രാസലഹരി ലഭിച്ചത് ബെംഗളൂരുവിൽ വച്ച് നൈജീരിയൻ വംശജനിൽ നിന്നു പ്രതികൾ
Mail This Article
അങ്കമാലി ∙ മഞ്ഞപ്ര ചന്ദ്രപ്പുരയിൽ കാറിൽ നിന്നു 300 ഗ്രാം രാസലഹരി പിടികൂടിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പൊലീസും റൂറൽ ജില്ലാ ഡാൻസാഫും ചേർന്നു പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജിനെ (29) കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു രാസലഹരി പിടികൂടിയത്.
നൈജീരിയൻ വംശജനിൽ നിന്നു ബെംഗളൂരുവിൽ വച്ചാണു രാസലഹരി വാങ്ങിയതെന്നു പ്രതികൾ പൊലീസിനോട് പറഞ്ഞു. നാട്ടിൽ യുവാക്കൾക്കിടയിൽ വിൽപനയായിരുന്നു ലക്ഷ്യം. ഇവർ സ്ഥിരം ലഹരി കടത്തുകാരാണെന്നാണ് വിവരം. ഇവരിൽ നിന്നു സ്ഥിരമായി ലഹരി വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. നർകോട്ടിക് സെൽ ഡിവൈഎസ്പി പി.പി.ഷംസ്, തടിയിട്ടപറമ്പ് ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, ഉദ്യോഗസ്ഥരായ ജോസി എം. ജോൺസൺ, ടി.വി.സുധീർ എന്നിവരുൾപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്.