9 ദിവസം, ഇടുക്കി ഡാമിൽനിന്നും ഒഴുക്കിവിട്ടത് 46.296 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം
തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിൽനിന്നു വെള്ളം ഒഴുക്കിവിടാൻ തുറന്ന മൂന്നാമത്തെ ഷട്ടറും അടച്ചു. ജലനിരപ്പ് 2397.90 അടിയായി കുറഞ്ഞതോടെയാണിത്. ഈ മാസം 19നു രാവിലെ 11നാണ് ഇടുക്കി ചെറുതോണി അണക്കെട്ടിലെ 3 ഷട്ടറുകൾ തുറന്നത്. അപ്പോഴത്തെ ജലനിരപ്പ് 2398.08 അടിയായിരുന്നു. മഴ കുറഞ്ഞതോടെ 22നു 2 ഷട്ടറുകൾ അടച്ചു.
9 ദിവസം കൊണ്ട് 46.296 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഒഴുക്കിവിട്ടത്. 6.8 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണിത്. വൈദ്യുതി ബോർഡിന് 50 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കക്കി ഡാമിന്റെ ഷട്ടറുകളും ഇന്നലെ അടച്ചു.