ADVERTISEMENT

രാജകുമാരി∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം ഗ്യാപ് റോഡിൽ സ്ഥിരമായി മലയിടിച്ചിൽ ഉണ്ടാകുന്ന ഭാഗത്ത് മുളയും ഇൗറ്റയും നട്ടുവളർത്താൻ വനംവകുപ്പിന്റെ കർമപദ്ധതി. മുളയും ഇൗറ്റയും വളർന്നാൽ മണ്ണിടിച്ചിൽ ഭീഷണി ഒഴിവാകുമെന്നാണു വനംവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഗ്യാപ് റോഡിൽ സന്ദർശനം നടത്തിയ നിയമസഭ പരിസ്ഥിതി സമിതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ വനം വകുപ്പിനും ദേശീയപാത വിഭാഗത്തിനും നിർദേശം നൽകി.

പരിസ്ഥിതി പ്രവർത്തകനായ കെ.ബുൾബേന്ദ്രൻ ആണ് നിയമസഭ പരിസ്ഥിതി സമിതിക്കു മുൻപാകെ ഇൗ ആശയം സമർപ്പിച്ചത്. ഗ്യാപ് റോഡിലെ അശാസ്ത്രീയമായ പാറ പാെട്ടിക്കലുമായി ബന്ധപ്പെട്ട് ബുൾബേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമസഭ പരിസ്ഥിതി സമിതി കഴിഞ്ഞ ദിവസം ഗ്യാപ് റോഡിൽ സന്ദർശനം നടത്തിയത്.

മണ്ണിനടിയിൽ 5 അടി വരെ ആഴത്തിൽ വേരുകളൂന്നി വളരുന്ന മുളയും ഇൗറ്റയും മണ്ണിടിച്ചിൽ സാധ്യത ഇല്ലാതാക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. നിയമസഭ പരിസ്ഥിതി സമിതിയുടെ ചെയർമാൻ ഇ.കെ.വിജയൻ എംഎൽഎ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗ്യാപ് റോഡിനു മുകൾ ഭാഗത്തുള്ള സ്ഥലത്ത് മുളയും ഇൗറ്റയും നട്ടു വളർത്തുന്നത് കാട്ടാനകൾ ആകർഷിക്കപ്പെടാൻ കാരണമാകുമെന്നും അതിനാൽ മണ്ണാെലിപ്പ് ഒഴിവാക്കാൻ ഇവിടെ രാമച്ചം നട്ടു പിടിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ദേശീയപാത നിർമാണം ആരംഭിച്ചതിന് ശേഷം ഒരു ഡസനോളം ചെറുതും വലുതുമായ മലയിടിച്ചിലുകളാണ് ഗ്യാപ് റോഡിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്. അശാത്രീയ പാറപാെട്ടിക്കലാണ് മലയിടിച്ചിലിനു കാരണമെന്ന് റവന്യു വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തുടർനടപടികൾ വൈകുകയാണ്.

English Summary:

Landslide threat; Project to plant bamboo and yutta on Devikulam Gap Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com