ഇടുക്കിയിൽ പദ്ധതികൾ 'ആറാടുകയാണ്'; എന്തെങ്കിലും യാഥാർഥ്യമാകുന്നുണ്ടോ?
Mail This Article
തൊടുപുഴ ∙ കടലാസിൽ ഒതുങ്ങുന്നതല്ലാതെ ബജറ്റ് പ്രഖ്യാപനങ്ങളിൽ എന്തെങ്കിലും യാഥാർഥ്യമാകുന്നുണ്ടോ? സമീപകാലത്തെ ബജറ്റുകൾ പരിശോധിച്ചാൽ ഇല്ലെന്നു പറയേണ്ടി വരും. 2021ൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഇടുക്കിക്കു പ്രയോജനകരമാവുന്ന പദ്ധതികൾ ഒട്ടേറെയുണ്ടായിരുന്നു. മുൻ ബജറ്റുകളിലെ സ്വപ്നപദ്ധതികളിൽ പലതും ഈ ബജറ്റിൽ പരാമർശിച്ചിട്ടു പോലുമില്ല.
പലതിനും 100 രൂപ ടോക്കൺ പ്രൊവിഷനുണ്ടെന്നു മാത്രം. മൂന്നാറിലെ കെഎസ്ആർടിസി ഭൂമിയിൽ 100 കോടി രൂപ ചെലവിൽ ബജറ്റ് ഹോട്ടൽ നിർമിക്കുമെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെയായിരുന്നു ജില്ല കണ്ടത്. പക്ഷേ, പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല. മെഡിക്കൽ കോളജ് കെട്ടിടം പൂർത്തീകരിക്കുമെന്ന പ്രഖ്യാപനവും ഇഴഞ്ഞുനീങ്ങുന്നു.
പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറിനെ ചുറ്റിപ്പറ്റിയായിരുന്നു പദ്ധതികളുടെ പ്രളയം. മൂന്നാർ നഗരത്തിലെ മേൽപാലവും മൂന്നാർ മോണോറെയിൽ പദ്ധതിയും ഇപ്പോഴും കടലാസിലുറങ്ങുന്നു. തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനു വണ്ടൻമേട്ട് പ്രഫഷനൽ കോളജിനായി 100 കോടിരൂപ നീക്കിവച്ചിരുന്നു. ഈ പദ്ധതിയും നടപ്പായില്ല.
വീണ്ടും അതേ പദ്ധതി ?
തോട്ടങ്ങളിൽ ഫലവർഗ കൃഷി ആരംഭിക്കുന്ന കാര്യത്തിൽ കർഷകരെ സഹായിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്ന ബജറ്റ് നിർദേശം പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്കു മാറ്റിയതു പോലെയായി. 2021 ജൂണിൽ കെ.എൻ.ബാലഗോപാലിന്റെ ആദ്യ ബജറ്റിലും ഇതേ നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഭൂപരിഷ്കരണ നിയമ ഭേദഗതിയുൾപ്പെടെയുള്ള നടപടികൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
ഇൗ മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകൾ മുൻകയ്യെടുത്ത് വിദഗ്ധരുമായി ചേർന്നു പഠനവും ചർച്ചയും നടത്തി 6 മാസത്തിനകം നയം രൂപീകരിക്കുമെന്നും പദ്ധതി തയാറാക്കുന്നതിനായി 2 കോടി രൂപ അനുവദിച്ചെന്നും 2021ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്നു എന്തുസംഭവിച്ചുവെന്ന് ഒരു അറിവുമില്ല. ഏറ്റവുമധികം തോട്ടവിള കൃഷിയുള്ള ജില്ലയുടെ കാർഷിക ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമായേക്കാവുന്ന പദ്ധതിയായിരുന്നു ഇത്.
എയർ സ്ട്രിപ് ചരിതം, മൂന്നാം വർഷം
ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്കു സഹായകമാകുന്ന എയർസ്ട്രിപ് പദ്ധതി 2020ലെ ബജറ്റിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. ഇടുക്കി വയനാട്, കാസർകോട് ജില്ലകളിലായായിരുന്നു എയർസ്ട്രിപ് പ്രഖ്യാപനം. 2021ൽ പദ്ധതി പഠനത്തിനു 3 ജില്ലകൾക്കു 9 കോടി രൂപ അനുവദിച്ചിരുന്നു. 2022ൽ സാങ്കേതിക സാമ്പത്തിക പഠനം നടത്താൻ 3 ജില്ലകൾക്കുമായി 4.51 കോടിരൂപ വീണ്ടും അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിയിൽ നിന്നുള്ള സഹായം ലഭിക്കുമെന്നും ധനമന്ത്രി പ്രത്യാശിക്കുന്നു.