റോഡ് കടക്കാൻ നല്ല നേരം നോക്കണം
Mail This Article
മൂവാറ്റുപുഴ∙ തർബിയ്യത് കവല വഴിയാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. റോഡിനു കുറുകെ കടക്കുമ്പോൾ ഒരു പൊലീസുകാരൻ കൈകൾ പൊക്കി ഒപ്പം നടന്നില്ലെങ്കിൽ വിദ്യാർഥികളെയും യാത്രക്കാരെയും വാഹനങ്ങൾ ഇടിച്ചു താഴെയിടും എന്ന സ്ഥിതിയാണ് കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ തർബിയ്യത് സ്കൂൾ ജംക്‌ഷനിൽ. 50 മീറ്റർ ദൂരത്തിൽ വൺവേ, തർബിയ്യത് , ചാലിക്കടവ് എന്നീ ജംക്‌ഷനുകൾ ഉണ്ട്. ഇതിനിടയിൽ 2 ബസ് സ്റ്റോപ്പും, ഹൈപ്പർ മാർക്കറ്റും, ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഉണ്ട്. ഇതിനടുത്തായി 2 സ്കൂളുകളും ഉണ്ട്. തിരക്കേറിയ ഈ മേഖലയിൽ നിലവിൽ സീബ്രാ ലൈൻ ഇല്ല .
അപകടങ്ങൾ പതിവായതോടെ സീബ്രാലൈൻ വരയ്ക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.വാഹനങ്ങളുടെ ബാഹുല്യം മൂല്യം അപകടങ്ങൾ പതിവാകുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തതോടെ രാവിലെയും വൈകിട്ടും ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. സ്കൂൾ സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിദ്യാർഥികൾക്കൊപ്പം റോഡിനു കുറുകെ അങ്ങോട്ടുമിങ്ങോട്ടും നടന്നാണ് ഇപ്പോൾ വാഹനങ്ങൾ നിയന്ത്രിക്കുന്നത്. മറ്റു സമയങ്ങളിൽ വയോധികർ അടക്കമുള്ളവർക്ക് റോഡിനു കുറുകെ കടക്കാൻ നല്ല നേരം നോക്കേണ്ട ഗതികേടാണ്.