തുറവൂർ–അരൂർ ഉയരപ്പാത നിർമാണം: സമാന്തരറോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞു
Mail This Article
അരൂർ ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണത്തെ തുടർന്ന് ഒട്ടേറെ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതുമൂലം സമാന്തരറോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞു. തുറവൂർ– കുമ്പളങ്ങി ഫെറി റോഡ് , എരമല്ലൂർ–എഴുപുന്ന റോഡ്, അരൂർ–അരൂക്കുറ്റി റോഡ്, പള്ളിയറക്കാവ് റോഡ് തുടങ്ങി ഒട്ടേറെ റോഡുകളാണു തകർന്നത്. എഴുപുന്ന–കുമ്പളങ്ങി പാലത്തിന്റെ തെക്കുഭാഗത്തെ സമീപന പാതയും തകർന്നു. ഇവിടെ നിറയെ കുണ്ടും കുഴികളുമാണ്. ഉയരപ്പാത നിർമാണം മൂലം ചരക്കു ലോറി ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
സമാന്തര പാതകളുടെ സംരക്ഷണം ഉയരപ്പാത കരാർ കമ്പനി നടത്തുമെന്നു പല പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പല സമാന്തര റോഡുകളിലും വഴിയാത്രികർക്കു നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. അരൂർ–തുറവൂർ മേഖലയിൽ ഗതാഗത ക്ലേശം കുറയ്ക്കാൻ കഴിയാവുന്ന റോഡുകൾ യോജിപ്പിച്ചുള്ള ഗതാഗതമാർഗം കൊണ്ടുവരുന്നതിനു നടപടികൾ സ്വീകരിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായെന്നു കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
നിർമാണപ്രവർത്തനം നടക്കുന്ന ദേശീയപാതയുടെ ഇരുവശങ്ങളിലേയും റോഡുകൾ നവീകരിക്കുന്നതിനു നാഷനൽ ഹൈവേ അതോറിറ്റി 7 കോടിരൂപ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് അനുവദിക്കാൻ ധാരണയായതായി അദ്ദേഹം അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പദ്ധതി തയാറാക്കി സമർപ്പിക്കുന്ന മുറയ്ക്ക് ദേശീയപാത അതോറിറ്റി അതിന് അംഗീകാരം നൽകി നിർമാണ ജോലികൾ ആരംഭിക്കും.