കനത്ത മഴ; കാളിയാർ- കോയപ്പടി റോഡിലെ കലുങ്കിന്റെ കെട്ട് ഇടിഞ്ഞു
Mail This Article
വണ്ണപ്പുറം ∙ കാളിയാർ- കോയപ്പടി റോഡിലെ കലുങ്കിന്റെ കെട്ട് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. കലുങ്ക് കവിഞ്ഞ് വെള്ളം പലതവണ ഒഴുകി. ഇന്നലെ രാവിലെയാണ് കലുങ്ക് അപകടസ്ഥിതിയാലാണെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. 1982ലാണ് കലുങ്ക് പണിതത്. 2016ലെ പ്രളയകാലത്ത് കലുങ്കിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു.
കലുങ്കിനു ബലക്ഷയം ഉണ്ടായതോടെ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം പൂർണമായും നിരോധിച്ചു. കാളിയാറിൽ നിന്നു കോയപ്പടി വഴി സെന്റ് മേരീസ് എൽപി സ്‌കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും മുള്ളൻകുത്തി, തെന്നത്തൂർ ഭാഗത്തേക്കും യാത്ര ചെയ്യാനുള്ള എളുപ്പവഴിയാണ് ഇത്. കലുങ്കു തകർന്നതോടെ വാഹനങ്ങൾ കാളിയാർ പള്ളിക്കവല വഴി തിരിച്ചു വിട്ടിരിക്കുകയാണ്.
പ്രശ്നത്തിൽ വാർഡ് അംഗം ദിവ്യ അനീഷ് ഇടപെടുകയും പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തിര യോഗം ചേരുകയും ചെയ്തു. തുടർന്ന് വണ്ണപ്പുറം എഇയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പാലം പുനർ നിർമിക്കുന്നതിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് എംപി, എംഎൽഎ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും തുക അനുവദിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.