റോഡിൽ മാലിന്യം തള്ളി; നാട്ടുകാരും പൊലീസും ചേർന്ന് തിരിച്ചെടുപ്പിച്ചു
Mail This Article
വണ്ണപ്പുറം ∙ ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുപവട് റോഡിൽ കമ്പക്കാനത്ത് തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു. മാലിന്യം തള്ളിയ വ്യക്തി സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നു മാലിന്യം തിരികെ കയറ്റിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ഇടവെട്ടി ഭാഗത്തിനിന്നു ലോറിയിൽ കൊണ്ടു വന്ന് ഉപേക്ഷിച്ച ആക്രി സാധനങ്ങളായിരുന്നു ഇവ.
പ്ലാസ്റ്റിക് ചാക്കുകൾ, പഴയ ബാഗ്, ചെരിപ്പ്, പ്ലാസ്റ്റിക് കുപ്പികൾ, ആസ്ബറ്റോസ് ഷീറ്റ്, കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ തുടങ്ങി പുനരുപയോഗ യോഗ്യമല്ലാത്ത വസ്തുക്കളാണ് റോഡരികിൽ തള്ളിയത്. രാവിലെ മാലിന്യം കണ്ടെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും കാളിയാർ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പെരുമ്പാവൂർ സ്വദേശി ഷെമീറാണു മാലിന്യം റോഡരികിൽ ഉപേക്ഷിച്ചു കടന്നതെന്ന് കണ്ടെത്തി.
തുടർന്ന് ഇയാളെ ബന്ധപ്പെട്ടു മാലിന്യം നീക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ഇയാളിൽ നിന്ന് മതിയായ പിഴ ഈടാക്കാനും തീരുമാനിച്ചു. വൈകുന്നേരത്തോടെ ലോറി കൊണ്ടു വന്നു മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യങ്ങൾ ലോറിയിൽ കയറ്റി. ഇതിനിടെ മാലിന്യം തള്ളലിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. മാലിന്യം തിരികെ എടുക്കാൻ എത്തിയപ്പോൾ നാട്ടുകാർ സ്ഥലത്തു സംഘടിച്ചത് ചെറിയ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.മാലിന്യം തള്ളലിൽ പൊറുതി മുട്ടിയതായി നാട്ടുകാർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജഗദമ്മ വിജയൻ, സെക്രട്ടറി സുബൈർ, അസി. സെക്രട്ടറി മല്ലിക, സിഐ ബി.പങ്കജാക്ഷൻ, പ്രിൻസിപ്പൽ എസ്ഐ കെ.എസ്. ജോബി, അഡീ. എസ്ഐ ജയിംസ്, ബിജു ജയിംസ്, എഎസ്ഐ ബിജുമോൻ, പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയാണ് പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കിയത്.