2018 ഓഗസ്റ്റ് 14, 15 തീയതികൾ പെരിയാർ തീരദേശവാസികൾക്കു നടുക്കുന്ന ഓർമയാണ്. ഓഗസ്റ്റ് 14ന് വൈകിട്ടോടെ ശക്തമായ മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഓഗസ്റ്റ് 14ന് വൈകുന്നേരം 6 മണിയോടെ ജലനിരപ്പ് 137.40 അടിയായി. ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ഉയരാതെ ക്രമീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് അനങ്ങിയില്ല. ജലനിരപ്പ് 142ൽ എത്തിക്കുകയായിരുന്നു തമിഴ്നാടിന്റെ ലക്ഷ്യം. രാത്രി 9 മണിയോടെ ജലനിരപ്പ് 139 അടി പിന്നിട്ടു.

പെരിയാർ തീരദേശവാസികൾ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ മൈക്ക് അനൗൺസ്മെന്റ് നടത്തി. ജനങ്ങൾ ഉറങ്ങാതെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് നെഞ്ചിടിപ്പോടെ നോക്കിയിരുന്നു. പാതിരാത്രി പിന്നിട്ടതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് ബോധ്യമായ തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നുതുടങ്ങി. മഴവെള്ളത്തിനൊപ്പം അണക്കെട്ടിൽ നിന്നുള്ള വെള്ളം കൂടിയെത്തിയതോടെ പെരിയാർ നദിയിലെ വെള്ളം ക്രമാതീതമായി ഉയർന്നു. വെളുപ്പിന് 4 മണിയോടെ ജലനിരപ്പ് 142 പിന്നിട്ടു. സ്പിൽവേയിലെ 13 ഷട്ടറുകളും തുറന്ന് ജലനിരപ്പ് 142ൽ നിലനിർത്താൻ തമിഴ്നാട് ഏറെ പണിപ്പെട്ടു. നീരൊഴുക്കിന് ആനുപാതികമായി ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി.

പെരിയാറിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നതോടെ വള്ളക്കടവ്, കറുപ്പുപാലം, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ തുടങ്ങി പെരിയാറിന്റെ തീരപ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. വെള്ളപ്പാച്ചിലിൽ വീടുകൾക്ക് കനത്ത നാശനഷ്ടങ്ങളുമുണ്ടായി. മ്ലാമല ശാന്തിപ്പാലത്തിന്റെ അപ്രോച്ച് റോഡുകൾ ഒലിച്ചുപോയി. ചപ്പാത്തിൽ വെള്ളം കയറിയതോടെ ഏലപ്പാറ - കട്ടപ്പന റോഡിൽ ഗതാഗതം മുടങ്ങി.

രാത്രിക്കു രാത്രി ക്യാംപിലേക്ക്

വള്ളക്കടവ് സ്വദേശിനി ജൈനമ്മ ബിനോയ് 2018ൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ വീട്ടിൽ വെള്ളം കയറിയ ഭാഗം ചൂണ്ടിക്കാണിക്കുന്നു.

36 വർഷങ്ങൾക്കു മുൻപ് വള്ളക്കടവിൽ താമസമാക്കിയതാണു മേരി ഈശുക്കുട്ടിയും കുടുംബവും. മുല്ലപ്പെരിയാറിൽനിന്നു വെള്ളം തുറന്നുവിട്ടാൽ ആദ്യം ബാധിക്കുന്ന കുടുംബങ്ങളിലൊന്നാണ് ഇവരുടെത്. 2018ൽ മുല്ലപ്പെരിയാർ ഡാം തുറന്നുവിടുമെന്ന അറിയിപ്പ് ലഭിച്ച രാത്രി ഇന്നും മനസ്സിൽ മായാതെയുണ്ട്. കിടന്നുറങ്ങാൻ പോകുന്നതിനിടെയാണു ചിലരെത്തി ക്യാംപിലേക്കു മാറാൻ പറഞ്ഞത്. മക്കളും പേരക്കുട്ടികളുമൊക്കെ വീട്ടിലുണ്ട്. രാത്രിയായതിനാൽ മാറാൻ കഴിഞ്ഞില്ല. താഴത്തെ നിലയിലെ അടുക്കള മൂടുന്നതു വരെ വെള്ളമുയർന്നു. വീടിന്റെ രണ്ടാം നിലയിലേക്കു വെള്ളമെത്താത്തതിനാൽ അന്നുരാത്രി അവിടെ കഴിച്ചുകൂട്ടി. അടുക്കളയിലെ സാധനങ്ങളും വീട്ടുപകരണങ്ങളുമൊക്കെ നശിച്ചു. ദിവസങ്ങളെടുത്താണു കിണർ ഉൾപ്പെടെ ഉപയോഗയോഗ്യമാക്കിയത്.

വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും മാറിയിട്ടില്ല

എല്ലാ മഴക്കാലത്തും നെഞ്ചിലെടുത്തു വയ്ക്കുന്ന ആധിയാണു ജൈനമ്മയ്ക്കും കുടുംബത്തിനും മുല്ലപ്പെരിയാറും പെരിയാറിലെ ജലനിരപ്പും. മഴ കനത്താൽ തന്നെ വീടിനുള്ള പെരിയാർ ഇരമ്പിയൊഴുകാൻ തുടങ്ങും. കാട്ടിനുള്ളിൽ ഉരുൾപൊട്ടിയാൽ തന്നെ വീട്ടു പറമ്പിൽ വെള്ളമെത്തും. മഴക്കാലത്തും തിരഞ്ഞെടുപ്പ് സമയത്തും ജനപ്രതിനിധികൾ ഉറപ്പുകൾ നൽകുന്നതല്ലാതെ തീരദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നാണു വള്ളക്കടവ് സ്വദേശി ജൈനമ്മ ബിനോയുടെ പക്ഷം.

വള്ളക്കടവ് സ്വദേശിനി മേരി ഈശുക്കുട്ടി 2018ൽ വെള്ളം കയറിയ വീടിന്റെ ഭാഗം ചൂണ്ടിക്കാണിക്കുന്നു.

2018ൽ വെള്ളം കയറിയപ്പോൾ കുറച്ചു വീട്ടുസാധനങ്ങൾക്കൊപ്പം വളർത്തിക്കൊണ്ടിരുന്ന കോഴികളെയും വാരിയെടുത്താണു ജൈനമ്മയും ഭർത്താവും രണ്ടു മക്കളും ക്യാംപിലേക്കു മാറിയത്. ഇത്തവണ ആട് വളർത്താൻ തുടങ്ങിയിട്ടുണ്ട്. വീണ്ടും വെള്ളം കയറിയാൽ എന്തു ചെയ്യുമെന്ന് അറിയില്ല. ആദ്യം വെള്ളമെത്തുന്ന പ്രദേശമാണിത്. വള്ളക്കടവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണു ജൈനമ്മയുടെ ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT