ADVERTISEMENT

അടിമാലി ∙ നേര്യമംഗലം വനമേഖലയുടെ ഭാഗമായി ആവറുകുട്ടി–കുറത്തിക്കുടി റോഡിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരികളുടെ പേരിൽ വനപാലകർ കേസെടുത്ത സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുള്ളതായി പരാതി. കുന്നത്തുനാട് രായമംഗലത്തു നിന്ന് എത്തിയ 6 അംഗ യുവാക്കളുടെ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വളർത്തു നായയുടെ പേരിലാണ് ഇവർക്കെതിരെ വനപാലകർ കേസ് റജിസ്റ്റർ ചെയ്തത്. മാമലക്കണ്ടത്തിനു സമീപമുള്ള എളംബ്ലാശേരിയിൽ വനംവകുപ്പിന്റെ ചെക് പോസ്റ്റുണ്ട്. ഇവിടെ വാഹനത്തിന്റെ നമ്പർ, യാത്രക്കാരുടെ എണ്ണം, യാത്രയുടെ ലക്ഷ്യം ഇവ സംബന്ധിച്ചുള്ള വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർക്കൊപ്പം 8 മാസത്തിൽ താഴെ പ്രായമുള്ള വളർത്തുനായ ഉണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ, പ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഇതുവഴിയുള്ള യാത്രയ്ക്ക് ഇവർ തയാറായത്. 

ഇതോടൊപ്പം ഇവർക്ക് പിന്നാലെ ഇതുവഴി വന്ന വടവുകോട് സ്വദേശികളായ 4 അംഗ സംഘത്തെയും ഉൾപ്പെടുത്തിയാണ് ബുധനാഴ്ച വൈകിട്ട് 3 മണിയോടെ മൃഗവേട്ടയ്ക്ക് എത്തിയ 10 അംഗ സംഘം എന്ന പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസ് റജിസ്റ്റർ ചെയ്തത്. 2 സംഘങ്ങളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ പരിശോധിച്ചെങ്കിലും ആയുധങ്ങളോ വേട്ടയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികളോ കണ്ടെത്താനായില്ല. എന്നിട്ടും ഒരു രാത്രി മുഴുവൻ ആറാംമൈൽ ഫോറസ്റ്റ് ഓഫിസിൽ പാർപ്പിച്ച ശേഷമാണ് പിറ്റേന്ന് വൈകിട്ട് 5 മണിയോടെ അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഇതിനു പിന്നിൽ നടന്നിട്ടുള്ള ഗൂഢാലോചന സംബന്ധിച്ച് വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തണമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.അൻസാരി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com