ADVERTISEMENT

കൊച്ചി ∙ ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർ ദർശനത്തിനായി എത്തുന്നില്ലെങ്കിൽ ബുക്കിങ് കാൻസൽ ചെയ്യണമെന്ന കാര്യം സംസ്ഥാനത്തിനു പുറമേ, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ബുക്ക് ചെയ്യുന്ന തീർഥാടകരിൽ 20 മുതൽ 25%വരെ ദർശനത്തിന് എത്തുന്നില്ലെന്നും ഇവർ ബുക്കിങ് കാൻസൽ ചെയ്യാത്തതിനാൽ ഈ സ്ലോട്ടുകൾ മറ്റുള്ളവർക്ക് അനുവദിക്കാൻ കഴിയുന്നില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. തുടർന്നാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്.

ദർശനത്തിന് എത്തുന്നില്ലെങ്കിൽ ബുക്കിങ് കാൻസൽ ചെയ്യണമെന്നു കാട്ടി ഇവർക്ക് എസ്എംഎസ് അയയ്ക്കുന്നുണ്ട്. എന്നിട്ടും കാൻസൽ ചെയ്യാത്തവരുടെ ഇ മെയിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ ജി.ബിജു അറിയിച്ചു. തുടർന്നാണ് മാധ്യമങ്ങളിലൂടെ പ്രചാരണം നൽകാൻ നിർദേശം നൽകിയത്. ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണ്. സീതത്തോട്-നിലയ്ക്കൽ ശുദ്ധജല പൈപ്പിടുന്നത് ഒരാഴ്ചയ്ക്കുളളിൽ പൂർത്തിയാകുമെന്നു വാട്ടർ അതോറിറ്റി അറിയിച്ചു. പമ്പയിലും നിലയ്ക്കലിലും പാർക്കിങ് പ്രശ്നങ്ങളില്ലെന്നു ദേവസ്വം ബോർഡ് അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളിൽ എൽഇഡി ബൾബുകൾ ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്നതിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണം. പതിനെട്ടാം പടിയിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്ന ആദ്യ ബാച്ച് പൊലീസുകാർ 29ന് 15 ദിവസം പൂർത്തിയാക്കുമെന്നും 30ന് പുതിയ ബാച്ച് വരുമെന്നും സർക്കാർ അറിയിച്ചു. അയ്യപ്പ സേവാ സംഘത്തിന്റെ കൈവശമായിരുന്ന കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ശബരിമല സ്പെഷൽ കമ്മിഷണറോട് നിർദേശിച്ചു. ഇടത്താവളമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ ശുചിമുറി സൗകര്യം ഉറപ്പാക്കാനും കോടതി നിർദേശിച്ചു.

English Summary:

To address the issue of unutilized virtual queue slots for Sabarimala darshan, the Kerala High Court has instructed the Travancore Devaswom Board to raise awareness among devotees regarding the importance of canceling bookings if they are unable to undertake the pilgrimage. This directive comes in response to reports of a significant percentage of booked slots going unused.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com