ADVERTISEMENT

തൊടുപുഴ ∙ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണു മരിച്ചത്. ഫൈസലിന്റെ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിനെയാണ് (79) അറസ്റ്റ് ചെയ്തത്.സ്വത്തിന്റെ പേരിൽ മകനുമായുണ്ടായ വഴക്കാണു കൊലപാത കാരണമെന്നും രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണു ഹമീദ് കൂട്ടക്കൊല നടത്തിയതെന്നും പൊലീസ് പറയുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രിയോടെ ഉടുമ്പന്നൂർ മുഹയുദ്ദീൻ ജുമാ മസ്ജിദിൽ കബറടക്കം നടത്തി.

ഹമീദിന്റെ പിതാവ് മക്കാർ, കൊച്ചുമകൻ ഫൈസലിന് ഇഷ്ടദാനമായി നൽകിയ സ്വത്ത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തർക്കം. ഫൈസലും കുടുംബവും കിടന്നിരുന്ന മുറി വെള്ളിയാഴ്ച അർധരാത്രിക്കു ശേഷം പുറത്തുനിന്നു പൂട്ടി ജനൽ വഴിയും മേൽക്കൂര വഴിയും പെട്രോൾ‌ ഒഴിച്ച് തീയിടുകയായിരുന്നു. വെള്ളമൊഴിച്ചു തീ കെടുത്താതിരിക്കാൻ വീട്ടിലേക്കുള്ള ശുദ്ധജല കണക്‌ഷൻ വിഛേദിച്ചിരുന്നു. കിടപ്പു മുറിക്കുള്ളിൽ തീ പടർന്നതോടെ ഫൈസലും ഭാര്യയും മക്കളും ശുചിമുറിക്കുള്ളിൽ കയറി കതകടച്ചു. 

ടാപ്പ് തുറന്നെങ്കിലും വെള്ളമില്ലായിരുന്നു. ചെറിയ കുപ്പികളിൽ പെട്രോൾ നിറച്ച് ഹമീദ് ഇവിടേക്കും എറിഞ്ഞു. തീപടർന്നതോടെ 4 പേരും ശുചിമുറിക്കുള്ളിൽത്തന്നെ പൊള്ളലേറ്റു മരിച്ചു. ഇരുകൈകളിലും മക്കളെ ചേർത്തുപിടിച്ച രീതിയിലായിരുന്നു ഫൈസലിന്റെ മൃതദേഹം. അയൽവാസികൾ ഓടിക്കൂടിയതോടെ വീടിനു പിന്നിലൂടെ ബന്ധുവീട്ടിലേക്കു പോയ ഹമീദിനെ ശനിയാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. ചീനിക്കുഴിയിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു ഫൈസൽ. മൂത്തമകൾ മെഹ്റിൻ തൊടുപുഴ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിലും ഇളയ മകൾ അസ്ന കൊടുവേലി സാൻജോസ് സിഎംഐ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിലും പഠിക്കുന്നു. മാതാവ്: പരേതയായ ഫാത്തിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com