500 രൂപയ്ക്കു താഴെയുള്ള മുദ്രപ്പത്രങ്ങൾ കിട്ടാനില്ല
Mail This Article
കട്ടപ്പന ∙ നഗരത്തിലും സമീപ മേഖലകളിലും 500 രൂപയ്ക്കു താഴെയുള്ള മുദ്രപ്പത്രങ്ങൾ കിട്ടാനില്ലെന്ന് പരാതി. 50, 100, 200 വിലയുള്ള പത്രങ്ങൾക്കാണ് ക്ഷാമം. ഇതുമൂലം 50 രൂപയുടെ മുദ്രപ്പത്രം ആവശ്യമുള്ളവരും 500 രൂപയുടെ പത്രം വാങ്ങാൻ നിർബന്ധിതരാകുന്നു.
തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാംപ് ഡിപ്പോയിൽനിന്ന് നെടുങ്കണ്ടത്തു പ്രവർത്തിക്കുന്ന ജില്ലാ സ്റ്റാംപ് ഡിപ്പോയിൽ എത്തിക്കുന്ന മുദ്രപ്പത്രങ്ങൾ ട്രഷറികൾ വഴി വെണ്ടർമാർക്ക് വിതരണം ചെയ്താണ് ഇടപാടുകാരുടെ കൈവശമെത്തിക്കുന്നത്.
ജില്ലയുടെ മറ്റു പ്രദേശങ്ങളിൽ ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും കട്ടപ്പന മേഖലയിൽ മാത്രം കിട്ടാത്ത സ്ഥിതിയാണെന്നാണ് ആരോപണം. ഒരു മാസത്തോളമായി ചെറിയ ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം നേരിടുകയാണ്.
ജനന-മരണ സർട്ടിഫിക്കറ്റുകൾ, വിവിധ കരാറുകൾ, വാടക ഉടമ്പടികൾ, ബാങ്കുകളിലെ വായ്പ ഉടമ്പടികൾ, നോട്ടറി അഫിഡവിറ്റ് തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ചെറിയ തുകയുടെ മുദ്രപ്പത്രം ആവശ്യമാണ്. എന്നാൽ ആവശ്യത്തിനുള്ള മുദ്രപ്പത്രം കിട്ടാനില്ലാത്തതിനാൽ കൂടിയ വിലയുടെ മുദ്രപ്പത്രം വാങ്ങാൻ ജനം നിർബന്ധിതരാകുകയാണ്. ഇത് സാധാരണക്കാർക്ക് സാമ്പത്തിക നഷ്ടം വരുത്തുന്നു.
പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ബെന്നി കല്ലൂപുരയിടം, സെക്രട്ടറി കെ.എ.അജിത്ത് എന്നിവർ ആവശ്യപ്പെട്ടു.