും ചിലയിടങ്ങളിൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ ലഭിക്കാത്ത അവസ്ഥ വരെ എത്തിയിട്ടും പകരം സംവിധാനമൊരുക്കാൻ അധികൃതർ തയാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.

ശുദ്ധജലക്ഷാമം:ജല അതോറിറ്റിയിലെത്തി പ്രതിഷേധിച്ച് നഗരസഭാധികൃതർ
പറവൂർ ∙ നഗരസഭയിലെ വിവിധ വാർഡുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായതിനെത്തുടർന്നു നഗരസഭാധ്യക്ഷ ബീന ശശിധരന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലെത്തി പ്രതിഷേധിച്ചു.4 ദിവസമായി നഗരസഭ പ്രദേശത്തു ജലക്ഷാമം രൂക്ഷമാണെന്ന് കൗൺസിലർമാർ പറഞ്ഞു.ഇന്നലെ രാത്രി തന്നെ ശുദ്ധജലം ലഭ്യമാക്കുമെന്ന ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഉപാധ്യക്ഷൻ എം.ജെ.രാജു, സ്ഥിരസമിതി അധ്യക്ഷരായ സജി നമ്പിയത്ത്, വനജ ശശികുമാർ, കൗൺസിലർമാരായ ഡി.രാജ്കുമാർ, എൻ.ഐ.പൗലോസ്, ജ്യോതി ദിനേശൻ, പി.ഡി.സുകുമാരി, ഗീത ബാബു, ലിജി ലൈഗോഷ്, ലൈജി ബിജു, വി.എ.പ്രഭാവതി, ജെസി രാജു, അബ്ദുൽ സലാം, ജഹാംഗീർ തോപ്പിൽ, ജോബി പഞ്ഞിക്കാരൻ, ജി.ഗിരീഷ്, എം.കെ.ബാനർജി, ജയ ദേവനന്ദൻ, നിമിഷ, ആശ മുരളി, ഷൈനി രാധാകൃഷ്ണൻ എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്.

English Summary:

A major freshwater pipeline supplying Alangad, Kerala has burst in two places, disrupting water supply to thousands of residents. This latest incident follows a similar pipe burst just days ago, highlighting ongoing infrastructure issues and prompting protests from frustrated residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com