ഇതിനും പേര് റോഡെന്ന്!
Mail This Article
കാഞ്ചിയാർ ∙ നിർദിഷ്ട മലയോര ഹൈവേയെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന ലബ്ബക്കട - മണ്ണാർമറ്റം പടി - വെള്ളിലാംകണ്ടം റോഡ് ചെളിക്കുണ്ടായി. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ടാറിങ് പൊളിഞ്ഞു വലിയ കുഴികളായി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നത് പതിവാണ്. സാംസ്കാരിക നിലയത്തിനു സമീപം രൂപപ്പെട്ടിരിക്കുന്ന കുഴിയിൽ വാഹനങ്ങളുടെ അടിവശം തട്ടി കേടുപാടുകൾ സംഭവിക്കുന്നു. ഒഴുകിയെത്തിയ മണ്ണ് റോഡിൽ അടിഞ്ഞുകൂടി തിട്ടകൾ രൂപപ്പെട്ടിരിക്കുന്നതും ഭീഷണിയാണ്.
ഏതാനും വർഷം മുൻപ് ഒറ്റത്തവണ അറ്റകുറ്റപ്പണി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് റോഡ് ടാർ ചെയ്തെങ്കിലും പിന്നെയും കുഴികൾ രൂപപ്പെട്ടു. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ വന്നതോടെ കുഴികൾ വലുതായി യാത്രക്കാർക്കു ഭീഷണിയായി മാറി. 2.5 കിലോമീറ്റർ റോഡ് തകർന്നു കിടക്കുന്നതിനാൽ പ്രദേശത്തെ നൂറിലധികം കുടുംബങ്ങളുടെ യാത്ര ദുരിതത്തിലാണ്. കുഞ്ചുമല മേഖലയിലേക്കു വാഹനത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പാതയും ഈ റോഡിൽ നിന്നാണ് തിരിഞ്ഞു പോകുന്നത്.
നിർദിഷ്ട മലയോര ഹൈവേയിലൂടെ സഞ്ചരിച്ചാൽ ലബ്ബക്കടയിൽ നിന്ന് വെള്ളിലാംകണ്ടത്ത് എത്താൻ 5 കിലോമീറ്ററിലധികം സഞ്ചരിക്കണം. എന്നാൽ ഈ റോഡിലൂടെ 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളിലാംകണ്ടത്തു നിന്ന് ലബ്ബക്കടയിൽ എത്താം. അതിനാൽ ബൈക്കുകളും കാറുകളുമൊക്കെ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. പ്രധാന പാതയിൽ റോഡിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ബസുകൾ ഉൾപ്പെടെ ഇതുവഴി വഴിതിരിച്ചു വിടാറുമുണ്ട്.