ഭിന്നശേഷി പുരസ്കാരങ്ങൾ മൂന്നെണ്ണം ജില്ലയ്ക്ക്
Mail This Article
കൊച്ചി ∙ സാമൂഹിക നീതിവകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങളിൽ മൂന്നെണ്ണം എറണാകുളം ജില്ലയിൽ നിന്നുള്ളവർ നേടി. സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാരനായി (25,000 രൂപ) കൊച്ചിയിലെ ഫ്രാഗോമെൻ ഇമിഗ്രേഷൻ സർവീസസിലെ സീനിയർ പ്രോസസ് അസിസ്റ്റന്റ് മുഹമ്മദ് ജാബിർ തിരഞ്ഞെടുക്കപ്പെട്ടു. ചുണങ്ങംവേലിയിൽ പ്രവർത്തിക്കുന്ന കേരള റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഫിസിക്കലി അഫക്റ്റഡാണു (കൃപ) ഭിന്നശേഷിക്കാരുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്ന മികച്ച സർക്കാർ ഇതര സ്ഥാപനം (20,000 രൂപ). ഭിന്നശേഷിക്കാർക്കായി നടപ്പാക്കിയ മികച്ച നൂതന ഗവേഷണ പദ്ധതികൾക്കുള്ള പുരസ്കാരം (25,000 രൂപ) ഇൻക്ലുസിസ് ന്യൂറോ ഓർഗ് സഹ സ്ഥാപകനും ചീഫ് ഡിജിറ്റൽ ഉപദേഷ്ടാവുമായ റോബിൻ ടോമിക്കാണ്.
ജാബിറിന്റെ ഇടപെടലുകൾ
ജന്മനാൽ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച മുഹമ്മദ് ജാബിർ എസ്എംഎ ബാധിതരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ്. മലപ്പുറം തിരൂർ സ്വദേശിയായ ജാബിർ വർക് ഫ്രം ഹോം വഴിയാണു ജോലി ചെയ്യുന്നത്. എസ്എംഎ ബാധിതരായ 92 പേർക്കു ജോലി കണ്ടെത്താൻ ജാബിറിന്റെ ഇടപെടലുകൾ സഹായിച്ചു. എസ്എംഎ ബാധിതർക്കു സ്വയം തൊഴിൽ പരിശീലനം നൽകി അവരെ സ്വയം പര്യാപ്തരാക്കാനും സഹായിച്ചു. ഐടി പരിശീലനം, ഡിജിറ്റൽ മാർക്കറ്റിങ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഇദ്ദേഹം പരിശീലനം നൽകുന്നുണ്ട്.
ഇൻക്ലുസിസ് ന്യൂറോ ഓർഗ്
ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണു റോബിൻ ടോമിയുടെ നേതൃത്വത്തിലുള്ള ഇൻക്ലുസിസ് ന്യൂറോ ഓർഗ്. ഡേറ്റ അനാലിസിസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ സേവനമാണു സ്ഥാപനം പ്രയോജനപ്പെടുത്തുന്നത്. ഭിന്നശേഷിക്കാർക്കായി നിർമിത ബുദ്ധി പരിശീലനമുൾപ്പെടെ ഇദ്ദേഹം നൽകുന്നുണ്ട്. സെറിബ്രൽ പാൾസി പോലെ ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരുടെ മാനസിക, ശാരീരിക വളർച്ചയ്ക്കു പ്രയോജനപ്പെടുത്തുന്ന റിയാലിറ്റി പ്ലാറ്റ്‌ഫോമായ താത്വിക വികസിപ്പിച്ചത് റോബിൻ ടോമിയുടെ നേതൃത്വത്തിലാണ്.
43 വർഷത്തെ കൃപയായ്
ചുണങ്ങംവേലിയിൽ 1981 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു കൃപ. പുനരധിവാസ കേന്ദ്രം, സ്പെഷൽ സ്കൂൾ, ഏർലി ഇന്റർവെൻഷൻ സെന്റർ, ഡേ കെയർ മുതലായവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നടത്തുന്ന വൊക്കേഷനൽ കോഴ്സുകളായ കുട നിർമാണം, ബുക്ക് ബൈൻഡിങ് തുടങ്ങിയവയിൽ പരിശീലനം നേടിയ ഭിന്നശേഷിക്കാർ കൃപയിലും മറ്റു സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഒക്യുപേഷനൽ തെറപ്പി, ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി, വൊക്കേഷനൽ ട്രെയ്നിങ്, ക്ലിനിക്കൽ സൈക്കോളജി, സ്പെഷൽ എജ്യുക്കേഷൻ എന്നീ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനമാണു കൃപയുടേത്.