രാത്രിയും പകലും കള്ളൻമാർ വിലസുന്നു; ജനം ഭീതിയിൽ
Mail This Article
പെരുമ്പാവൂർ ∙ ടൗണിൽ രാത്രിയും പകലും കള്ളൻമാർ വിലസുന്നു. തുടർച്ചയായി മോഷണവും മോഷണ ശ്രമവും നടക്കുന്നതിനാൽ ഭീതിയിലാണ് നഗരവാസികൾ. ശാസ്ത്രിലൈനിൽ പല്ലച്ചി നിസാറിന്റെ വീട്ടിൽ കയറിയ കള്ളൻമാർ ക്ലോസറ്റും വാഷ് ബേസിനുകളും പൈപ്പുകളും തകർത്തു. അലമാരകൾ തുറന്ന നിലയിലാണ്. വീട് ആകെ അലങ്കോലമാക്കി. നിസാറും കുടുംബവും ഗൾഫിലാണ്. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിനുള്ളിൽ നിന്നു ശബ്ദം കേട്ടതോടെ അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും കള്ളൻമാർ രക്ഷപ്പെട്ടു.
സമീപത്തെ ബിഒസി ലൈനിലെ 2 വീടുകളിലും തലേദിവസം മോഷണ ശ്രമം നടന്നു. വട്ടപ്പറമ്പിൽ ബെന്നി, അനുഗ്രഹയിൽ വേണുഗോപാൽ എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. വേണുഗോപാലും കുടുംബവും ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ബെന്നിയുടെ വീടും പൂട്ടിയിരിക്കുകയാണ്. ഇവിടെയും മുകൾനില വഴി മോഷ്ടാക്കൾ അകത്തു കടന്നു.
രണ്ടാഴ്ചയായി പെരുമ്പാവൂർ ടൗണിൽ മോഷണം നടക്കുന്നു.
നവംബർ 15നും 16നും നഗരമധ്യത്തിൽ മോഷണവും മോഷണ ശ്രമവും നടന്നു. പൊലീസ് സ്റ്റേഷനും ഗവ.ഗെസ്റ്റ് ഹൗസിനും സമീപം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു പിറകുവശം മങ്കുടി സജിയുടെ വീട്് കുത്തിത്തുറന്ന് 7000 രൂപയും മൊബൈൽ ഫോണും കവർന്നത് 15നാണ്. സജിയും കുടുംബവും വീടു പൂട്ടി പുറത്തു പോയ സമയത്തായിരുന്നു സംഭവം.
മോഷണ ശ്രമം: അസം സ്വദേശികൾ പിടിയിൽ
പെരുമ്പാവൂർ ∙ ബഥേൽ സുലോക്കോ പള്ളിയിലും കടുവാളിലെ വീട്ടിലും മോഷണം നടത്താൻ ശ്രമിച്ച അസം സ്വദേശികൾ പിടിയിൽ. അസം നൗഗാവ് സിങ്കമാരി സ്വദേശി അഫ്സാലുർ റഹ്മാൻ (24), നൗഗാവ് ഡിങ് സ്വദേശി ആഷിക്കുൽ ഇസ്‌ലാം (23) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 16ന് വെളുപ്പിന് പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ രണ്ടു പേരും ചേർന്ന് മോഷണത്തിനു ശ്രമിച്ചു. അലാം മുഴങ്ങിയതോടെ ഓടി രക്ഷപ്പെട്ടു. 18ന് ഉച്ചയ്ക്ക് 2.30ന് അഫ്സാലുർ റഹ്മാൻ കടുവാൾ അമൃത സ്കൂൾ റോഡിൽ തങ്കമാളിക ഓഡിറ്റോറിയത്തിനു സമീപമുള്ള വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി.
മോഷ്ടിക്കുന്നതിനിടയിൽ വീടിനകത്ത് വീട്ടമ്മയെ കണ്ടു ഓടി രക്ഷപ്പെട്ടു. മോഷണങ്ങൾ തടയുന്നതിനായി ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. ഇവർ മറ്റിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരുന്നു. ഇവർ ഉൾപ്പെടെ 6 മോഷ്ടാക്കളെയാണ് അടുത്ത ദിവസങ്ങളിലായി പ്രത്യേക അന്വേഷണ സംഘം പെരുമ്പാവുരിൽ നിന്നു പിടികൂടിയത്.
പെരുമ്പാവൂർ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ടി.എം.സൂഫി, എസ്ഐമാരായ റിൻസ് എം.തോമസ്, പി.എം. റാസിഖ് ,എൽദോസ് കുര്യാക്കോസ് ,സി.കെ.എൽദോ, എഎസ്ഐമാരായ പി.എ.അബ്ദുൽ മനാഫ് , എ.ജി.രതി, സീനിയർ സിപിഒമാരായ ടി.എ.അഫ്സൽ,വർഗീസ് ടി.വേണാട്ട്, ബെന്നി ഐസക് , കെ.ആർ ധനേഷ് മിഥുൻ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.