ചെളിയും മണ്ണും പായലും കുളവാഴയും നിറഞ്ഞ് നാശമായി പൊതുകുളം
Mail This Article
നായത്തോട് ∙ ചെളിയും മണ്ണും പായലും കുളവാഴയും നിറഞ്ഞ് നാശമായി നായത്തോട് പാണാട്ടുകുളം പൊതുകുളം. വിമാനത്താവളത്തോട് ചേർന്ന് അങ്കമാലി നഗരസഭയിൽ പതിനേഴാം വാർഡിലാണ് പൊതുകുളം സ്ഥിതി ചെയ്യുന്നത്. മുൻ കാലങ്ങളിൽ പ്രദേശത്ത് വ്യാപകമായി ഉണ്ടായിരുന്ന നെൽക്കൃഷിക്ക് ആവശ്യമായ വെള്ളത്തിന് ഉപയോഗിച്ചിരുന്ന കുളമാണിത്. കൃഷി കുറഞ്ഞതു മൂലം പ്രദേശത്തെ കിണറുകളിലെ ശുദ്ധജലത്തിന്റെ പ്രധാന സ്രോതസ്സ് മാത്രമായി കുളം. അതോടെ കുളത്തിന്റെ കാര്യത്തിൽ അധികൃതർക്കും തീരെ ശ്രദ്ധയില്ലാതായി.
കാലങ്ങളായി ശുചീകരണ, നവീകരണ നടപടികൾ നടത്താത്തതിനാൽ കുളത്തിന്റെ വശങ്ങളിൽ നിന്ന് മണ്ണിടിഞ്ഞും പായലും കുളവാഴയും നിറഞ്ഞും കുളം ഏറെക്കുറെ മൃതാവസ്ഥയിലാണ്. വർഷങ്ങളായി ഉപയോഗ ശൂന്യമായതിനാൽ പ്രദേശത്തെ കിണറുകളിലെ നീരുറവ കുറഞ്ഞു വരികയാണ്. മാത്രമല്ല, കിണറുകളിൽ എത്തുന്ന വെള്ളമാകട്ടെ, അഴുക്കു നിറഞ്ഞതും ദുർഗന്ധം നിറഞ്ഞതുമായ വിധത്തിലുള്ളതാണ്. പായലും ചെളിയും കെട്ടിക്കിടന്നാണ് കുളത്തിലെ വെള്ളം അഴുകിയത്.
കുളത്തിന്റെ സംരക്ഷണ ഭിത്തികൾ പുനർ നിർമിച്ച്, കുളത്തിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് കുളം ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാധ്യക്ഷൻ മാത്യു തോമസിന് നിവേദനം നൽകി. കൗൺസിലർമാരായ ടി.വൈ.ഏലിയാസ്, ജിതേഷി ജോയ് എന്നിവരും സന്നിഹിതരായിരുന്നു. ബിജു പൂവേലി, കെ.ജി.ജോർജ്, ജോഷി കോട്ടയ്ക്കൽ, ലീലാമ്മ പൗലോസ്, എ.ആർ.ചന്ദ്രശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി.