ADVERTISEMENT

കൊച്ചി∙ പെരുമ്പാവൂർ-മൂവാറ്റുപുഴ മേഖലയിൽ എംസി റോഡിലെയും പരിസര പ്രദേശങ്ങളിലെയും പ്ലൈവുഡ് മില്ലുകളിലേക്ക് മറ്റു ജില്ലകളിൽ നിന്ന് തടി കയറ്റി വരുന്ന വാഹനങ്ങൾ അമിത ഭാരവും അപകടകരമായ വിധത്തിൽ ലോറിക്ക് പുറത്തേക്കു തടികൾ തള്ളി നിൽക്കുന്നതും ഒഴിവാക്കണമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആ൪ടിഒ. കോതമംഗലം, പെരുമ്പാവൂർ–മൂവാറ്റുപുഴ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് കമ്പനികളിലേക്കായി ദിവസവും തടിയുമായി എംസി റോഡ് വഴി അഞ്ഞൂറിലധികം ഭാരവാഹനങ്ങൾ എത്തുന്നുണ്ട്. ഇവ പെരുമ്പാവൂരിലെ മാർക്കറ്റുകളിലെ വെയ്ബ്രിഡ്ജുകളിൽ തൂക്കം നോക്കി വില നിശ്ചയിച്ചു കഴിഞ്ഞ ശേഷമാണു കമ്പനികളിൽ എത്തുന്നത്. ഈ വാഹനങ്ങളിൽ അപകടകരമായ രീതിയിൽ തടികൾ പുറത്തേക്കു തള്ളി നിൽക്കുന്നതും അമിതഭാരം കയറ്റുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിനെ തുട൪ന്നാണ് ആ൪ടിഒയുടെ നി൪ദേശം.

വാഹനത്തിൽ ലോഡ് കയറ്റുമ്പോൾ ഇവ സുരക്ഷിതമായി പരിചയസമ്പത്ത് ഉള്ളവരെ കൊണ്ട് ബലമുള്ള കയറുകളാൽ ബന്ധിച്ചു സുരക്ഷിതമാക്കണം. കയറുകൾ വാഹനത്തിന്റെ അരികുകളിൽ ഉരഞ്ഞുപൊട്ടുന്നത് ഒഴിവാക്കാൻ ഇടയ്ക്കിടെ വാഹനം നിർത്തി പരിശോധിക്കണം. തടി കയറ്റി വരുന്ന വാഹനങ്ങൾ റോഡിൽ വലിയ തിരക്കുള്ള സമയം ഒഴിവാക്കണം. ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് പോലെ ഈ വാഹനങ്ങൾക്കും സമയനിയന്ത്രണം ഏർപ്പെടുത്താവുന്നതാണ്. വാഹനത്തിന്റെ കാബിൻ ലെവലിൽ മുകളിലേക്കും വശങ്ങളിലേക്കും തടി തള്ളി നിൽക്കുന്നത് ഒഴിവാക്കണം. വാഹനം കുഴികളിൽ ചാടുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും അമിതമായി ഉലയുകയും ബാലൻസ് നഷ്ടപ്പെടാനും കെട്ടുപൊട്ടാനും സാധ്യത കൂടുതലാണ്. വാഹനങ്ങളുടെ വശങ്ങളിൽ വാണിങ് ലൈറ്റുകളും റിഫ്ലക്ടീവ് സ്റ്റിക്കറുകളും സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തണം.

വിവിധ പഞ്ചായത്തുകളിൽ നിന്നും തടി കയറ്റി വരുന്ന വാഹനങ്ങൾ മൂലം പഞ്ചായത്ത് റോഡ് തകരുകയും വൈദ്യുതി കമ്പികൾ പൊട്ടുകയും മറ്റു നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നതായി പരാതികൾ ലഭിക്കുന്നു. ഭാര വാഹനങ്ങൾ ചെറിയ റോഡുകൾ ഒഴിവാക്കി സഞ്ചരിക്കണം. ഡ്രൈവർക്ക് പുറമേ ഒരു സഹായി കൂടി ഈ വാഹനങ്ങളിൽ ഉറപ്പാക്കണം. വാഹനങ്ങളുടെ അറ്റകുറ്റ പണികൾ യഥാസമയം നിർവഹിച്ചിട്ടുണ്ടെന്നും ടയറുകൾ നിലവാരമുള്ളതാണെന്നും ഉടമകൾ ഉറപ്പാക്കണം. വാഹനങ്ങളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കണം. ഇവ൪ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മതിയായ ഉറക്കം ലഭിച്ചു എന്ന് ഉറപ്പു വരുത്തേണ്ടതും ക്ഷീണം തോന്നുകയാണെങ്കിൽ വാഹനം റോഡിൽ നിന്നും മാറ്റി നിർത്തി ക്ഷീണം ഒഴിവാക്കിയതിനു ശേഷം യാത്ര തുടരേണ്ടതുമാണ്. അമിതഭാരം കയറ്റുന്നത് ഒഴിവാക്കുന്നതിലൂടെ വാഹനത്തിന്റെയും റോഡുകളുടെയും സുരക്ഷയും നിലനിൽപ്പും ഉറപ്പാകുന്നുവെന്നും ആ൪ടിഒ വ്യക്തമാക്കി.

English Summary:

The Ernakulam RTO has issued a directive to address safety concerns regarding timber lorries operating on MC Road and surrounding areas. The directive focuses on preventing overloading, securing protruding timber, avoiding peak hours, and ensuring driver safety to reduce accidents and road damage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com