ചെളി നീക്കി, മണൽ നിറഞ്ഞ ‘മണപ്പുറം’ വീണ്ടും
Mail This Article
ആലുവ∙ ശിവരാത്രി മണപ്പുറത്ത് 2018ലെ മഹാപ്രളയത്തിൽ അടിഞ്ഞ ചെളി 6 വർഷത്തിനു ശേഷം മണ്ണുമാന്തി ഉപയോഗിച്ചു നീക്കിയപ്പോൾ തെളിഞ്ഞതു സ്വർണ നിറമുള്ള പഴയ മണൽപ്പുറം. ആലുവയിലെ പഴയ തലമുറക്കാരുടെ ഓർമകളിലും ആദ്യകാല മലയാള സിനിമകളിലും മാത്രമുള്ള മണൽ നിറഞ്ഞ ‘മണപ്പുറം’ അങ്ങനെ വീണ്ടും ദൃശ്യമായി. പ്രളയത്തിൽ ചെളിയും എക്കലും അടിഞ്ഞ് ഇവിടെ മൺതിട്ടകൾ രൂപപ്പെടുകയും അതിനു മുകളിൽ പുല്ലും കുറ്റിച്ചെടികളും വളരുകയും ചെയ്തതോടെയാണ് മണപ്പുറം ‘ചെളിപ്പുറ’മായി മാറിയത്. കാലവർഷത്തിൽ പെരിയാർ കരകവിഞ്ഞ് ഒഴുകുമ്പോൾ പിതൃകർമങ്ങൾക്കു ചെളി തടസ്സമായി.
ഭക്തജനങ്ങളുടെയും ബലിത്തറകൾ ലേലം ചെയ്യുന്ന പുരോഹിതരുടെയും പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെളി നീക്കാൻ നടപടി എടുത്തത്. 5 ലക്ഷം രൂപ മുടക്കി പുഴയോരത്ത് 20 മീറ്റർ ഭാഗത്തും മണപ്പുറത്തും ക്ഷേത്ര പരിസരത്തും ഭക്തജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലുമുള്ള ചെളിയാണ് തൽക്കാലം നീക്കുക. ഇതു വടക്കേ മണപ്പുറത്തെ താഴ്ന്ന സ്ഥലങ്ങളിൽ നിക്ഷേപിക്കും. മണപ്പുറത്തു നിന്നുള്ള നൂറുകണക്കിനു ലോഡ് മണൽ ഉപയോഗിച്ചാണ് ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ള സ്ഥലം പണ്ടു നികത്തിയത്.