ADVERTISEMENT

കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്നു സംസ്ഥാന സർക്കാർ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് 2219.033 കോടി രൂപയാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇത് പരിഗണനയിലാണെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദുരന്തത്തിനു ശേഷമുള്ള ആവശ്യങ്ങൾ വിലയിരുത്തി (പിഡിഎൻഎ) സംസ്ഥാന സർക്കാർ ഈ മാസം 13നു മാത്രമാണ് റിപ്പോർട്ട് നൽകിയതെന്നും കേന്ദ്ര സർക്കാർ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.  എന്നാൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളുക, ദുരന്തത്തെ അതി തീവ്രദുരന്തമായി പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങൾ വിശദീകരണത്തിൽ പരാമർശിച്ചിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡിസാസ്റ്റർ മാനേജ്മെന്റ് ഡിവിഷൻ ഡയറക്ടർ ആഷിഷ് വി. ഗവായിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അസി. സോളിസിറ്റർ ജനറലിന്റെ ചുമതല വഹിക്കുന്ന ടി.സി. കൃഷ്ണയാണ് വിശദീകരണ പത്രിക നൽകിയിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾ തടയുന്നതും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു ഹൈക്കോടതി സ്വമേധയായെടുത്ത ഹർജിയാണു പരിഗണിച്ചത്.

ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്നു വ്യവസ്ഥകളോടെ 153.467 കോടി രൂപ അടിയന്തര സഹായമായി അനുവദിക്കാൻ 16ന് ചേർന്ന ഉന്നതതല സമിതി അനുമതി നൽകിയിട്ടുണ്ടെന്നു വിശദീകരണത്തിൽ അറിയിച്ചു. 2219.033 കോടി രൂപയുടെ സഹായത്തിന്റെ കാര്യത്തിൽ നിലവിലെ മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. അധിക ധന സഹായത്തിനു സംസ്ഥാന സർക്കാരിന്റെ മെമ്മോറാണ്ടം ലഭിക്കുന്നതിനു മുൻപ് മന്ത്രിതല കേന്ദ്ര സംഘം ഓഗസ്റ്റ് എട്ടുമുതൽ 10വരെ സന്ദർശിച്ചിരുന്നു.

എന്നാൽ താൽക്കാലിക ആശ്വാസമായി ഉടൻ 214.68 കോടി രൂപ ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ മെമ്മോറാണ്ടം നൽകിയത് ഓഗസ്റ്റ് 19നാണ്. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ഒക്ടോബർ ഒന്നിനു പരിഗണിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശകൾ ഉന്നതതല സമിതിയുടെ പരിഗണനയിലാണ്.  എൻഡിആർഎഫിൽ നിന്ന് അധിക ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ച നടപടികൾ പ്രകാരമാണ് ഇത് പരിഗണിക്കുന്നത്. രക്ഷാപ്രവർത്തനത്തിനും മറ്റും വ്യോമസേന നൽകിയ ബിൽ ഉന്നത സമിതി അനുവദിച്ചിട്ടുണ്ടെന്നും ദുരന്താവശിഷ്ടങ്ങൾ നീക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ചതിന്റെ തുകയും നൽകുമെന്നും വിശദീകരണത്തിലുണ്ട്.

English Summary:

The Kerala High Court is overseeing the state's response to a devastating landslide in Wayanad. The state has requested ₹2219 crore from the central government for reconstruction, while the Centre has approved ₹153.467 crore as immediate relief.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com