കല്ലാർ ഡാം തുറന്നു; ഗോൾഡ് ഫിഷ്, ചേറ് മീൻ, മുഷി, തിലാപ്പിയ: നാട്ടുകാർക്ക് ചാകര
Mail This Article
നെടുങ്കണ്ടം ∙ കല്ലാർ ഡാം അറ്റകുറ്റപ്പണികൾക്കായി തുറന്നു; നാട്ടുകാർക്ക് ചാകര. വാർഷിക അറ്റകുറ്റപ്പണികൾക്കായി ഇന്നലെ രാവിലെയാണ് കല്ലാർ ഡാം തുറന്നത്. മുൻകൂട്ടി അറിയിപ്പ് ലഭിച്ചതിനാൽ മീൻ പിടിക്കുന്നതിനായി ഒട്ടേറെപ്പേരാണ് എത്തിച്ചേർന്നത്. രാവിലെ ഡാമിന്റെ ഷട്ടറുകൾ 10 സെന്റീമീറ്റർ തുറക്കുകയായിരുന്നു.
ഡാമിൽ വെള്ളം കുറവായതിനാൽ കാര്യമായ കുത്തൊഴുക്കില്ലായിരുന്നു. ഘട്ടം ഘട്ടമായി ഷട്ടറുകൾ പൂർണമായി ഉയർത്തി. ഡാമിലെ വെള്ളം തുറന്നുവിടുന്നതിനു മുൻപു തന്നെ പ്രദേശവാസികൾ വലയും ചാക്കും പാത്രങ്ങളുമായി മീൻ പിടിക്കുന്നതിന് എത്തിച്ചേർന്നു. ഡാമിലെ ജലനിരപ്പ് താഴ്ന്നതനുസരിച്ച് ഒട്ടേറെപ്പേരാണ് ഡാമിൽ ഇറങ്ങി മീൻ പിടിച്ചത്.
ഗോൾഡ് ഫിഷ്, ചേറ് മീൻ, മുഷി, തിലാപ്പിയ തുടങ്ങി പല ഇനങ്ങളിൽ പെട്ട മീനുകളെ ഇവർക്കു ലഭിച്ചു. ചേറിലും കാടുപടലങ്ങൾക്കിടയിലും ചേർന്നിരുന്നവയെ വാക്കത്തി ഉപയോഗിച്ചും കൈകൊണ്ടും പിടിക്കുകയായിരുന്നു. ചെറുമീനുകളെയും ധാരാളമായി ലഭിച്ചു. ചെറുമത്സ്യങ്ങൾ കൂടുതലായും വലകളിലാണ് കുടുങ്ങിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മീൻപിടിത്തക്കാരുടെ എണ്ണവും കൂടിയിരുന്നു.
മഴക്കാലമെത്തുന്നതിനു മുന്നോടിയായി ഷട്ടറുകളുടെ യന്ത്രഭാഗങ്ങളിൽ ഗ്രീസിടുന്ന ജോലികളാണ് നടന്നത്. ഗ്രീസിട്ട ശേഷം ഷട്ടർ അടയ്ക്കും. പരിശോധനയിൽ ഷട്ടറുകൾക്കു തകരാറൊന്നും കണ്ടെത്താനായിട്ടില്ല. ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കാൻ കെട്ടിക്കിടക്കുന്ന മണ്ണ് നീക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഡാം സേഫ്റ്റി വിഭാഗം ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷവും സംഭരണശേഷി ഉയർത്താൻ കുറച്ചു ഭാഗത്തെ മണ്ണ് നീക്കം ചെയ്തിരുന്നു.