നടുക്കുന്ന ഓർമയ്ക്ക് അരനൂറ്റാണ്ട്; 36 പേരുടെ ജീവനെടുത്ത കരടിപ്പാറ ബസ്സപകടം നടന്നിട്ട് 50 വർഷം
മൂന്നാർ ∙ 36 പേരുടെ ജീവനെടുത്ത് കേരളത്തെ നടുക്കിയ കരടിപ്പാറ ബസ്സപകടം നടന്നിട്ട് ഇന്നു അരനൂറ്റാണ്ട്. 1974 ഏപ്രിൽ 29ന് രാവിലെ 9.30നാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കരടിപ്പാറയിൽ കെഎസ്ആർടിസി ബസ് 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 10 സ്ത്രീകളടക്കം 33 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൂന്നാർ ∙ 36 പേരുടെ ജീവനെടുത്ത് കേരളത്തെ നടുക്കിയ കരടിപ്പാറ ബസ്സപകടം നടന്നിട്ട് ഇന്നു അരനൂറ്റാണ്ട്. 1974 ഏപ്രിൽ 29ന് രാവിലെ 9.30നാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കരടിപ്പാറയിൽ കെഎസ്ആർടിസി ബസ് 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 10 സ്ത്രീകളടക്കം 33 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൂന്നാർ ∙ 36 പേരുടെ ജീവനെടുത്ത് കേരളത്തെ നടുക്കിയ കരടിപ്പാറ ബസ്സപകടം നടന്നിട്ട് ഇന്നു അരനൂറ്റാണ്ട്. 1974 ഏപ്രിൽ 29ന് രാവിലെ 9.30നാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കരടിപ്പാറയിൽ കെഎസ്ആർടിസി ബസ് 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 10 സ്ത്രീകളടക്കം 33 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൂന്നാർ ∙ 36 പേരുടെ ജീവനെടുത്ത് കേരളത്തെ നടുക്കിയ കരടിപ്പാറ ബസ്സപകടം നടന്നിട്ട് ഇന്നു അരനൂറ്റാണ്ട്. 1974 ഏപ്രിൽ 29ന് രാവിലെ 9.30നാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കരടിപ്പാറയിൽ കെഎസ്ആർടിസി ബസ് 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 10 സ്ത്രീകളടക്കം 33 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. 24 പേർക്ക് പരുക്കേറ്റു. ചികിത്സയ്ക്കിക്കിടെ പിന്നീട് 3 പേർ കൂടി മരിച്ചു.
രാവിലെ 9 ന് മൂന്നാറിൽ നിന്ന് എറണാകുളത്തിന് പോയ ബസാണ് അപകടത്തിൽ പെട്ടത്. നിറയെ യാത്രക്കാരുമായി വന്ന ബസ് രണ്ടാംമൈൽ കഴിഞ്ഞുള്ള കരടിപ്പാറയിലെ വളവിൽ എതിരെവന്ന പാഴ്സൽ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. പാറക്കെട്ടിൽ ചെന്നിടിച്ച ബസ് പല തവണ മലക്കം മറിഞ്ഞു. യാത്രക്കാരിൽ പലരും ബസിൽ നിന്നും തെറിച്ച് പാറകളിൽ വീണു മരിക്കുകയായിരുന്നു.
നടുക്കുന്ന ഓർമകളുമായി ഡ്രൈവർ ദാമോദരൻ
∙ നടുക്കം വിട്ടുമാറാത്ത ഓർമകളുമായി ഡ്രൈവർ തലയോലപ്പറമ്പ് കരീത്തറയിൽ ദാമോദരൻ (79) ജീവിക്കുന്നു.ദാമോദരന് അന്നു പ്രായം 29. 21–ാം വയസ്സിൽ സ്വകാര്യ ബസിൽ ഡ്രൈവറായി ജോലി തുടങ്ങി. വൈക്കം – കോട്ടയം, പാലാംകടവ് – വെച്ചൂർ, ടിവിപുരം – കല്ലറ തുടങ്ങിയ റൂട്ടിലായിരുന്നു സർവീസ് . 1974 ഏപ്രിൽ ആദ്യം കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ ജോലി ലഭിച്ചു. എറണാകുളം–ദേവീകുളം ഫാസ്റ്റ് പാസഞ്ചറാണ് ഓടിച്ചിരുന്നത്.
അപകട ദിവസം രാവിലെ 7.30ന് നിറയെ യാത്രക്കാരുമായി മൂന്നാറിൽനിന്ന് പുറപ്പെട്ട ബസ് പള്ളിവാസൽ പവർഹൗസിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ കരടിപ്പാറ വളവിൽ എതിരെവന്ന പാഴ്സൽ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് 2000 അടി താഴ്ചയുള്ള ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ബസ് മറിയുന്നതിനിടെ സ്റ്റീയറിങ് വളഞ്ഞ് വയറിനോടു ചേർന്നു. സീറ്റിനും സ്റ്റിയറിങ്ങിനും ഇടയിൽ അനങ്ങാൻ പറ്റാത്ത വിധത്തിൽ കുരുങ്ങിയത് ജീവന് രക്ഷയായതായി ദാമോദരൻ പറഞ്ഞു.
അത്ഭുതകരമായി രക്ഷപെട്ട് വർഗീസ്
∙ 50 വർഷം മുൻപ് നടന്ന സംഭവം ഇന്നലെയെന്ന പോലെ ഓർത്തു പറയുകയാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട തോക്കുപാറ പുളിക്കൽ പി.ആർ.വർഗീസ് (67). തോക്കുപാറയിലെ വീട്ടിൽ നിന്നും പാല് കല്ലാറിൽ കൊണ്ടുപോയി നൽകാൻ എല്ലാ ദിവസവും ബസിലാണു പോകുക. അപകടമുണ്ടായ ദിവസം പതിവു സമയത്ത് പോകാതെയിരുന്ന തന്നെ പിതാവ് വഴക്കു പറഞ്ഞ് പാലുമായി പറഞ്ഞു വിട്ടു. സമയം തെറ്റിയതു കൊണ്ട് ജാനകി എസ്റ്റേറ്റ് (ഏലത്തോട്ടം) വഴി ഓടി രണ്ടാം മൈലിലെത്തി.
ഏറെനേരം കാത്തിരുന്ന ശേഷമാണ് കെഎസ്ആർടിസി ബസ് കിട്ടിയത്.17 കാരനായ തനിക്ക് വടശേരിക്കര സ്വദേശിയായ കണ്ടക്ടർ വി.എസ്.സാമുവേൽ (അപകടത്തിൽ മരിച്ച ഇയാളുടെ പേരുവിവരം പിന്നീട് പത്രത്തിൽ കണ്ടാണ് മനസ്സിലായത്) ഇരിക്കാൻ സീറ്റ് സംഘടിപ്പിച്ചു നൽകി. ബസിൽ കയറി 10 മിനിറ്റിനു ശേഷം കരടിപ്പാറയിലെ വളവിലെത്തിയപ്പോൾ വലിയൊരു ചരക്കു ലോറി കയറ്റം കയറി വരുന്നതു കണ്ടു. ഉടൻ ഡ്രൈവർ ബസ് തിരിച്ചെങ്കിലും നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പലരും ബസിൽ നിന്നും തെറിച്ച് പുറത്തേക്ക് വീണു.
കമ്പികൾക്കിടയിൽ കുടുങ്ങിക്കിടന്ന തനിക്ക് പിന്നീട് ആശുപത്രിയിൽ വച്ചാണ് ബോധം വീണത്. ഇടതുകൈ ഒടിഞ്ഞു തൂങ്ങി, കമ്പി ശരീരത്ത് തുളഞ്ഞു കയറി, ശരീരം മുഴുവൻ ചതവുമായി 3 ദിവസം ടാറ്റാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. . അപകടത്തിൽ നഷ്ട പരിഹാരമായി വർഷങ്ങൾക്കു ശേഷം സർക്കാർ വക 1200 രൂപ ലഭിച്ചതായും വർഗീസ് പറഞ്ഞു.
മരിച്ചവരിൽ നാലംഗ കുടുംബവും
മൂന്നാറിലെ ഒരു കുടുംബത്തിലെ 4 പേരാണ് അപകടത്തിൽ മരിച്ചത്. വൈദ്യരമ്മ എന്നറിയപ്പെട്ടിരുന്ന കളരിക്കൽ മേരി ആന്റണി, മകൾ റാണി ജോസി, റാണിയുടെ ഭർത്താവ് ജോസി, ബന്ധു ലിസ മോൾ എന്നിവരാണ് മരിച്ചത്. മൂന്നാറിൽ ഇവരുടെ കുടുംബം മരുന്നു കട നടത്തിയിരുന്നു. കല്ലാറിലെ ഏലത്തോട്ടത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇവർക്കൊപ്പമുണ്ടായിരുന്ന ലിസയുടെ സഹോദരി ലിൻഡ എന്ന ഒരു വയസ്സുകാരി അപകടത്തിൽ നിസ്സാര പരുക്കുകളോട രക്ഷപ്പെട്ടിരുന്നു.
ടൗണിലെ ബ്രദേഴ്സ് ഹോട്ടൽ ഉടമയായിരുന്ന പി.വി.മാത്യുവും അപകടത്തിൽ മരിച്ചിരുന്നു. ഇടുക്കി സന്ദർശനത്തിനെത്തിയ അന്നത്തെ ഗവർണർ എൻ.എൻ.വാഞ്ചു, കലക്ടർ ബാബു പോൾ, ജില്ല പൊലീസ് മേധാവി കെ.വി.ഉമ്മൻ എന്നിവർ അന്ന് സംഭവസ്ഥലം സന്ദർശിച്ചു.
സംഭവസ്ഥലം അന്നും ഇന്നും
വൻ പാറകൾ നിറഞ്ഞ കൊടുംവളവായിരുന്നു കരടിപ്പാറ. കാടുമൂടിക്കിടന്ന ഈ പ്രദേശത്ത് അന്നത്തെ കാലത്ത് എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ലായിരുന്നു. അപകടശേഷം പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ കരടിപ്പാറ മൂന്നാർ സന്ദർശനത്തിനെത്തുന്നവരുടെ പ്രധാന വ്യൂപോയിന്റായി മാറിയിരിക്കുകയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വളവുകൾ വീതികൂട്ടി, പാതയോരത്ത് സംരക്ഷണഭിത്തി നിർമിച്ച് അതിനുമുകളിൽ സുരക്ഷാ വലകൾ സ്ഥാപിച്ച നിലയിലാണിപ്പോൾ.സമീപത്തായി പള്ളിവാസൽ പഞ്ചായത്ത് നിർമിച്ച ട്രെയിൻ എൻജിൻ മാതൃകയിലുള്ള ടേക്ക് എ ബ്രേക്ക് പ്രവർത്തിച്ചുവരുന്നു.