മൂവാറ്റുപുഴ–എറണാകുളം ദേശസാത്കൃത റൂട്ട്: കെഎസ്ആർടിസി ബസുകൾ കുറവ്; യാത്രാ ക്ലേശം രൂക്ഷം
Mail This Article
കോലഞ്ചേരി ∙മൂവാറ്റുപുഴ – എറണാകുളം ദേശസാത്കൃത റൂട്ടിൽ യാത്രാ ക്ലേശം വർധിച്ചു. കെഎസ്ആർടിസി ബസുകൾ മാത്രം സർവീസ് നടത്തുന്ന ഈ റൂട്ടിൽ രാവിലെയും വൈകിട്ടുമാണ് യാത്രാ ക്ലേശം അനുഭവപ്പെടുന്നത്. ശബരിമല സീസൺ ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. രാവിലെ 7മുതൽ 10വരെയും വൈകിട്ട് 3മുതൽ 7വരെയും യാത്രക്കാർക്ക് പലപ്പോഴും ബസിൽ കയറിപ്പറ്റാനാകുന്നില്ല. ഇൗ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസുകളിൽ ചിലത് മറ്റിടങ്ങളിലേക്ക് മാറ്റിയതായും യാത്രക്കാർ ആരോപിക്കുന്നു.
യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പല സ്റ്റോപ്പുകളിലും ബസ് നിർത്താതെ പോകുന്നു. ലോ ഫ്ലോർ ബസുകളും കുറവാണ്. ദേശീയപാതയിൽ പലയിടത്തും കാന നിർമാണം നടക്കുന്നതിനാൽ വണ്ടികൾ സമയത്ത് എത്തുന്നില്ല. ക്രിസ്മസ് അടുക്കുന്നതോടെ യാത്രാ ക്ലേശം ഇനിയും വർധിക്കുമെന്നും യാത്രക്കാർ പറയുന്നു.