മൂന്നാറിൽ തിരക്കും കുരുക്കും, ചില്ലുപാലത്തിന്റെ ‘ഗമ’യിൽ വാഗമൺ; എങ്ങും സഞ്ചാരികളുടെ പ്രവാഹം
Mail This Article
ഞായറും പൂജാ അവധിയും ഒരുമിച്ചെത്തിയതോടെ അവധിക്കാല മൂഡിലാണ് ഇടുക്കി. മൂന്നു ദിവസം ആഘോഷമാക്കുകയാണ് ജനങ്ങൾ. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും അതൊന്നും ബാധിച്ചിട്ടില്ലെന്നാണ് പല ടൂറിസം കേന്ദ്രങ്ങളിലെയും ജനപ്രവാഹം സൂചിപ്പിക്കുന്നത്.
മൂന്നാറിൽ തിരക്കും കുരുക്കും
പൂജാ അവധി ആഘോഷങ്ങൾക്കായി മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. കഴിഞ്ഞ രണ്ടു ദിവസമായി സഞ്ചാരികളുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് പതിവായി. മലയാളികളും കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് സഞ്ചാരികളിൽ അധികവും. സഞ്ചാരികളുടെ തിരക്ക് മൂലം ടൗൺ, ഫ്ലവർ ഗാർഡൻ, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല അഞ്ചാംമൈൽ എന്നിവിടങ്ങളിലും രണ്ടു ദിവസമായി ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പൂജാ അവധിയോടനുബന്ധിച്ച് ബുധനാഴ്ച വരെ മൂന്നാറിലെ മുറികളെല്ലാം സന്ദർശകർ മുൻകൂറായി ബുക്ക് ചെയ്തു കഴിഞ്ഞു.
തിരക്കിലമർന്ന് തേക്കടി
അവധി ആഘോഷത്തിനായി സഞ്ചാരികൾ എത്തിയതോടെ തേക്കടിയിലും വൻ തിരക്ക്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരും അയ്യപ്പഭക്തരും തേക്കടിയിൽ എത്തുന്നവരുമെല്ലാം സംഗമിക്കുന്ന കുമളിയിൽ ശനിയാഴ്ച വൈകിട്ട് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ടും സ്ഥിതി വിഭിന്നമായിരുന്നില്ല. ഉത്തരേന്ത്യക്കാരായ സഞ്ചാരികളും വലിയ തോതിൽ എത്തുന്ന സമയമാണിത്.
റിസോർട്ടുകളും ചെറുകിട ടൂറിസ്റ്റ് ഹോമുകളും ഹോം സ്‌റ്റേകളുമെല്ലാം ഒരാഴ്ചത്തേക്ക് സഞ്ചാരികളുടെ തിരക്കിലാണ്. തേക്കടിയിലെ പ്രധാന വിനോദ ഉപാധിയായ തടാകത്തിലെ ബോട്ടിങ് പലർക്കും ലഭിക്കില്ല. ഒരുമാസം മുൻപു തന്നെ ഓൺലൈൻ ബുക്കിങ് പൂർത്തിയായിരുന്നു. ഓഫ് ലൈനിൽ കുറച്ചു പേർക്ക് മാത്രമായിരിക്കും ടിക്കറ്റ് ലഭിക്കുക. ജീപ്പ് സവാരി, പ്ലാന്റേഷൻ വിസിറ്റ്, കഥകളി, കളരിപ്പയറ്റ് തുടങ്ങി മറ്റു വിനോദ പരിപാടികൾക്കും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഹോട്ടലുകൾക്കു പുറമേയുള്ള വ്യാപാര സ്ഥാപനങ്ങളിലും മികച്ച വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്.
ചില്ലുപാലത്തിന്റെ ‘ഗമ’യിൽ വാഗമൺ
വാഗമൺ, പരുന്തുംപാറ, കുട്ടിക്കാനം, പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വാഗമൺ ഗ്ലാസ് ബ്രിജും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. ശനിയാഴ്ച മുതൽ തിരക്ക് ആരംഭിച്ചിരുന്നു. മുറികൾ തേടി സഞ്ചാരികൾ പരക്കം പായുകയാണ്. വാഗമണ്ണിൽ ദിവസങ്ങൾക്ക് മുൻപു തന്നെ ബുക്കിങ് പൂർത്തിയായിരുന്നു. എല്ലാ കേന്ദ്രങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
മഴയിൽ മങ്ങാതെ മലങ്കരയുടെ മനോഹാരിത
മലങ്കര ടൂറിസം ഹബ്ബിൽ സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മഴ മാറിനിന്നതോടെ ഒട്ടേറെ ആളുകളാണ് ഇന്നലെ ടൂറിസം ഹബ്ബിൽ എത്തിയത്. വൈകിട്ടോടെ മഴ ശക്തമായെങ്കിലും ആളുകൾ മഴയെ അവഗണിച്ച് ഇവിടെ തുടർന്നു. തടാകത്തിന്റെ സായാഹ്ന കാഴ്ചകൾ മനം മയക്കുന്നതാണ്. തടാകത്തെ ചുറ്റി നിൽക്കുന്ന മലനിരകളും സായാഹ്ന നടത്തത്തിന് അനുയോജ്യമായ നടപ്പാതകളും കുട്ടികളുടെ പാർക്കുമെല്ലാം ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.
ബെസ്റ്റ് ടൂറിസം വില്ലേജിലേക്ക് ജനപ്രവാഹം
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മറയൂർ, കാന്തല്ലൂർ മേഖലയിൽ പൂജാ അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒട്ടേറെ സഞ്ചാരികളാണ് എത്തിയിട്ടുള്ളത്. പല റിസോർട്ടുകളിലും ഹോം സ്റ്റേകളിലും മുറി കിട്ടാനില്ലാത്ത സ്ഥിതിയാണ്. മറയൂർ ശർക്കര, ചന്ദനക്കാട്, ചിന്നാർ വന്യജീവി സങ്കേതം, പാമ്പാർ, ഇരച്ചിൽപാറ വെള്ളച്ചാട്ടം,
കച്ചാരം വെള്ളച്ചാട്ടം, ആനക്കോട്ട പാർക്ക്, ഭ്രമരം വ്യൂ പോയിന്റ്, പഴം പച്ചക്കറി തോട്ടം, തേൻപാറ എന്നിവയാണ് പ്രധാന ആകർഷണം. ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ് സ്വന്തമാക്കിയതോടെ കാന്തല്ലൂരിലേക്ക് വിനോദസഞ്ചാരികൾ കൂടുതലായി എത്തിച്ചേരുന്നുണ്ട്.