ജില്ലാ സ്കൂൾ കലോത്സവം ഇന്നു സമാപിക്കും; എറണാകുളം മുന്നിൽ
കുറുപ്പംപടി ∙ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്നു കൊടിയിറക്കം. അവസാന ദിവസത്തിലേക്കു കടക്കുമ്പോൾ കിരീടപ്പോരാട്ടത്തിൽ എറണാകുളം നേരിയ പോയിന്റിനു (816) മുന്നിലാണ്. ആലുവ ഉപജില്ല പിന്നാലെയുണ്ട് (790). ആതിഥേയരായ പെരുമ്പാവൂരിനെ പിന്തള്ളി, 732 പോയിന്റുമായി പറവൂർ മൂന്നാം സ്ഥാനത്തെത്തി. സ്‌കൂൾ വിഭാഗത്തിൽ ആലുവ
കുറുപ്പംപടി ∙ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്നു കൊടിയിറക്കം. അവസാന ദിവസത്തിലേക്കു കടക്കുമ്പോൾ കിരീടപ്പോരാട്ടത്തിൽ എറണാകുളം നേരിയ പോയിന്റിനു (816) മുന്നിലാണ്. ആലുവ ഉപജില്ല പിന്നാലെയുണ്ട് (790). ആതിഥേയരായ പെരുമ്പാവൂരിനെ പിന്തള്ളി, 732 പോയിന്റുമായി പറവൂർ മൂന്നാം സ്ഥാനത്തെത്തി. സ്‌കൂൾ വിഭാഗത്തിൽ ആലുവ
കുറുപ്പംപടി ∙ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്നു കൊടിയിറക്കം. അവസാന ദിവസത്തിലേക്കു കടക്കുമ്പോൾ കിരീടപ്പോരാട്ടത്തിൽ എറണാകുളം നേരിയ പോയിന്റിനു (816) മുന്നിലാണ്. ആലുവ ഉപജില്ല പിന്നാലെയുണ്ട് (790). ആതിഥേയരായ പെരുമ്പാവൂരിനെ പിന്തള്ളി, 732 പോയിന്റുമായി പറവൂർ മൂന്നാം സ്ഥാനത്തെത്തി. സ്‌കൂൾ വിഭാഗത്തിൽ ആലുവ
കുറുപ്പംപടി ∙ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്നു കൊടിയിറക്കം. അവസാന ദിവസത്തിലേക്കു കടക്കുമ്പോൾ കിരീടപ്പോരാട്ടത്തിൽ എറണാകുളം നേരിയ പോയിന്റിനു (816) മുന്നിലാണ്. ആലുവ ഉപജില്ല പിന്നാലെയുണ്ട് (790). ആതിഥേയരായ പെരുമ്പാവൂരിനെ പിന്തള്ളി, 732 പോയിന്റുമായി പറവൂർ മൂന്നാം സ്ഥാനത്തെത്തി. സ്‌കൂൾ വിഭാഗത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് (291) കിരീടമുറപ്പിച്ചു. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസും (221), എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസും (218) തമ്മിലാണ് രണ്ടാം സ്ഥാനത്തിനുള്ള പോരാട്ടം.
സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവ ജേതാക്കളായി (93). പറവൂരാണ് (90) രണ്ടാമത്. പെരുമ്പാവൂർ, തൃപ്പൂണിത്തുറ ഉപജില്ലകൾ 88 വീതം പോയിന്റുകൾ നേടി മൂന്നാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ നോർത്ത് പറവൂർ (88), അങ്കമാലി (84) ഉപജില്ലകൾ ആദ്യ രണ്ടു സ്ഥാനങ്ങൾ നേടി. ഇരുവിഭാഗങ്ങളിലും ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസിനാണ് സ്‌കൂൾ കിരീടം. എച്ച്എസിൽ 83 പോയിന്റ്, യുപിയിൽ 60 പോയിന്റ്.
അറബിക് കലോത്സവം യുപി വിഭാഗത്തിൽ ആലുവ, മൂവാറ്റുപുഴ ഉപജില്ലകൾ 65 പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം എച്ച്എസ്എസ് സ്‌കൂൾ ജേതാക്കളായി (45 പോയിന്റ്). ഹൈസ്‌കൂൾ വിഭാഗത്തിൽ ഒരു ഇനം ബാക്കിയുണ്ട്. പെരുമ്പാവൂർ ഉപജില്ലയാണു മുന്നിൽ (90). ഹിദായത്തുൽ ഇസ്‌ലാം എച്ച്എസ്എസ് സ്‌കൂൾ കിരീടം ഉറപ്പിച്ചു (78). അവസാനദിനം 9 വേദികളിൽ മാത്രമാണു മത്സരം. സംഘനൃത്തം, മാർഗംകളി, വഞ്ചിപ്പാട്ട്, ബാൻഡ് മേളം, വൃന്ദവാദ്യം, അറബിക് നാടകം ഇനങ്ങളിൽ മത്സരമുണ്ട്. വൈകിട്ട് നാലിനാണു സമാപനച്ചടങ്ങുകൾ.
ഭരതനാട്യ മത്സരത്തിന്റെ വിധി: അധ്യാപികയ്ക്ക് എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടു
കുറുപ്പംപടി ∙ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിന്റെ വിധിയെ ചൊല്ലിയുണ്ടായ പ്രതിഷേധത്തിൽ അധ്യാപികയ്ക്ക് എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കത്തുനൽകി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടറാണ് നടപടി ആവശ്യപ്പെട്ട് സ്കൂൾ മാനേജർക്കു കത്തു നൽകിയത്. പ്രോഗ്രാം കമ്മിറ്റി ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചു കുത്തിയിരിപ്പു നടത്തിയ മത്സരാർഥിയെ താക്കീത് ചെയ്യണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിനും കത്തു നൽകി.
മൂവാറ്റുപുഴ തർബിയത്ത് എച്ച്എസ്എസിലെ അധ്യാപിക എം. ജയശ്രീക്ക് എതിരെ നടപടിയെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘാടക സമിതി ഓഫിസ് പ്രവർത്തനം തടസ്സപ്പെടുത്തി, സമിതിയുടെ വർക്കിങ് കമ്മിറ്റി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടും പ്രോഗ്രാം കമ്മിറ്റി ചെയർമാനായ രായമംഗലം പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റു കമ്മിറ്റി അധ്യക്ഷരോടും അധ്യാപിക അപമര്യാദയോടെ പെരുമാറിയെന്നും സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നും കത്തിൽ പറയുന്നു.
കലോത്സവ നിയമപ്രകാരം പരാതി പരിഹാരത്തിനു മാർഗങ്ങളുള്ളപ്പോൾ അധ്യാപികയുടെ നടപടി കുറ്റകരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അധ്യാപികയ്ക്ക് എതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസിലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലും റിപ്പോർട്ട് ചെയ്യണമെന്നാണു നിർദേശം. ഇതേ സ്കൂളിലെ മത്സരാർഥിയായ വിദ്യാർഥിനിയെ താക്കീത് ചെയ്യണമെന്നാണു രണ്ടാമത്തെ കത്തിലുള്ളത്. കലോത്സവ നിയമാവലി അനുസരിച്ചു മത്സരത്തിൽ പങ്കെടുക്കണമെന്നും അല്ലെങ്കിൽ വിലക്കു നേരിടേണ്ടി വരുമെന്നുമാണു സൂചന.
രാജാവിന്റെ വേഷമിട്ടു, പാർവതിനന്ദ അഭിനയത്തിൽ റാണിയായി
കുറുപ്പംപടി ∙ ഹൈസ്കൂൾ നാടകത്തിലെ മികച്ച നടിയെ പ്രഖ്യാപിക്കേണ്ട വന്നപ്പോൾ വിധികർത്താക്കൾക്ക് ‘കൺഫ്യൂഷൻ’. ചെസ്റ്റ് നമ്പർ 12 നാടകത്തിലെ ‘രാജാവി’നെ അവതരിപ്പിച്ചയാൾ മികച്ച ‘നടൻ’ എന്നായിരുന്നു വിധിനിർണയ സമയത്തെ പ്രഖ്യാപനം. മികച്ച നടിയെ പ്രഖ്യാപിച്ചതുമില്ല. വിധിനിർണയ സ്കോർഷീറ്റിൽ എഴുതിയതു ‘നടിൻ’ എന്നും. എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് സംഘത്തിന്റെ ‘നമ്മൾ സമം’ നാടകത്തിൽ 10–ാം ക്ലാസുകാരി പാർവതിനന്ദ അവതരിപ്പിച്ചത് ‘രാജാവി’നെയാണ്.
അതുകൊണ്ടാകും മികച്ച ‘നടൻ’ ആയതെന്നു പാർവതിയും ഉറപ്പിച്ചു. ഇക്കാര്യത്തിലെ ആശയക്കുഴപ്പം നീങ്ങിയത് പിന്നീടാണ്. അതോടെ, പാർവതി നന്ദയുടെ ആശയക്കുഴപ്പത്തിനും ഫൈനൽ കർട്ടനിട്ടു. ഇനി മാറ്റമില്ല. താൻതന്നെ മികച്ച ‘നടി’. ആദ്യമായാണു മികച്ച നടിയാകുന്നത്. കഴിഞ്ഞ സംസ്ഥാനതല കലോത്സവത്തിലെ നാടകമത്സര സംഘത്തിലും പാർവതിയുണ്ടായിരുന്നു. കുറുപ്പംപടി ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ പങ്കെടുത്തു. സംഘനൃത്തത്തിൽ ഇന്നിറങ്ങും. മികച്ച നടിയെ ഉറപ്പിച്ചു. അപ്പോൾ മികച്ച നടനാരാ? കടയിരുപ്പ് ഗവ. എച്ച്എസ്എസ് അവതരിപ്പിച്ച ‘അൽസ്ഹൈമേഴ്സ്’ എന്ന നാടകത്തിലെ വിശ്വാസ് വാസാണ് ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച നടൻ.
വിശ്വാസിന്റെ സഹോദരൻ വിസ്മയ് വാസും സുഹൃത്ത് അബിൻരാജും ചേർന്നു സംവിധാനം ചെയ്ത നാടകത്തിൽ രാജാവ്, ഭരതൻ എന്ന കഥാപാത്രത്തിന്റെ സഹോദരൻ എന്നിവരെ വേഷപ്പകർച്ചയിലൂടെ മികവുറ്റതാക്കിയതോടെയാണു മികച്ച നടനായത്. ഉപജില്ലാ കലോത്സവത്തിലും ഉപജില്ലാ ശാസ്ത്ര നാടകത്തിലും 8–ാം ക്ലാസ് വിദ്യാർഥിയായ വിശ്വാസ് മികച്ച നടനായിരുന്നു. സഹോദരൻ വിസ്മയ് വാസ് മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. തിരുവനന്തപുരം ലോ കോളജ് വിദ്യാർഥിയാണ് അബിൻരാജ്.
ഫലം പൊള്ളിയില്ല; ആഷിമയ്‌ക്ക് എ ഗ്രേഡ്
കുറുപ്പംപടി ∙ ചൂടുവെള്ളം വീണു പൊള്ളിയ കാലിലെ വേദനയുമായി എച്ച്എസ് വിഭാഗം ഭരതനാട്യ മത്സര വേദിയിൽ ആഷിമ അരുൺ ചുവടുവച്ചപ്പോൾ അമ്മയും അധ്യാപികയുമായ പ്രിയമാലിനി പ്രാർഥനയിലായിരുന്നു; സമ്മാനം കിട്ടിയില്ലെങ്കിലും വേദന അറിയാതെ മത്സരം പൂർത്തിയാക്കണമെന്ന പ്രാർഥന. മത്സരം പൂർത്തിയാക്കി ഇറങ്ങിയപ്പോഴാണ് അമ്മയ്ക്കു ശ്വാസം നേരെ വീണത്. മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു. മൂക്കടപ്പു മാറാൻ ആവി പിടിക്കാൻ തയാറാക്കിയ ചൂടുവെള്ളം അടുപ്പിൽ നിന്ന് എടുക്കുമ്പോഴാണു തുടയിൽ വീണു പൊള്ളിയത്. പൊള്ളലേറ്റ കാലുമായി കേരള നടനത്തിലും പങ്കെടുത്തു. ഇന്നു സംഘനൃത്തത്തിലും പങ്കെടുക്കാനുണ്ട്. പിറവം സെന്റ് ജോസഫ്സ് എച്ച്എസ്എസ് 9–ാം ക്ലാസ് വിദ്യാർഥിനിയാണ്.
ശ്രീലക്ഷ്മി FROM ആശുപത്രി TO നൃത്തവേദി
ജീവിതത്തിൽ പരീക്ഷണങ്ങൾ പലതും അതിജീവിച്ചിട്ടുണ്ട് ശ്രീലക്ഷ്മി. ഇന്നലെ കലോത്സവ വേദിയിലും കരുത്ത് അതായിരുന്നു. പിറവം എംകെഎം എച്ച്എസ്എസ് വിദ്യാർഥിനിയായ ശ്രീലക്ഷ്മി ആശുപത്രിക്കിടക്കയിൽ നിന്നാണ് ഇന്നലെ എച്ച്എസ്എസ് നാടോടി നൃത്തത്തിൽ മത്സരിക്കാനെത്തിയത്. എ ഗ്രേഡ് നേട്ടമുണ്ട്. സംസ്ഥാനതല മത്സരത്തിനായി അപ്പീലും നൽകി. കഴിഞ്ഞ ദിവസം ഭരതനാട്യ മത്സരത്തിനിടെയാണു വീണു കാലിനു പരുക്കേറ്റത്.
വലതുകാലിൽ പരുക്കേറ്റെങ്കിലും വേദന മറന്നു മത്സരം പൂർത്തിയാക്കി എ ഗ്രേഡ് നേടി. മത്സരശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതീക്ഷയേറെയുള്ള നാടോടി നൃത്തത്തിൽ പങ്കെടുക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ശ്രീലക്ഷ്മിയെന്ന് അധ്യാപിക വിദ്യ പറഞ്ഞു. ശ്രീലക്ഷ്മിയെ അച്ഛൻ ദിനേശൻ എടുത്താണ് എംജിഎം സ്‌കൂളിലെ രണ്ടാം നിലയിലെ വേദിയിലെത്തിച്ചത്. വേദനയ്ക്കിടയിലാണു നാടോടിനൃത്ത മത്സരം പൂർത്തിയാക്കിയത്. അമ്മ ശ്രീകല 4 വർഷം മുൻപാണു മിന്നലേറ്റു മരിച്ചത്. ദിനേശൻ കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിലാണു കുടുംബം കഴിയുന്നത്.
അപ്പീൽ ഇനത്തിൽ 3 ലക്ഷം രൂപ
ജില്ലാ കലോത്സവം 4 ദിവസം പിന്നിട്ടപ്പോൾ അപ്പീൽ ഇനത്തിൽ ലഭിച്ചതു 3 ലക്ഷം രൂപ. ഇന്നലെ വരെ 60 അപ്പീലുകളാണ് എത്തിയത്.
യൂഹാനസും കാതറിനും ഹാപ്പി ഹാപ്പി
കുറുപ്പംപടി ∙ സ്വിറ്റ്സർലൻഡിൽ സ്ഥിരതാമസക്കാരായ ജർമൻ ദമ്പതികൾക്കു ജില്ലാ കലോത്സവത്തിലെ കാഴ്ചകളെല്ലാം കൗതുകമായിരുന്നു. വേദികളിലെ മത്സരം കണ്ടും മത്സരാർഥികൾക്കൊപ്പം ഫോട്ടോയെടുത്തും അവർ കലോത്സവം ആഘോഷിച്ചു. യൂഹാനസും കാതറിനും മൂന്നാറിൽ നിന്നു തൃശൂരിലേക്കു പോകുമ്പോഴാണു കുറുപ്പംപടിയിലെ കലോത്സവത്തിരക്കിൽ കണ്ണുടക്കിയത്.
ടാക്സി കാറിലായിരുന്നു യാത്ര. കാർ ഒതുക്കാൻ ആവശ്യപ്പെട്ട് വിവിധ വേദികളിലെത്തി. ഭരതനാട്യവും മറ്റും കണ്ട്, മത്സരാർഥികൾക്കൊപ്പം ചിത്രവും എടുത്തു. വീണുകിട്ടിയ കാഴ്ചകളിലെല്ലാം ഇരുവരും ഹാപ്പി. കലോത്സവ കാഴ്ചകൾ വലിയ അനുഭവമായി എന്നായിരുന്നു യൂഹാനസിന്റെ അഭിപ്രായം. ഇന്ത്യയിൽ ഇതു നാലാം തവണയാണ് എത്തുന്നത്. തൃശൂർ നാട്ടികയിലെ ബീച്ച് റിസോർട്ടിൽ ആയുർവേദ ചികിത്സയ്ക്കു ശേഷമായിരിക്കും മടങ്ങുകയെന്ന് ഇരുവരും പറഞ്ഞു.
ഓർമകളിൽ ആൻ റിഫ്ത...
ചവിട്ടുനാടകങ്ങളിലെ താരമായിരുന്ന ആൻ റിഫ്തയുടെ ഓർമകളിലാണു സഹോദരൻ റിതുൽ ജില്ലാ കലോത്സവത്തിൽ ഇന്നലെയെത്തിയത്. അങ്കമാലി ഡിപോൾ എച്ച്എസ്എസ് ചവിട്ടുനാടക സംഘത്തിന്റെ പരിശീലകനായാണു റിതുൽ കലോത്സവ വേദിയിലെത്തിയത്. ‘കുസാറ്റി’ൽ കഴിഞ്ഞ വർഷമുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു വിദ്യാർഥിനിയായ ആൻ റിഫ്തയുടെ വേർപാട്.
ചവിട്ടുനാടകക്കളരി ആശാനായ പിതാവ് റോയ് ജോർജ്‌കുട്ടിയുടെ കൈപിടിച്ചാണ് റിതുലും ആൻ റിഫ്തതും ആ രംഗത്തെത്തിയത്. റോയ് ഒരുക്കിയ പല ചവിട്ടുനാടകങ്ങളുടെ ഭാഗമായിരുന്നു ഇരുവരും. കലോത്സവ വേദികളിൽ മത്സരാർഥികളെ പരിശീലിപ്പിക്കാനും ഒരുക്കാനും ആൻ റിഫ്തയും അച്ഛനോടൊപ്പം സജീവമായിരുന്നു. സ്കൂൾ കലോത്സവത്തിൽ ചവിട്ടുനാടക സംഘത്തെ പരിശീലിപ്പിക്കാൻ റോയ് ജോർജ്‌കുട്ടി തിരുവനന്തപുരത്താണ്. റിതുലിന്റെ പരിശീലനത്തിലെത്തിയ സ്കൂളിന് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ എ ഗ്രേഡുണ്ട്.
ചവിട്ടുനാടക സംഘങ്ങളിൽ പെൺകുട്ടികൾ ഏറി
ചവിട്ടുനാടക സംഘങ്ങളിൽ സജീവ സാന്നിധ്യമായി പെൺകുട്ടികൾ. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ മത്സരിച്ച സ്കൂളിലെ ഭൂരിഭാഗം അംഗങ്ങളും പെൺകുട്ടികളായിരുന്നു. ഗോതുരുത്തിന്റെ ചവിട്ടുനാടക പാരമ്പര്യത്തിലൂന്നി ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ രണ്ടു വിഭാഗങ്ങളിലും സംസ്ഥാന തലത്തിലേക്ക് ഇടംനേടി. സ്കൂളിലെ എച്ച്എസ് സംഘത്തിലെ 10ൽ 7 പേരും പെൺകുട്ടികളായിരുന്നു.
മത്സരാർഥി കുഴഞ്ഞ് വീണു
ചവിട്ടുനാടക മത്സരം കഴിഞ്ഞിറിങ്ങിയ മത്സരാർഥി കുഴഞ്ഞുവീണിട്ടും പ്രഥമ ശുശ്രൂഷ നൽകാൻ വൈകിയെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധം. വേദി 7ൽ എച്ച്എസ്എസ് വിഭാഗത്തിൽ ചവിട്ടുനാടകം അവതരിപ്പിച്ച് വേദി വിട്ട അങ്കമാലി ഡിപോൾ ഇഎംഎച്ച്എസ്എസ് സംഘത്തിലെ വിദ്യാർഥിനിയാണു കുഴഞ്ഞുവീണത്. പ്രഥമശുശ്രുഷ നൽകാൻ വൈകിയെന്നു ചൂണ്ടിക്കാട്ടി സഹപാഠികളും അധ്യാപകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.